Connect with us

Eranakulam

പത്രപ്രവര്‍ത്തകന് ഓട്ടോ ഡ്രൈവറുടെ ക്രൂര മര്‍ദനം

Published

|

Last Updated

കൊച്ചി: അമിത യാത്രാക്കൂലി ചോദിച്ചതിനെ എതിര്‍ത്ത കേരളകൗമുദി ന്യൂസ് എഡിറ്റര്‍ ആര്‍ ലെനിന്റെ ഇരു കൈകളും ഓട്ടോറിക്ഷ െ്രെഡവര്‍ വീല്‍ സ്പാനര്‍ ഉപയോഗിച്ച് തല്ലിയൊടിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ത്തല കടക്കരപ്പള്ളി കുട്ടിയാഞ്ചിലിത്തറയില്‍ മുരളീധരനെ (49) കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 11.45ന് നഗരമധ്യത്തിലുള്ള കെ പി സി സി ജംഗ്ഷന് സമീപമായിരുന്നു സംഭവം.
എം ജി റോഡിലെ കേരളകൗമുദി ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായി കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലേക്ക് പോകാനാണ് ലെനിന്‍ ഓട്ടോറിക്ഷ വിളിച്ചത്. അസിസ്റ്റന്റ് സിസ്റ്റം കോ ഓര്‍ഡിനേറ്റര്‍ പി ബി പ്രവീണ്‍കുമാറും ഒപ്പമുണ്ടായിരുന്നു. ഓഫീസിന് മുന്നില്‍ നിന്ന് ഓട്ടോറിക്ഷ നീങ്ങിയ ഉടനെ നാല്‍പ്പത് രൂപയാകുമെന്ന് മുരളീധരന്‍ പറഞ്ഞു. സ്ഥിരം യാത്രക്കാരാണെന്നും മുപ്പത് രൂപയേ നല്‍കുകയുള്ളൂവെന്നും ലെനിന്‍ വ്യക്തമാക്കി. ഇതോടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ത്തന്നെ മുരളീധരന്‍ അസഭ്യം പറഞ്ഞുതുടങ്ങി. ഇതേത്തുടര്‍ന്ന് പാതിവഴിയിലിറങ്ങിയ ശേഷം പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് ആക്രമണം നടത്തിയത്.
ഗുരുതരമായി പരുക്കേറ്റ ലെനിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കൈക്കും പൊട്ടലുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വലത് കൈപ്പത്തിയുടെ മുകള്‍ ഭാഗം പൊട്ടി എല്ലുമാറിയ നിലയിലാണ്. ഇടതു കൈയുടെ മുട്ടിനു താഴെയും സാരമായ പരുക്കുണ്ട്. ഇരു കൈകളിലും ശസ്ത്രക്രിയക്ക് വിധേയനായ ലെനിന്‍, ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മുരളീധരനെ റിമാന്‍ഡ് ചെയ്തു.

Latest