ജീവകാരുണ്യ പ്രവര്‍ത്തനം സമൂഹത്തിന് ശക്തിപകരും: രമേശ് ചെന്നിത്തല

Posted on: May 24, 2014 10:07 am | Last updated: May 24, 2014 at 10:07 am
SHARE

നരിക്കുനി: നിരാലംബരായ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനും ഉന്നതപഠനത്തിനും അവസരമൊരുക്കുന്ന സ്ഥാപനങ്ങള്‍ സമൂഹത്തിന് പ്രയോജനകരമാണെന്നും ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്ന ജീവകാരുണ്യവും സാമൂഹികവുമായ നല്ല പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന് ശക്തി പകരുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മടവൂര്‍ സി എം സെന്ററില്‍ പ്ലസന്റ് പബ്ലിക് സ്‌കൂള്‍ കെട്ടിടവും വാര്‍ഷികപദ്ധതിയായ അസന്റ്-14 ഉം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും അതിന് സമൂഹത്തിന്റെ പൂര്‍ണമായ പിന്തുണ ലഭിക്കും. സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനുള്ള ഏതൊരു പദ്ധതിയും മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരും കൂട്ടമായി പിന്തുണക്കേണ്ടതുണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി കെ അബ്ദുര്‍റഹ്്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സി എം സെന്റര്‍ പൂര്‍വ വിദ്യാര്‍ത്ഥികളുമായി സഹകരിച്ച് നടപ്പാക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ ഐഫര്‍ അക്കാദമിയുടെ ലോഞ്ചിംഗ് കെ മുരളീധരന്‍ എം എല്‍ എ നിര്‍വഹിച്ചു. കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്ട് ക്ലാസ് റൂമും വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എയും വെബ്‌സൈറ്റ് അഡ്വ പി ടി എ റഹീം എം എല്‍ എയും ഉദ്ഘാടനം ചെയ്തു. സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ ഡി സി സി പ്രസിഡന്റ് കെ സി അബുവും എസ് എസ് എല്‍ സി പരീക്ഷയിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ എന്‍ സുബ്രഹ്്മണ്യനും വിതരണം ചെയ്തു. സി എം സെന്ററിന് കീഴിലുള്ള ആറ് സ്ഥാപനങ്ങള്‍ക്ക് ലഭിച്ച ന്യൂനപക്ഷപദവിയുടെ സര്‍ട്ടിഫിക്കറ്റ് ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍ വി വീരാന്‍കുട്ടി കൈമാറി. കാപ്പാട് ഉമര്‍ മുസ്്‌ലിയാര്‍, മുസ്തഫ സഖാഫി മരഞ്ചാട്ടി, സി എം യൂസുഫ് സഖാഫി, അലവി സഖാഫി കായലം, ചോലക്കര മുഹമ്മദ്, പി കെ ഇ ചന്ദ്രന്‍, കെ ആലിക്കുട്ടി ഫൈസി, അന്‍വര്‍ സാദത്ത്, ടി കെ മുഹമ്മദ് ദാരിമി, എന്‍ അബൂബക്കര്‍ ഹാജി, അബ്ദുന്നാസര്‍ അഹ്‌സനി സംസാരിച്ചു.