കബനിയിലെ വെള്ളം: സര്‍ക്കാര്‍ സിസ്സംഗത വിടണം -കെ ജി ഒ എ

Posted on: May 24, 2014 9:11 am | Last updated: May 24, 2014 at 9:11 am

കല്‍പ്പറ്റ: കബനീ നദിയില്‍ കേരളത്തിന് അവകാശപ്പെട്ട വെള്ളത്തിന് തമിഴ്‌നാട് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത കൈവെടിഞ്ഞ് പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് കെജിഒഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായതോടെയാണ് കേരളത്തിന് എതിരായ ജലതര്‍ക്ക കേസുകള്‍ തമിഴ്‌നാട് ശക്തമാക്കുന്നത്. കാവേരി ട്രിബ്യൂണല്‍ അനുവദിച്ച 21 ടിഎംസി വെള്ളം വിട്ടുതരണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. വയനാട്ടില്‍ നിന്ന് ഉദ്ഭവിച്ച് കാവേരി നദിയിലേക്ക് ഒഴുകുന്ന കബനിയിലെ 21 ടിഎംസി ജലം കേരളത്തിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ഇതില്‍ 16 ടിഎംസി വെള്ളവും കേരളം പാഴാക്കികളയുകയാണെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ജലം പാഴാക്കുന്നതിനാല്‍ കേരളത്തിന് കബനിയിലെ വെള്ളത്തിന് അവകാശമില്ലെന്ന സമീപനം തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടും കേരളം ഒരു നടപടിയും സ്വീകരിച്ചില്ല. കബനിയിലെ വെള്ളം പാഴായാല്‍ ഇല്ലാതാകുന്നത് വയനാടിന്റെ കാര്‍ഷിക സമൃദ്ധിയാണ്. 2013 ലെ കൊടും വരള്‍ച്ച തടയാന്‍ കേരളം നിര്‍മിച്ച താല്‍ക്കാലിക തടയണ കര്‍ണാടക പൊളിച്ച് നീക്കിയ അനുഭവവും ഉണ്ടായട്ടുണ്ട്. ഇത് ചോദ്യം ശചയ്യാനുമ കേരളം തയ്യറായിരുന്നില്ല. പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണം. പത്താം ശമ്പളകമീഷന്‍ പുന:സംഘടിപ്പിക്കുക, 1.7.2014 മുതല്‍ ശമ്പള പരിഷ്‌കരണം ഉറപ്പ് വരുത്തുക, വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ഥ്യമാക്കുക, പൊതു വിദ്യാഭ്യാസ മേഖല സംരക്ഷിക്കുക, കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പ്രതിനിധി സമ്മേളനം ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എ കെ രമേഷ് ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് വേണു മുള്ളോട്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ജില്ലാ സക്രട്ടറി പി പി ബാബു എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി രത്‌നാകരന്‍ സംഘടനാ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എസ് എഡിസണ്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ മരക്കാര്‍ ഭാവി പരിപാടികള്‍ വിശദികരിച്ചു.
ദേശാഭിമാനി അക്ഷരമുറ്റത്തിശന്റയും കെജിഒഎ ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ മാതൃക മെഡിക്കല്‍-എഞ്ചിനീയറിംഗ്, എല്‍എല്‍ബി പരീക്ഷാ വിജയികളായ ഗോഗുല്‍ കൃഷ്ണന്‍, നെസ്‌ലിന്‍ മരിയ ഏലിയാസ്, നന്ദനരാജ്, വൈശാഖന്‍, അഷ്മിത എന്നിവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി.