മൊബൈല്‍ ടവര്‍ നിര്‍മാണം തടഞ്ഞ നാട്ടുകാരെ അറസ്റ്റ് ചെയ്തു

Posted on: May 24, 2014 9:42 am | Last updated: May 24, 2014 at 9:42 am

കോഴിക്കോട്: എരഞ്ഞിപ്പാലം സി ഡി എ കോളനിയില്‍ മൊബൈല്‍ ടവര്‍ നിര്‍മാണം തടഞ്ഞ സ്ത്രീകളടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കോളനിയില്‍ റിലയന്‍സ് സ്ഥാപിക്കുന്ന ടവറിനെതിരെ മാസങ്ങളായി നാട്ടുകാര്‍ പ്രക്ഷോഭ രംഗത്താണ്. മൂന്നാഴ്ച മുമ്പ് ടവര്‍ നിര്‍മാണത്തിനെത്തിയ ജോലിക്കാരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്നിങ്ങോട്ട് ദിവസവും പ്രതിഷേധത്തെ തുടര്‍ന്ന് പ്രവൃത്തി മുടങ്ങിക്കിടക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ പോലീസ് സഹായത്തോടെ ജോലിക്കാര്‍ എത്തിയത്. നിര്‍മാണം തടഞ്ഞവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. 28 പേരെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. നാട്ടുകാരെ അറസ്റ്റ് ചെയ്ത ശേഷം നിര്‍മാണം പുനരാരംഭിച്ചു.
ചട്ടങ്ങള്‍ ലംഘിച്ച് 150 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലാണ് ടവര്‍ നിര്‍മിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വിള്ളല്‍ സംഭവിച്ച മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിനു മുകളിലാണ് ടവര്‍ നിര്‍മ്മിക്കുന്നത്. സമീപത്തായി ആശുപത്രിയും അങ്കണ്‍വാടിയുമുണ്ട്.
ചട്ടങ്ങള്‍ പാലിക്കാത്ത ടവര്‍ നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കോര്‍പറേഷന് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണ് പ്രക്ഷോഭത്തിനിറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയാണത്രെ ടവര്‍നിര്‍മ്മാണത്തിന് അനുമതി വാങ്ങിയത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണം അസാധ്യമായപ്പോള്‍ ടവര്‍ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിക്കുകയായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് നടക്കാവ് പോലീസിന്റെ സഹായത്തോടെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ സമരം തുടരുമെന്നും ഇന്നു മുതല്‍ സത്യഗ്രഹം അടക്കമുള്ള സമരമുറകളിലേക്ക് നീങ്ങുമെന്നും ജനകീയ സമിതി പറഞ്ഞു.