ചൈനയില്‍ വ്യവസായ പ്രമുഖന് വധശിക്ഷ

Posted on: May 24, 2014 12:24 am | Last updated: May 24, 2014 at 12:24 am

ബീജിംഗ്: ചൈനയില്‍ വ്യവസായപ്രമുഖനായ ലിയു ഹാനിന് വധശിക്ഷ വിധിച്ചു. മുന്‍ സുരക്ഷാ മേധാവി ഴോ യോംഗ്കാംഗുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു ഹാന്‍. ഹാനും സഹോദരന്‍ ലിയു വീയും മാഫിയാ രീതിയില്‍ കൊലപാതകം നടത്തിയതായി ഹ്യൂബിയിലെ കോടതി കണ്ടെത്തിയിരുന്നു. മറ്റ് 34 പേര്‍ക്കെതിരെ കൂടി ഇതേ കുറ്റം ചുമത്തിയിട്ടുണ്ട്. ഴോ യോംഗ്കാംഗിന്റെ വിശാലമായ അഴിമതിശൃംഖലയെ തകര്‍ക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തല്‍.
അനധികൃതമായി സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ ഹാന്‍ സംഘടിത നീക്കം നടത്തിയതായി വിധിന്യായത്തില്‍ പറയുന്നു. കൊലപാതകവും നിയമവിരുദ്ധ തടവിലാക്കലും പീഡനവും നടത്തിയിട്ടുണ്ട്. സിച്ചുവാന്‍ പ്രവിശ്യയിലെ ഗൗംഘാനില്‍ വിവിധ പദ്ധതികളുടെ നിയന്ത്രണം ലഭിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വശീകരിച്ചു. കേസ് വെറും പ്രാദേശികമോ അധികാരത്തിന്റെയോ പണത്തിന്റെയോ മാത്രം കുഴപ്പമോ അല്ലെന്നും മറിച്ച് മൃഗീയമായ കുറ്റകൃത്യത്തിന്റെതാണെന്നും വിധിന്യായത്തില്‍ പറയുന്നു. ഇത് ഴോ യോംഗ്കാംഗിനെതിരായ വിചാരണാ നടപടികള്‍ വേഗത്തിലാക്കാന്‍ ഇടയാക്കും. ഖനന ഭീമനായ സിച്ചുവാന്‍ ഹാന്‍ലോംഗ് ഗ്രൂപ്പിന്റെ മേധാവിയിരുന്ന ലിയു ഹാന്‍, 2012ലെ ഫോബ്‌സ് മാഗസിന്റെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി കേസാകും ഇതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2003ല്‍ ചൈനയുടെ പൊതു സുരക്ഷാ മന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കും മുമ്പ് സിച്ചുവാന്‍ പ്രവിശ്യയിലെ പാര്‍ട്ടി സെക്രട്ടറിയായിരുന്നു.