അടച്ച് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കരുത്: എസ് വൈ എസ്

Posted on: May 24, 2014 12:01 am | Last updated: May 24, 2014 at 12:01 am

sysFLAGകൊച്ചി: സംസ്ഥാനത്ത് ഈയിടെ അടച്ച് പൂട്ടിയ ബാറുകള്‍ യാതൊരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് എറണാകുളം ജാമിഅ അശ്അരിയ്യയില്‍ നടന്നു വരുന്ന എസ് വൈ എസ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ മദ്യം സമ്പൂര്‍ണമായി നിരോധിക്കാനുള്ള ധീരമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും ഇതിന്റെ ചവിട്ടുപടിയായി ബാര്‍ അടച്ച് പൂട്ടിയ നടപടിയെ കാണണമെന്നും ദ്വിദിന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബൂഖാരിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി (സംഘടനാകാര്യം) സി പി സൈതലവി മാസ്റ്റര്‍ (പൊതുകാര്യം) മജീദ് കക്കാട് (അഡ്മിനിസ്‌ട്രേഷന്‍) മുഹമ്മദ് പറവൂര്‍ (പ്രവാസി, സുന്നിവോയ്‌സ്) സുലൈമാന്‍ സഖാഫി മാളിയേക്കല്‍ (ദഅ്‌വാകര്യം), ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി (ക്ഷേമകാര്യം), പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (പ്രസിദ്ധീകരണ വിഭാഗം) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ഇന്ന് കാലത്ത് ഏഴ് മണി മുതല്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സമാപന സംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാനം ചെയ്യും.
2015 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കൗണ്‍സില്‍ അന്തിമ രൂപം നല്‍കും. 124 സംസ്ഥാന കൗണ്‍സിലര്‍മാര്‍ സംബന്ധിക്കുന്നുണ്ട്.