പൂട്ടിയ എല്ലാ ബാറുകളും തുറക്കില്ല: മുഖ്യമന്ത്രി

Posted on: May 24, 2014 12:17 am | Last updated: May 24, 2014 at 12:17 am

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ പുതിയ നീക്കവുമായി മുഖ്യമന്ത്രി. നിലവില്‍ അടച്ചിട്ടിരിക്കുന്ന 418 ബാറുകള്‍ മുഴുവന്‍ തുറക്കാനാകില്ലെന്നും സര്‍ക്കാറിന് നിയമപരവും പ്രയോഗികവുമായ മാര്‍ഗത്തിലൂടെയേ പ്രവര്‍ത്തിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബാര്‍ വിഷയത്തില്‍ രാഷ്ട്രീയമായ സമവായ ശ്രമങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കമെന്നത് ശദ്ധേയമാണ്. നിലവാരമുള്ള ബാറുകളുടെ കാര്യത്തില്‍ നിയമമനുസരിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകും.
തുറന്നിരിക്കുന്ന ബാറുകളിലും നിലവാരമില്ലാത്തവയുണ്ട്. 317 ലധികം ബാറുകള്‍ ഇക്കൂട്ടത്തില്‍ പെടുന്നതാണ്. ഇവ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് തനിക്കറിയില്ല.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പരിഹാരം കാണുന്നതിന് കോണ്‍ഗ്രസ് ഘടക കക്ഷികളുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രശ്‌നപരിഹാരത്തിന് പ്രായോഗിക മാര്‍ഗം കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അടച്ചിട്ട ബാറുകള്‍ തുറന്ന ശേഷം നിലവാരമുയര്‍ത്താന്‍ ഒരു വര്‍ഷത്തെ സമയം കൊടുക്കണമെന്ന മുന്‍നിലപാടില്‍ ഭേദഗതി വരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്
നികുതി വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കമെന്ന് അറിയുന്നു. എന്നാല്‍ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ബാര്‍പ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം കാണാന്‍ ഉതകില്ലെന്നാണ് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ പക്ഷം. അടച്ചിട്ടവയില്‍ ടു സ്റ്റാര്‍ നിലവാരവും സര്‍ട്ടിഫിക്കറ്റമുള്ള ബാറുകള്‍ മാത്രമേ തുറക്കാവൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധീരന്‍.
അതേസമയം നികുതി വകുപ്പിന്റെ നിര്‍ദേശം നടപ്പായാല്‍ അടഞ്ഞുകിടക്കുന്ന ബാറുകളില്‍ 250 ഓളം തുറക്കേണ്ടി വരും. എന്നാല്‍ മുഖ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ലെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും വി എം സുധീരന്‍ പ്രതികരിച്ചു.