തായ്‌ലന്‍ഡ് മുന്‍ പ്രധാനമന്ത്രിയെ സൈന്യം തടവിലാക്കി

Posted on: May 24, 2014 6:00 am | Last updated: May 24, 2014 at 12:21 am

_75053016_75053015

ബാങ്കോക്ക്: തായ്‌ലന്‍ഡ് മുന്‍ പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്രയെയും കുടുംബാംഗങ്ങളെയും സൈന്യം തടവിലാക്കി. സൈന്യം അധികാരം ശക്തിപ്പെടുത്തുന്നതിന്റെ സൂചനകളാണ് ഇത്. യിംഗ്‌ലക്കിനോടും അവരുടെ മന്ത്രിസഭയിലുണ്ടായിരുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളോടും സൈനിക കേന്ദ്രത്തിലെത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം കേന്ദ്രത്തിലെത്തിയ യിംഗ്‌ലക്കിനെ നിരവധി മണിക്കൂറുകള്‍ ഇവിടെ പിടിച്ചുവെക്കുകയും പിന്നീട് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. യിംഗ്‌ലക്കിന്റെ സഹോദരിയും ഭര്‍ത്താവിന്റെ സഹോദരനും തടവിലാക്കിയവരില്‍ പെടും. ഇടക്കാല പ്രധാനമന്ത്രി നിവാത്തംറോംഗ് ബൂന്‍സോംഗ്‌ഫൈസാന്‍ അടക്കം നൂറിലേറെ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം സൈനിക കേന്ദ്രത്തിലെത്താനായിരുന്നു നിര്‍ദേശം. ഇവരുമായി സൈനിക ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയോ എന്നത് വ്യക്തമല്ല. രാജ്യം വിടുന്നതില്‍ നിന്ന് 155 രാഷ്ട്രീയക്കാരെ വിലക്കിയിട്ടുണ്ട്. സൈനിക മേധാവി ജനറല്‍ പ്രയുഥ് ചാന്‍- ഓഛ പ്രധാന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി, തിരഞ്ഞെടുപ്പിന് മുമ്പ് പരിഷ്‌കരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
ഗവര്‍ണര്‍മാര്‍, വ്യവസായ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരെ ബാങ്കോക്ക് സൈനിക ക്ലബിലേക്ക് ജനറല്‍ പ്രയുഥ് വിളിപ്പിച്ചിരുന്നു. മുതിര്‍ന്ന ആറ് സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് ഭരണ ചുമതല. പ്രാദേശിക ഭരണകൂടങ്ങളുടെ മേല്‍നോട്ടം പ്രവിശ്യാ കമാന്‍ഡര്‍മാര്‍ക്കാണ്. ‘രാജ്യം മുന്നോട്ട് നീങ്ങാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം തേടുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് നമുക്ക് സാമ്പത്തിക സാമൂഹിക രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. സ്ഥിതി സമാധാനപരമാണെങ്കില്‍ ജനങ്ങള്‍ക്ക് ഭരണം തിരിച്ചുനല്‍കാന്‍ തയ്യാറാണ്.’ ജനറല്‍ പ്രയുഥ് പറഞ്ഞു. തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യദേജുമായി ജനറല്‍ പ്രയുഥ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സൈനിക അട്ടിമറിക്കെതിരെ ബാങ്കോക്കില്‍ ചെറിയ രീതിയില്‍ പ്രതിഷേധമുണ്ടായി. ഏതാനും പേരെ സൈന്യം കസറ്റഡിയിലെടുത്തിട്ടുണ്ട്. രാജ്യത്ത് ജനജീവിതം സാധാരണ നിലയിലാണ്.
അധികാര ദുര്‍വിനിയോഗ കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് യിംഗ്‌ലക്ക് ഷിനാവത്രയെ കോടതി പുറത്താക്കിയതിനെ തുടര്‍ന്നാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. സര്‍ക്കാറിനെ അനുകൂലിക്കുന്ന ചെങ്കുപ്പായക്കാരും തെരുവില്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. ഇടക്കാല സര്‍ക്കാര്‍ വന്നതിന്റെ രണ്ടാം ദിവസം പട്ടാള നിയമം കൊണ്ടുവരികയും വ്യാഴാഴ്ച സൈന്യം ഭരണം പിടിച്ചടക്കുകയുമായിരുന്നു. ഭരണഘടന റദ്ദാക്കുകയും രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. 1932ല്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമായതിന് ശേഷം തായ്‌ലന്‍ഡില്‍ 18 തവണ സൈനിക അട്ടിമറിയുണ്ടായിട്ടുണ്ട്. 2006ല്‍ തക്‌സിന്‍ ഷിനാവത്രയെ നിഷ്‌കാസിതനാക്കിയതാണ് ഒടുവിലത്തെ അട്ടിമറി. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ 28 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.