അഭ്യൂഹം നീങ്ങി; അബ്ദുല്ലക്കുട്ടി സുധാകരനെ കണ്ടു

Posted on: May 24, 2014 12:17 am | Last updated: May 24, 2014 at 12:17 am
SHARE

കണ്ണൂര്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ. കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ ഒമ്പതരയോടെ സുധാകരന്റെ വീട്ടിലെത്തിയ അബ്ദുല്ലക്കുട്ടി അര മണിക്കൂറോളം സുധാകരനുമായി ചര്‍ച്ച നടത്തി. അബ്ദുല്ലക്കുട്ടിയെ കൊണ്ട് എം എല്‍ എ സ്ഥാനം രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടിയില്‍ സജീവമാകുന്നതിനെ കുറിച്ചുള്ള കാര്യങ്ങളാണ് സുധാകരനുമായി അദ്ദേഹം ചര്‍ച്ച ചെയ്തത് .
സരിത എസ് നായര്‍ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പൊതുരംഗത്തുനിന്നു വിട്ടുനിന്ന അബ്ദുല്ലക്കുട്ടി എം എല്‍ എയോടു മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി പരിപാടികളിലും സജീവമാകാന്‍ കണ്ണൂര്‍ ഡി സി സി നിര്‍ദേശം നല്‍കിയിരുന്നു. എം എല്‍ എയുടെ സാന്നിധ്യം മണ്ഡലത്തിലില്ലെന്നും പാര്‍ട്ടി പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുകയാണെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഡി സി സി പ്രസിഡന്റ് സുരേന്ദ്രന്റെ നിര്‍ദേശം.
പാര്‍ട്ടി ജില്ലാ കമ്മിറ്റി നിര്‍ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അബ്ദുല്ലക്കുട്ടി സുധാകരനുമായി സംസാരിച്ചു. മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കുന്നതില്‍ നിന്നു താന്‍ പിന്നോട്ടുപോയിട്ടില്ലെന്നും പാര്‍ട്ടി പരിപാടികള്‍ എന്ത് ഏല്‍പ്പിച്ചാലും ചെയ്യാന്‍ തയ്യാറാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനു ക്രൂശിക്കപ്പെട്ടപ്പോള്‍ മന:പ്രയാസമുണ്ടായി. അതേത്തുടര്‍ന്നാണ് പൊതുപരിപാടികളില്‍ നിന്ന് ഒഴിഞ്ഞുനിന്നതെന്നും അബ്ദുല്ലക്കുട്ടി ഡി സി സിക്കു നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു.
അബ്ദുല്ലക്കുട്ടിയെ രാജിവെപ്പിച്ചു കണ്ണൂരില്‍ കെ സുധാകരനെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന പ്രചാരണം കെട്ടുകഥയാണെന്ന് ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. അബ്ദുല്ലക്കുട്ടിയെ രാജിവെപ്പിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന വാര്‍ത്ത അസംബന്ധമാണെന്ന് കെ സുധാകരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.