തോല്‍വി അന്വേഷിക്കാന്‍ സി പി എമ്മിന് പ്രത്യേക അന്വേഷണ കമ്മീഷനില്ല

Posted on: May 24, 2014 12:16 am | Last updated: May 24, 2014 at 12:16 am

തിരുവനന്തപുരം: രനാറി’ പ്രയോഗം ബോധപൂര്‍വമെന്ന് പിണറായി വിജയന്‍ സി പി എം സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി്. ആര്‍ എസ് പിയുടെ നെറികേടിന് ഇതിലും വലിയ പ്രയോഗമാണ് നടത്തേണ്ടിയിരുന്നതെന്നും പിണറായി പറഞ്ഞു. ‘പരനാറി’ പ്രയോഗം ദോഷം ചെയ്തുവെന്ന സംസ്ഥാന സമിതി അംഗം എം വി ജയരാജന്റെ പരാമര്‍ശത്തിനാണ് പിണറായി വിജയന്‍ ഈ മറുപടി നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി അന്വേഷിക്കാന്‍ സി പി എമ്മിനു പ്രത്യേക അന്വേഷണ കമ്മീഷന്‍ വെക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി തീരുമാനിച്ചു. പകരം ഈ മാസം 30 മുതല്‍ ചേരുന്ന ജില്ലാ കമ്മിറ്റികള്‍ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തും. ജില്ലാ കമ്മിറ്റികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ പങ്കെടുക്കുന്നതിനും ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ധാരണയായി. 30 മുതല്‍ അഞ്ച് വരെയുളള തീയതികളിലാണ് ജില്ലാ കമ്മിറ്റികള്‍ യോഗം ചേരുക. അതാത് മണ്ഡലങ്ങളിലെ ഫലങ്ങള്‍ അവലോകനം ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും സംസ്ഥാന കമ്മിറ്റി, ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
വ്യാപകമായി ഇടതു വോട്ടുകള്‍ ചോര്‍ന്നുവെന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു. പിണറായി വിജയന്റെ പരനാറി പ്രയോഗവും അമൃതാനന്ദമയി മഠത്തിനെതിരെ ആരോപണമുന്നയിച്ച വിദേശ വനിതയുടെ അഭിമുഖം കൈരളി ടി വി സംപ്രേഷണം ചെയ്തത് കൊല്ലം, ആലപ്പുഴ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് എതിരായെന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു. സി പി എം കൊല്ലം ജില്ലാ സെക്രട്ടറി കെ രാജഗോപാലാണ് ഇത്തരത്തിലുളള വിമര്‍ശം സംസ്ഥാന സമിതി യോഗത്തില്‍ ഉന്നയിച്ചത്. കൊല്ലത്ത് ഹിന്ദു വോട്ടുകള്‍ ബി ജെ പിക്ക് ലഭിച്ചു.
പാര്‍ട്ടിക്ക് പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരുന്ന ഈഴവ വോട്ടുകളും നഷ്ടമായതായി സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. പാര്‍ട്ടിക്ക് പറ്റിയ തെറ്റുകള്‍ കണ്ടെത്തി തിരുത്തണമെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു. നായര്‍ വോട്ടുകള്‍ ബി ജെ പിക്കനുകൂലമായി മാറിയെന്ന് തൃശൂരില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗം ചൂണ്ടിക്കാട്ടി. ഇടത് മുന്നണിയില്‍ സി പി എം, സി പി ഐ പാര്‍ട്ടികള്‍ മാത്രമാകുന്നത് ശരിയല്ലെന്നും സംസ്ഥാന സമിതി അംഗങ്ങള്‍ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര നേതൃത്വത്തില്‍ നിന്നും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളളയും യോഗത്തില്‍ പങ്കെടുത്തു.