ഉപതിരഞ്ഞെടുപ്പ്; എല്‍ ഡി എഫിന് മൂന്നും യു ഡി എഫിന് രണ്ടും സീറ്റുകള്‍

Posted on: May 24, 2014 9:24 am | Last updated: May 24, 2014 at 9:24 am

മലപ്പുറം: ജില്ലയില്‍ അഞ്ച് വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ എല്‍ ഡിഎഫിന് വിജയം. യു ഡി എഫ് രണ്ട് സീറ്റിലൊതുങ്ങി. തിരുവാലി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഇല്ലത്ത്കുന്നില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി രാമത്തുപറമ്പില്‍ പ്രീതിയും വള്ളിക്കുന്ന് പഞ്ചായത്ത് 13 ാം വാര്‍ഡ് കൊടക്കാട് ഈസ്റ്റില്‍ നാറ്റ്‌നായികര സജിതയും തിരൂരങ്ങാടി പഞ്ചായത്ത് 22 ാം വാര്‍ഡ് കോട്ടുവാലക്കാട് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ചാത്തമ്പാടന്‍ ഹംസയും വിജയിച്ചു. ഒതുക്കുങ്ങല്‍ പഞ്ചായത്ത് പത്താംവാര്‍ഡില്‍ ഒതുക്കുങ്ങല്‍ ടൗണില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി ഏറിയാടന്‍ വെള്ളാങ്ങര മുഹമ്മദ് ശരീഫും മങ്കട ബ്ലോക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് മങ്കടയില്‍ ലീഗ് സ്ഥാനാര്‍ഥി സ്ഥാനാര്‍ത്ഥി ദീപ വേട്ടേക്കുത്തും വിജയിച്ചു.

തിരൂരങ്ങാടിയിലെ കോട്ടുവാലക്കാട്
മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി വിപി അബ്ദുവിനെ 43വോട്ടുകള്‍ക്കാണ് ഹംസ തോല്‍പ്പിച്ചത്. ഹംസക്ക് 656വോട്ടും അബ്ദുവിന് 613വോട്ടും ബിജെപി സ്ഥാനാര്‍ഥി സുമേഷിന് 92വോട്ടും സ്വതന്ത്രരായ സി ഹംസക്ക് ഒമ്പതും അബ്ദുല്‍ വഹാബിന് ഏഴും വോട്ടുകള്‍ ലഭിച്ചു. ഇവിടെ മെമ്പറായിരുന്ന ചാത്തമ്പാടന്‍ അന്‍വര്‍സാദാത്ത് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.പഞ്ചായത്ത് പൊതു തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എതിരെ പൊതുസ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച അന്‍വര്‍സാദാത്ത് പുരപദ്ധതി പ്രകാരം മമ്പുറം നവരക്കായപാടം ബസ് ടെര്‍മിനല്‍ നിര്‍മിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടും മത്സരിച്ച അന്‍വര്‍സാദാത്ത് വിജയിച്ചു. എന്നാല്‍ ഒന്നരവര്‍ഷത്തിന് ശേഷം പഞ്ചായത്ത് വികസന കാര്യങ്ങളില്‍ തന്റെ വാര്‍ഡിനെ അവഗണിക്കുകയാണെന്ന് പറഞ്ഞ് രാജിവെക്കുകയാണുണ്ടായത്. 23 അംഗതിരൂരങ്ങാടി പഞ്ചായത്ത് ഭരണസമിതിയില്‍ മുസ്‌ലിംലീഗിന് 13അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 14ാംവാര്‍ഡ് അംഗം രാജിവെച്ചതോടെ 12അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ഏഴും സ്വതന്ത്രന് രണ്ടും എല്‍ഡിഎഫിന് ഒന്നും അംഗങ്ങളാണിപ്പോള്‍ ഉള്ളത്.

തിരുവാലി
ഇല്ലത്ത്കുന്ന്
എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന രാമത്തുപറമ്പില്‍ പ്രീതി 352 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 82.64 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാമത്ത്പറമ്പില്‍ ബീനക്ക് 286 വോട്ട് ആണ് ലഭിച്ചത്. ബി ജെ പി സ്ഥാനാര്‍ഥി 200 വോട്ടും കരസ്ഥമാക്കി. ആകെയുള്ള 1360 വോട്ടര്‍മാരില്‍ 1124 പേരാണ് വോട്ട് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് വാര്‍ഡ് മെമ്പറായിരുന്ന എല്‍ഡിഎഫ് പ്രതിനിധി പൂനേരി ഗീത എടക്കരയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.തുടര്‍ന്നുണ്ടായ ഈ ഒഴിവിലേക്കാണ് ഇവിടെ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ കേവലം 54 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഗീതക്കുണ്ടായിരുന്നത്. ഇതാണ് ഇത്തവണ 352 ആയി ഉയര്‍ന്നത്. യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ യുഡിഎഫ് ഈ വാര്‍ഡില്‍ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. കൂടാതെ കോണ്‍ഗ്രസിനകത്തെ വിഭാഗീയതയുടെ ഫലമായി പല നേതാക്കളും തിരഞ്ഞെടുപ്പില്‍ സഹകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

മങ്കട ബ്ലോക്ക്
ഡിവിഷനിലേക്ക് മങ്കടയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വിജയം. യു ഡി എഫിലെ വെട്ടേകുത്ത് ദീപയാണ് ബ്ലോക്ക് ഡിവിഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. കെ പി അനില്‍കുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൊത്തം പോള്‍ ചെയ്ത 6827 വോട്ടില്‍ 3307 വോട്ട് യു ഡി എഫിനും 2635 വോട്ട് എല്‍ ഡി എഫിനും ലഭിച്ചു. യു ഡി എഫിന് 672 വോട്ട് ലഭിച്ച തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 351ഉം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 536 വോട്ടുകളും ലഭിച്ചു. ജമാഅത്ത് നേതാക്കളായ കൂട്ടില്‍ മുഹമ്മദലി, ജമാല്‍ മങ്കട എന്നിവര്‍ ഉള്‍കൊള്ളുന്ന ഈ വാര്‍ഡില്‍ ജമാഅത്തിന് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു.
ഒതുക്കുങ്ങല്‍
യു ഡി എഫ് സ്ഥാനാര്‍ത്ഥി ഇ വി. മുഹമ്മദ് ശരീഫ് 43 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇവിടെ വെറും 13 വോട്ട് മാത്രമാണ് ലഭിച്ചത്. നേരത്തെ മെമ്പറായിരുന്ന ഇ.വി. അബ്ദുര്‍റഹിമാന്‍ മരിച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ പോള്‍ ചെയ്ത 821 വോട്ടില്‍ മുസ്‌ലിം ലീഗ് 422, സി പി എം 13 , എസ് ഡി പി ഐ സ്വതന്ത്രന്‍ 379 , മറ്റു സ്വതന്ത്രര്‍ 7 ഉം വോട്ടാണ് നേടിയത് .
വള്ളിക്കുന്ന്
പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ കൊട ക്കാട് ഈസ്റ്റില്‍ 307 വോട്ടിന്റെ ഭൂരിപക്ഷമാണ് സി പി എം സ്ഥാനാര്‍ത്ഥി നാറ്റ്‌നായികര സജിത നേടിയത്. 785 വോട്ടാണ് സജിതക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദു കുളങ്ങരതറയില്‍ 478 വോട്ട് നേടി. സ്വതന്ത്രയായി രംഗത്തുണ്ടായിരുന്ന ഗീതക്ക് 159 വോട്ടും നേടാനായി.