Connect with us

National

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്: കലങ്ങി മറിയുന്നു

Published

|

Last Updated

ചെന്നൈ/ ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയെ ക്ഷണിച്ചതിനെ തുടര്‍ന്ന് തമിഴ് രാഷ്ട്രീയ നേതാക്കളുടെ എതിര്‍പ്പ് ശക്തമാകുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജയലളിത വ്യക്തമാക്കിയതിനു പിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റിനെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിനെ എതിര്‍ത്ത് ഡി എം കെ നേതാവ് കരുണാനിധിയും രംഗത്തെത്തി. രജപക്‌സെയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതിനെ തമിഴ് ജനങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കരുണാനിധി അഭിപ്രായപ്പെട്ടത്.
എതിര്‍പ്പുമായി ആദ്യം രംഗത്തെത്തിയ എന്‍ ഡി എ ഘടകകക്ഷിയായ എം ഡി എം കെ നേതാവ് വൈകോ ഇന്നലെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രജപക്‌സെയെ ചടങ്ങിന് ക്ഷണിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് നരേന്ദ്ര മോദിയോടും ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനോടും വൈകോ ആവശ്യപ്പെട്ടിട്ടുണ്ട്. ബി ജെ പി നേതാക്കളായ അമിത് ഷാ, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുടെ സാന്നിധ്യത്തിലാണ് മോദിയുമായി വൈകോ ചര്‍ച്ച നടത്തിയത്. “തമിഴ് വംശജരെ നിര്‍ദയം കൊലപ്പെടുത്തിയവനാണ് രജപക്‌സെ. ശ്രീലങ്കന്‍ പ്രസിഡന്റിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചത് പുനഃപരിശോധിക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.”- കൂടിക്കാഴ്ചക്കു ശേഷം വൈകോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ ഡി എയുടെ മറ്റൊരു ഘടകകക്ഷിയായ ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഡി എം ഡി കെയും തീരുമാനത്തിനെതിരെ രംഗത്തുണ്ട്.
ശ്രീലങ്കയും പാക്കിസ്ഥാനും ഉള്‍പ്പെടെയുള്ള സാര്‍ക് രാഷ്ട്രത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ശ്രീലങ്കയിലെ തമിഴ് ശക്തികേന്ദ്രമായ വടക്കന്‍ പ്രവിശ്യയിലെ മുഖ്യമന്ത്രിയെ പ്രസിഡന്റിന്റെ സംഘത്തിനൊപ്പം ചേര്‍ത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള എതിര്‍പ്പ് ഇല്ലാതാക്കാന്‍ രജപക്‌സെ ശ്രമം നടത്തിയിരുന്നു.
അതിനിടെ, പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ പാക്കിസ്ഥാനില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ രംഗത്തെത്തി. ശരീഫ് ഇന്ത്യയിലെത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജമാഅത്തുദ്ദവ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുായ ഹാഫിസ് സഈദ് ഭീഷണിപ്പെടുത്തി.
പാക് സൈന്യത്തിലെയും ഐ എസ് ഐയിലെയും ഉന്നതരും ശരീഫിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.