ആറ് പുതിയ വനിതാ പോലീസ് സ്റ്റേഷനുകള്‍ക്ക് ഭരണാനുമതി

Posted on: May 24, 2014 6:04 am | Last updated: May 24, 2014 at 12:05 am

തിരുവനന്തപുരം: സ്ത്രീള്‍ക്കും കുട്ടിക്കള്‍ക്കും മാത്രമായി സംസ്ഥാനത്തെ ആറ് ജില്ലകളില്‍ പുതുതായി ആരംഭിക്കുന്ന വനിതാ പോലീസ് സ്റ്റേഷനുകള്‍ക്ക് ആഭ്യന്തര വകുപ്പ് ഭരണാനുമതി നല്‍കി.
കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ റൂറല്‍. മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേരളത്തില്‍ കൂടുതല്‍ വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി ജി പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ ആദ്യ ഘട്ടമായാണ് പുതിയ ആറ് വനിതാ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ആവശ്യമായി വരുന്ന തസ്തികകള്‍ പുനര്‍ വിന്യാസം വഴി കണ്ടെത്താനും പ്രരംഭ ചെലവുകള്‍ക്ക് പ്രത്യേകം തുക അനുവദിക്കാനും അനുമതി നല്‍കി ഉത്തരവായി.
ആറ് വനിതാ സബ് ഇന്‍സ്‌പെക്ടര്‍, 12 വനിതാ അഡി. സബ് ഇന്‍സ്‌പെക്ടര്‍, 48 വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, 150 വനിതാ സിവില്‍ പോലീസ് ഓഫീസര്‍, ആറ് ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍, ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിങ്ങനെ 228 തസ്തികകളാണ് അധികമായി വേണ്ടിവരിക.
പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ തുക ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കാനും ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.