Connect with us

Palakkad

ആഡംബര കാറില്‍ കടത്തിയ 560 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു

Published

|

Last Updated

ചിറ്റൂര്‍: കള്ളില്‍ കലര്‍ത്താനായി ആഡംബര കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 560 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം കള്ള് വിതരണം നടത്തുന്ന ചിറ്റൂരിലെ കള്ളില്‍ കലര്‍ത്താനായി പെരുമ്പാവൂരില്‍ നിന്ന് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
പെരുമ്പാവൂര്‍ വലിയകുളം ചായാട്ടുവീട്ടില്‍ ഉണ്ണി (30), ആലുവ പൂക്കാട്ടുപടി മുതുക്കാടുവീട്ടില്‍ ബെന്‍സില്‍ എബ്രഹാം (25) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളനിറത്തിലുള്ള സിഫ്റ്റ് കാറില്‍ സ്പിരിറ്റ് കടത്തുന്നുണ്ടെന്ന് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സംശയം തോന്നി എക്‌സൈസ് സംഘം വിളയോടി മുതലാംതോട്ടില്‍ സ്വകാര്യ മെഡിക്കല്‍ കോളജിനു സമീപത്തുവെച്ച് വാഹനം പിടികൂടുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിലും പിന്‍സീറ്റിലുമായി 16 കന്നാസുകളിലായി സൂക്ഷിച്ച 560 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തത്. കെ എല്‍ 17-7475 രജിസ്റ്റര്‍ നമ്പറിലുള്ള വാഹനത്തിലാണ് സ്പിരിറ്റ് കടത്തിയത്. പിടികൂടിയ ഉണ്ണിയുടെ ഭാര്യ ഗായത്രിയുടെ പേരിലുള്ളതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു.
പെരുമ്പാവൂരില്‍ ജംഗിള്‍ ബാറിനു സമീപത്തുവെച്ചാണ് സ്പിരിറ്റ് നിറച്ച കാര്‍ ഉണ്ണിക്ക് കൈമാറിയത്. വിളയോടിയില്‍ എത്തിക്കാനായിരുന്നു നിര്‍ദേശം. വാഹനത്തിന് അകമ്പടി വന്ന ചിറ്റൂരിലെ കാറിനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് അസി. കമ്മീഷണര്‍ പറഞ്ഞു. പിടിയിലായ ഉണ്ണി കുറച്ചു ദിവസമായി പെരുമ്പാവൂരില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പിരിറ്റ് എത്തിച്ചതായും ഇതിനായി 10, 000 രൂപ പ്രതിഫലം ലഭിക്കുമെന്നും മൊഴി നല്‍കി. പിടിച്ച സ്പിരിറ്റിന് വിപണിയില്‍ രണ്ട് ലക്ഷം രൂപയോളം വില വരും.

Latest