രാഹുല്‍ കലാപ്രതിഭ, മന്‍സിയ കലാതിലകം

Posted on: May 24, 2014 1:01 pm | Last updated: May 24, 2014 at 1:01 pm

മലപ്പുറം: ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കലാപ്രതിഭാ, കലാതിലകപട്ടങ്ങള്‍ രണ്ടാം തവണയും ഇവര്‍ക്ക് സ്വന്തം.
കോഴിക്കോട് ദേവഗിരി കോളജിലെ രാഹുല്‍സത്യനാഥിനെയും മഞ്ചേരി എന്‍ എസ് എസ് കോളജിലെ മന്‍സിയയെയും വെല്ലാന്‍ ഇത്തവണയും ആരുമുണ്ടായില്ല. കഥകളി സംഗീതം, ലളിതഗാനം എന്നിവയില്‍ നേടിയ ഒന്നാം സ്ഥാനവുമായി വ്യക്തിഗത ഇനത്തില്‍ പത്ത് പോയിന്ററുകള്‍ നേടിയാണ് രാഹുല്‍ പ്രതിഭാ പട്ടം ചൂടിയത്.
സെമി ക്ലാസിക്കല്‍ മത്സരത്തില്‍നാലാം സ്ഥാനവുമുണ്ട്. ഗ്രൂപ്പ് ഇനത്തില്‍ ദേശഭക്തിഗാനത്തില്‍ ഒന്നാമതും ഇന്ത്യന്‍ ഈസ്റ്റേണ്‍ മ്യൂസിക്കില്‍ രണ്ടാമതുമെത്തി. ഗാനമേളയിലും പങ്കെടുത്തു. പേരാമ്പ്ര നടുവണ്ണൂര്‍ സ്വദേശിയായ രാഹുല്‍ സത്യനാഥ് പതിനാല് വര്‍ഷമായി സംഗീത രംഗത്തുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ലളിതഗാനത്തില്‍ ഒന്നാമനായിരുന്നു. പ്രേം കുമാര്‍ വടകര കമ്പോസ് ചെയ്ത ഗാനമാണ് എല്ലാ മത്സരങ്ങളിലും ആലപിക്കാറ്. കാവുംവട്ടം സുദേവനാണ് ഗുരു. ഐഡിയാ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ താരമായ രാഹുല്‍ ഗായകന്‍ എം ജി ശ്രീകുമാറിന്റെ ട്രൂപ്പായ സ്റ്റാര്‍ ഓര്‍ഗസ്ട്രയിലെ ഗായകനാണ്. മോഹന്‍ലാല്‍ ചിത്രമായ കാണ്ഡഹാറില്‍ എം ജി ശ്രീകുമാറുമൊത്ത് പാടിയിട്ടുണ്ട്. കലാകാരന്‍മാരുടെ പ്രതിനിധിയായി കാലിക്കറ്റ് സര്‍വകലാശാല സെനറ്റംഗമാണ് രാഹുല്‍. ബി എസ് സി ഫിസിക്‌സ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. അച്ചന്‍ വി സത്യനാഥന്‍, അമ്മ രമാദേവി. ഴിഞ്ഞ വര്‍ഷം 16-പോയന്റോടെ കലാതിലകമായ മന്‍സിയക്കു ഇപ്രാവശ്യം രണ്ടുപോയന്റുകുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം ഭരതനാട്യത്തില്‍ ഒന്നാംസ്ഥാനം കിട്ടിയതു ഇപ്രാവശ്യം രണ്ടാംസ്ഥാനമായി മാറി. കേരളാ നടനം, കുച്ചുപ്പുടി എന്നിവക്കു ഒന്നാംസ്ഥാനവും ഭാരതനാട്യത്തില്‍ രണ്ടും നാടോടി നൃത്തത്തില്‍ മൂന്നും സ്ഥാനം നേടിയാണു മന്‍സിയ ഇപ്രാവശ്യം കലാതിലകമായത്. സിനിമയില്‍ നിന്നടക്കം നിരവധി ഓഫീസറുകള്‍ വരുന്നുണ്ടെങ്കിലും മന്‍സിയക്കു സിനിമയോടും റിയാലിറ്റിഷോകളോടും
താല്‍പര്യമില്ല. റിയാലിറ്റിഷോകളില്‍ മത്സരിച്ചാല്‍ യഥാര്‍ഥ നൃത്തം നഷ്ടപ്പെടുമെന്നതാണു മന്‍സിയയുടെ പക്ഷം. മന്‍സിയയെ നൃത്തലോകത്തേക്കു കൈപ്പിടിച്ചുയര്‍ത്തിയതു പിതാവ് അലവിക്കുട്ടിതന്നെയാണ്. ഏഴു വര്‍ഷം മുമ്പു മാതാവ് ആമിനയെ നഷ്ടപ്പെട്ടു മന്‍സിയയുടെ എല്ലാം പിതാവ് തന്നെയാണ്.
കലോത്സവ വേദികളിലെല്ലാം ഈ പിതാവ് മന്‍സിയയോടൊപ്പം തന്നെയുണ്ടാകും. മകളുടെ ആഗ്രഹം സഫലമാക്കി നല്‍കലാണു തന്റെ ലക്ഷ്യമെന്നു പിതാവ് പറയുന്നു. പലക്കാട് ജില്ലയിലെ പൂത്തൂര്‍ പ്രമോദാണു മന്‍സിയയെ ഇപ്പോള്‍ പരിശീലിപ്പിക്കുന്നത്.