അതിര്‍ത്തിയില്‍ കുരുങ്ങി ആയിരത്തിലധികം ലോറികള്‍

Posted on: May 24, 2014 1:40 pm | Last updated: May 24, 2014 at 1:40 pm

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റിലെ നടപടികള്‍ ഒച്ചിഴയും വേഗത്തിലായതോടെ ആയിരത്തിലധികം ലോറികള്‍ കേരള അതിര്‍ത്തിയില്‍ കാത്തുകിടക്കുന്നു. രണ്ട് ദിവസം വരെ കാത്തിരിക്കേണ്ടിവരുന്നുവെന്നാണ് ഡ്രൈവര്‍മാരുടെ പരാതി.
എന്നാല്‍ അടുത്ത ദിവസം തന്നെ കൂടുതല്‍ ജീവനക്കാരെത്തുമെന്നും പരിഹാരം ഉണ്ടാകുമെന്നും അധികൃതര്‍ പറയുന്നു.—ആര്‍ ടി ഒ, എക്‌സൈസ്, ചെക്‌പോസ്റ്റുകള്‍ കടന്ന് വാണിജ്യ നികുതി വിഭാഗത്തിലെത്തുന്ന ലോറികളാണ് നികുതി അടക്കാന്‍ കാത്തുകിടക്കേണ്ടിവരുന്നത്.
ദിവസേന 2200 ലോറികളുടെ നികുതി സ്വീകരിക്കണം. ഇന്‍സ്‌പെക്ടര്‍മാരെ കൂടാതെ വാണിജ്യ നികുതി വിഭാഗത്തിലുളളത് ആകെ 15 ക്ലര്‍ക്കുമാരാണ്.
കഴിഞ്ഞ ദിവസം മന്ത്രി കെഎം മാണിയുടെ ചെക്‌പോസ്റ്റ് സന്ദര്‍ശനത്തിനുശേഷം 28 ജീവനക്കാരെ വര്‍ക്കിംഗ് അറേഞ്ച് മെന്റിന്റെ പേരില്‍ നിയമിച്ചെങ്കിലും 16 പേര്‍ ഇന്നലെവരെ ചുമതല ഏറ്റെടുത്തിട്ടില്ല.
ഇതോടെ ചെക്‌പോസ്റ്റില്‍ വാഹനത്തിരക്കേറി. കാത്തുകിടക്കുന്ന ചരക്കുലോറികളുടെ നിര മൂന്ന് കിലോമീറ്റര്‍ അകലെ തമിഴ്‌നാട് വരെ നീളുകയാണ്.—14 കൗണ്ടറുകളില്‍ 11 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. മംഗലാപുരം ഉള്‍പ്പെടെയുളള ചെക്‌പോസ്റ്റുകളില്‍ ഈ കാലതാമസം ഉണ്ടാകാറില്ല. അതേസമയം കൂടുതല്‍ ജീവനക്കാരെത്തിയാല്‍ രണ്ട് ദിവസത്തിനുളളില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.