പണപ്പെരുപ്പം: പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക്

Posted on: May 24, 2014 10:27 pm | Last updated: May 24, 2014 at 10:27 pm

gulfദുബൈ: ദുബൈയില്‍ പണപ്പെരുപ്പം അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ അനുപാതത്തിലെത്തിയെന്ന് ദുബൈ സ്റ്റാറ്റിസ്റ്റിക് സെന്ററിന്റെ കണക്കെടുപ്പ് വ്യക്തമാക്കുന്നു. അവശ്യ സാധനങ്ങളുടെ വിലനിലവാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം വര്‍ധിച്ചു. ഭവന നടത്തിപ്പ് ആണ് ജനങ്ങളെ ഏറെ വലക്കുന്നത്. വരുമാനത്തിന്റെ 40 ശതമാനം ഇതിന് നീക്കിവെക്കേണ്ടി വരുന്നു. ഈ സൂചന അടുത്തവര്‍ഷവും തുടരുമെന്നാണ് ഭയപ്പെടുന്നതെന്ന് എച്ച് എസ് ബി സി മിഡിലീസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക മുഖ്യ സാമ്പത്തിക വിദഗ്ധന്‍ സൈമണ്‍ വില്യംസ് പറഞ്ഞു. തൊഴിലാളികളുടെ സാന്നിധ്യമാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്തിയിരുന്നത്. എന്നാല്‍, വിലക്കയറ്റം എല്ലാ സീമകളും അതിലംഘിച്ചിട്ടുണ്ട്. അതേസമയം സാധാരണക്കാരുടെ വരുമാനം വര്‍ധിച്ചിട്ടില്ല. അത് കൊണ്ടുതന്നെ, നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ജൂണില്‍ സ്‌കൂളുകള്‍ വേനലവധിക്ക് പൂട്ടുന്നതോടെ കുറേപേര്‍ കൂടി സ്ഥിരതാമസത്തിന് നാട്ടിലേക്ക് മടങ്ങും.

ഈ വര്‍ഷം അവസാനം വരെ പണപ്പെരുപ്പം നിയന്ത്രണ വിധേയമായിരുന്നു. 2009നും 2013നും ഇടയില്‍ സ്വാഭാവികചലനങ്ങള്‍ മാത്രമെ കമ്പോളത്തില്‍ ദൃശ്യമായുള്ളു. 2014 തുടങ്ങിയതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ആരോഗ്യം, ഗതാഗതം ആതിഥേയത്വം എന്നീ മേഖലകളില്‍ ചെലവു വര്‍ധിച്ചു. അടിസ്ഥാന ആവശ്യമായ ഭക്ഷ്യ മേഖലയില്‍ സൂചിക 11 ശതമാനം വര്‍ധിച്ചു.

വാടക വര്‍ധനവ് തുടര്‍ന്നാല്‍ ദുബൈക്ക് പ്രത്യാഘാതമാകുമെന്ന് ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഹമദ് ബുആമിന്‍ വിലയിരുത്തുന്നു. പല പ്രവാസി കുടുംബങ്ങളും നാട്ടിലേക്ക് പറിച്ചുനടപ്പെടുന്നത് കമ്പോളത്തിലെ പണലഭ്യതയെ ബാധിക്കും. വാടക വര്‍ധന തടഞ്ഞുനിര്‍ത്താന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നാണ് വാദം.

ഷാര്‍ജയില്‍ മൂന്നു മാസത്തിനിടയില്‍ വാടക 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങളില്‍ നിന്ന് പോലും വാടകക്കാരെ ഒഴിപ്പിച്ചു. അറ്റകുറ്റപ്പണി നടത്തിയശേഷം ഒഴിച്ചിട്ടിരിക്കുകയാണ്. ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ന് മുന്നോടിയായി ധാരാളം വിദേശികള്‍ എത്തുമെന്ന നിഗമനത്തിലാണിത്. എന്നാല്‍, പ്രവാസി കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുന്നത്, കമ്പോളത്തെ ബാധിക്കുമെന്നാണ് പറയുന്നത്. അത് കൊണ്ടുതന്നെ വാടക വര്‍ധനവ് അധികകാലം നീണ്ടുനില്‍ക്കില്ലെന്നാണ് പ്രതീക്ഷ.