പിതാവിന്റെ അറിവോടെ രണ്ട് കുട്ടികളെ നാല് ലക്ഷത്തിന് വിറ്റു

Posted on: May 24, 2014 12:10 am | Last updated: May 24, 2014 at 12:10 am

indian moneyകാഞ്ഞങ്ങാട്: രണ്ട് കുട്ടികളെ പിതാവിന്റെ അറിവോടെ ഒരു സംഘം നാല് ലക്ഷം രൂപക്ക് വിറ്റു. കാഞ്ഞങ്ങാട് സൗത്തിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി സുലൈമാന്റെ ഒന്നര വയസ്സും ആറ് മാസവും പ്രായമുള്ള രണ്ട് കുട്ടികളെയാണ് മംഗലാപുരത്തെ ഒരു വനിതാ അഭിഭാഷക മുഖാന്തരം വിറ്റത്. ഓരോ കുട്ടിക്കും രണ്ട് ലക്ഷം രൂപയാണ് വില നിശ്ചയിച്ചത്.
സുലൈമാന് രണ്ട് ഭാര്യമാരിലായി പതിനൊന്ന് മക്കളുണ്ട്. ആദ്യ ഭാര്യയില്‍ എട്ട് മക്കള്‍. രണ്ടാം ഭാര്യയില്‍ പിറന്ന മൂന്ന് മക്കളില്‍ രണ്ട് പേരെയാണ് ഹമീദ്, ബശീര്‍, റശീദ്, ഇസ്മാഈല്‍ എന്നീ ഇടനിലക്കാരുടെ സഹായത്തോടെ മംഗലാപുരത്തേക്ക് കൊണ്ടുപോയി, അഭിഭാഷക മുഖേന വിറ്റത്. നാല് ലക്ഷം രൂപ അപ്പോള്‍ തന്നെ സംഘം കൈപ്പറ്റിയതായാണ് സൂചന.
കുട്ടികളെ വളര്‍ത്താനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടാണ് സുലൈമാന്‍ കുട്ടികളെ വില്‍ക്കാന്‍ നിര്‍ബന്ധിതനായതെന്ന് പറയുന്നു. കുട്ടികളെ വില്‍പ്പന നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കുട്ടികളെയും അഭിഭാഷകയെയും തേടി ഹൊസ്ദുര്‍ഗ് പോലീസ് ഇന്നലെ മംഗലാപുരത്തെത്തി അന്വേഷണം നടത്തി. അഭിഭാഷകയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.