ആത്മഹത്യകളുടെ സാമ്പത്തിക ശാസ്ത്രം

Posted on: May 24, 2014 6:00 am | Last updated: May 23, 2014 at 11:56 pm

ബ്ലേഡ്-കൊള്ളപ്പലിശ മാഫിയയുടെ ഭീഷണികള്‍ അസഹ്യമായപ്പോള്‍ രണ്ട് ആണ്‍മക്കളും അച്ഛനും അമ്മയും പുത്രവധുവും അടങ്ങുന്ന ഒരു കുടുംബത്തിലെ അഞ്ച്് പേര്‍ ആത്മഹത്യ ചെയ്ത സംഭവം സമീപകാലത്ത് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. സംസ്ഥാന ഭരണകൂടത്തിന്റെ നെറ്റിത്തടത്തിന് താഴെ സംഭവിച്ച ഈ കൂട്ട ആത്മഹത്യയെത്തുടര്‍ന്ന് കൊള്ളപ്പലിശ- ബ്ലേഡ് മാഫിയകള്‍ക്കെതിരായ പോലീസ് നടപടികള്‍ ശക്തിപ്പെടുകയുണ്ടായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ സന്നദ്ധനായത് പോലീസ് , നിയമ നടപടികള്‍ക്ക് ഒരല്‍പ്പം ആത്മാര്‍ഥതയൊക്കെ ധ്വനിപ്പിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകളും ആ സ്വഭാവമുള്ള ചൂഷണവും തട്ടിപ്പും , അതിക്രമനടപടികള്‍ക്കെതിരായ ശിക്ഷകളെയും വകുപ്പുകളെയും കുറിച്ച് സാമാന്യമെങ്കിലുമായ അവബോധവമുള്ള ഇതേ സംസ്ഥാന പോലീസ് തന്നെയാണ് കേരളത്തില്‍ ഇന്നലെ വരെയും ഉണ്ടായിരുന്നത്. എന്നിട്ടും കേരളത്തിന്റെ ഏതെങ്കിലും കോണുകളില്‍ നിന്ന് ഏതെങ്കിലുമൊരു കൊള്ളപ്പലിശക്കാരനെതിരെ നിയമപരമായ നടപടികള്‍ ഉണ്ടായതായുള്ള വാര്‍ത്തകള്‍ ഈ കേരളത്തിലെ ജനങ്ങള്‍ക്കു മുന്നിലെത്തിയിരുന്നില്ല. ചെറിയ തുകകള്‍ അത്യാവശ്യക്കാര്‍ക്ക് നല്‍കി അതിന്റെ പേരില്‍ കടക്കാരന്റെ സ്ഥാവരവും ജംഗമുവും രേഖാമൂലവും അല്ലാതെയും സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരികയും പണം വാങ്ങിയവന്റെ ഉറക്കവും മനസ്സമാധാനവും കുടുംബ ജീവിതവും മുഖത്തെ പുഞ്ചിരിയും എന്നെന്നേക്കുമായി കെടുത്തിക്കളയുകയും ചെയ്യുന്ന ദുരാര്‍ത്തരായ കൊടുംക്രൂരന്‍മാര്‍ കേരളത്തില്‍ അരങ്ങുവാഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. പോലീസിലെയും രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥ തലത്തിലെയും സ്വാധീനവും പിന്തുണയും തന്നെയാണ് കേരളത്തില്‍ കൊള്ളപ്പലിശ ബ്ലേഡ്, അനധികൃത പണമിടപാട് മാഫിയകളെ ഇതുവരെ നിലനിര്‍ത്തിയതും അവര്‍ക്ക് വളരാന്‍ ആവശ്യമായ അനുകൂല സാഹചര്യങ്ങളൊരുക്കിവന്നതും എന്ന യാഥാര്‍ഥ്യം നിഷേധിക്കപ്പെടാനകാത്തതാണ്. അധികൃത ധനകാര്യ സ്ഥാപനങ്ങളും അര്‍ഹരായ ആവശ്യക്കാര്‍ക്ക് താത്കാലികമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്ന രജിസ്‌ട്രേഡ് പ്രസ്ഥാനങ്ങളും കേരള- ഇന്ത്യാ ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഒട്ടേറെയുണ്ടായിരുന്നു. 