സിറിയക്കെതിരായ പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്തു

Posted on: May 24, 2014 12:22 am | Last updated: May 24, 2014 at 12:22 am

യു എന്‍: സിറിയയില്‍ മൂന്ന് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനിടെയുണ്ടായ യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശധ്വംസനങ്ങളും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് വിടാനുള്ള യു എന്‍ പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്തു. ഇത് നാലാം തവണയാണ് ചൈനയും സിറിയയിലെ ബശര്‍ അല്‍ അസദ് സര്‍ക്കാറിന്റെ അടുത്ത സഖ്യകക്ഷിയായ റഷ്യയും യു എന്‍ സുരക്ഷാ കൗണ്‍സില്‍ നടപടിയെ വീറ്റോ ചെയ്യുന്നത്. സിറിയയിലെ മൂന്ന് വര്‍ഷക്കാലത്തെ ആഭ്യന്തര യുദ്ധത്തിനിടെ 1,50,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ക്കൊപ്പം ആര് നിലനിന്നുവെന്നും തങ്ങള്‍ക്ക് നീതി നിഷേധിക്കാന്‍ ആരൊക്കെ കൈയുയര്‍ത്തിയെന്നും ചരിത്രത്തില്‍ രേഖപ്പെടുത്താനുള്ള അവകാശമുണ്ടെന്ന് യു എന്നിലെ യു എസ് അംബാസഡര്‍ സാമന്ത പവര്‍ പറഞ്ഞു. ഭൂമിയിലെ നരകത്തില്‍ ജീവിച്ചവര്‍ക്ക് നീതി കൊടുക്കാന്‍ തങ്ങള്‍ക്കായില്ലെന്ന് വരും തലമുറ കുറ്റപ്പെടുത്തുമെന്നും പവര്‍ പറഞ്ഞു. ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് 13 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ പ്രമേയത്തെ റഷ്യയും ചൈനയും എതിര്‍ക്കുകയായിരുന്നു. പ്രമേയം പാസാക്കുന്നത് സംബന്ധിച്ച് അംഗങ്ങള്‍ യോജിപ്പിലെത്താത്ത സാഹചര്യത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൂടി ഉത്തരം പറയേണ്ടിവരുമെന്നും യു എന്നിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുമെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ പ്രതിനിധീകരിച്ച് യു എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജാന്‍ എലിയാസ്സന്‍ പറഞ്ഞു.
ഹേഗ് കോടതിയില്‍ സിറിയ അംഗമല്ലാത്തതിനാല്‍ അവിടുത്തെ സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ 15 അംഗ സുരക്ഷാ കൗണ്‍സില്‍ ഐ സി സി പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടിരുന്നില്ല. അംഗങ്ങളില്‍ ഏകാഭിപ്രായമില്ലാത്തതിനാല്‍ പാസാകാതെ പോയ പ്രമേയം വീണ്ടും വോട്ടിനിട്ടതിനെ റഷ്യന്‍ യു എന്‍ അംബാസഡര്‍ വിറ്റാലി ചുര്‍കിന്‍ ചോദ്യം ചെയ്തു. സിറിയയിലേക്ക് സൈനിക കടന്നുകയറ്റത്തിന് ശ്രമം നടക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണ് പ്രമേയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ വിഷയം അന്താരാഷ്ട്ര കോടതിക്ക് വിടുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുകയും പ്രശ്‌നപരിഹാരം ദുഷ്‌കരമാക്കുകയും ചെയ്യുമെന്ന് ചൈനയും അഭിപ്രായപ്പെട്ടു. സിറിയയില്‍ യുദ്ധക്കുറ്റങ്ങള്‍ നടന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് നേരത്തെ അമേരിക്ക അവകാശപ്പെട്ടിരുന്നു.