ലീഗിന്റെ വോട്ട് ചോര്‍ച്ച: അവലോകന യോഗത്തില്‍ സമദാനി എം എല്‍ എക്കെതിരെ വിമര്‍ശം

Posted on: May 24, 2014 12:40 am | Last updated: May 24, 2014 at 12:44 am

കോട്ടക്കല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ ടി മുഹമ്മദ് ബശീറിന് വോട്ട് കുറഞ്ഞതിനെ ചൊല്ലി കോട്ടക്കല്‍ മുനിസിപ്പല്‍ ലീഗ് കമ്മിറ്റി യോഗത്തില്‍ വാഗ്വോദം. തിരഞ്ഞെടുപ്പ് അവലോകത്തിനായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വോട്ട് ചോര്‍ച്ചക്കിടയാക്കിയ കാര്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നു. കോണ്‍ഗ്രസ് വോട്ടുകളുടെ ചേര്‍ച്ച മാത്രമല്ല കാരണമെന്നും പാര്‍ട്ടിയില്‍ തന്നെ നില നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിരവധി ലീഗ് പ്രവര്‍ത്തകര്‍ മറിച്ച് ചിന്തിച്ചെന്നും ഒരു വിഭാഗം ആരോപിച്ചു.
പാര്‍ട്ടിയിലെ ഗ്രൂപ്പിസം പ്രധാന കാരണമായെന്നും ആക്ഷേപമുയര്‍ന്നു. മുതിര്‍ന്ന പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി ചിലര്‍ രംഗത്തെത്തിയതിനെതിരെയാണ് ഒരു വിഭാഗം ആരോപണം ഉന്നയിച്ചത്. മണ്ഡലം എം എല്‍ എ അബ്ദുസമദ് സമദാനിക്കെതിരെ കടുത്ത വിമര്‍ശനമാണ് യുവജന വിഭാഗം ഉയര്‍ത്തിയത്. മണ്ഡലത്തില്‍ എം എല്‍ എയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തത് ഇ ടി യുടെ വോട്ട് ചോരുന്നതിന് ഇടയാക്കി. നഗരസഭയിലെ വില്ലൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മുന്നണിക്കെതിരെ രംഗത്ത് വന്നെങ്കിലും ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എടുത്ത നടപടി പരിഹാരമായില്ല.
രണ്ട് പ്രവര്‍ത്തകരെ പുറത്താക്കലില്‍ മാത്രമാണ് അത് ഒതുങ്ങിയത്. എന്നാല്‍ ബാക്കിയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ എല്‍ ഡി എഫിന് വേണ്ടി രംഗത്തിറങ്ങുകയായിരുന്നുവെന്നും യോഗം വിലയിരുത്തി.
കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള ആമപ്പാറ, കോട്ടൂര്‍, നായാടിപ്പാറ ഭാഗങ്ങളില്‍ വ്യാപകമായി വോട്ടുകള്‍ കുറയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം കാരണമായെന്നും യോഗം വിലയിരുത്തി. വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ കെ നാസര്‍, പി മൊയ്തീന്‍ ഹാജി, യു എ ശബീര്‍, പി അബു എന്നിവര്‍ പങ്കെടുത്തു.