1812ല്‍ സ്ഥാപിതമായ മറാഠ ഫിനാന്‍സ് കമ്പനിയും 1842ല്‍ സ്ഥാപിതമായ കല്‍ക്കത്ത ഇക്കണോമിക് ഫോറവും 1912ല്‍ സ്ഥാപിതമായ മദ്രാസ് കോ-ഓപ് സോസൈറ്റിയും 1923ല്‍ കേരളത്തില്‍ സ്ഥാപിതമായ ട്രിവാന്‍ട്രം ഫിനാന്‍സും 1929ല്‍ സ്ഥാപിതമായ കൊച്ചിന്‍ ഡവലപ്‌മെന്റ് ബേങ്കും ഉള്‍പ്പെടെയുള്ള ഈ പട്ടിക വളരെ വലുതാണ്. ഇവയൊക്കെ അതാതു കാലത്ത് നിലവിലുള്ള ഭരണസംവിധാനങ്ങളുടെ സാമ്പത്തിക നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാറിതര സാമ്പത്തിക ഇടപാടു സ്ഥാപനങ്ങളാണ്. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെയുള്ള ഘട്ടത്തില്‍ സമുജ്ജ്വലമായ പ്രവര്‍ത്തനം കാഴ്ചവെച്ച നിരവധി സഹകരണ സ്ഥാപനങ്ങളുടെ ചരിത്രം നമുക്ക് മുന്നിലുണ്ട്. 1947ന് ശേഷം നിലവില്‍ വന്ന സഹകരണ സ്ഥാപനങ്ങളും അതിനു മുമ്പുള്ളവയുടെ തുടര്‍ച്ചയായി രംഗത്തുവന്നവയും ജനങ്ങക്കുവേണ്ടി പ്രവര്‍ത്തിച്ചവ തന്നെയായിരുന്നു. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹകരണ സ്വഭാവത്തിലുള്ള സാമ്പത്തിക- സഹായ വിനിമയ സ്ഥാപനങ്ങള്‍ 1812ന് മുമ്പുതന്നെ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞിരുന്നു. പിന്നീട് നിയമാനുസൃതവും വ്യവസ്ഥാപിതവുമായ സഹകരണ- സാമ്പത്തിക സ്ഥാപനങ്ങള്‍ ആ പാരമ്പര്യം നിലനിര്‍ത്തി. എക്കാലത്തും മനുഷ്യ ജീവിതത്തില്‍ സാമ്പത്തികമായി ഇടപെട്ടുകൊണ്ട് നിയമാനുസൃതമായി മുന്നോട്ടുപോകുന്ന സ്ഥാപനങ്ങള്‍ക്ക് സമൂഹവും രാഷ്ട്രങ്ങളും അര്‍ഹമായ അംഗീകാരം നല്‍കി വന്നിട്ടുണ്ട്. പണം ആവശ്യമുള്ള വ്യക്തികള്‍ അത് നിയമാനുസൃതമായി ലഭിക്കുന്ന സൗകര്യപ്രദമായ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതില്‍ ഒരു രാജ്യത്തെ നിയമവും പൊതുബോധവും തടസ്സം നിന്നിട്ടില്ല, നില്‍ക്കുകയുമില്ല എന്നു ചുരുക്കം.
സഹകരണ സ്ഥാപനങ്ങളായാലും അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളായാലും പണം ആവശ്യമുള്ളവനെ സഹായത്തിനായി പരിഗണിക്കുന്നതിന് മുന്നോട്ടുവെക്കുന്ന പ്രധാന മാനദണ്ഡം അവന്‍ അതിന് അര്‍ഹനാണോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ്. ഇത് അത്ര വലിയ ഒരു സിദ്ധാന്തമൊന്നുമല്ല. കടം വാങ്ങാനുള്ള ഒരു വ്യക്തിയുടെ ഏറ്റവും പ്രഥമവും പ്രധാനവുമായ അര്‍ഹതയും യോഗ്യതയും ആ കടം തിരിച്ചടക്കാന്‍ അവന് സാധ്യതയും ശേഷിയും ഉണ്ടായിരിക്കുക എന്നതാണ്. ലളിതമായ ഈ യോഗ്യതാ നിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണ് എവിടെയും സാമ്പത്തിക സഹായം അംഗീകരിക്കപ്പെടുന്നത്. സഹകരണ സ്ഥാപനങ്ങളിലും ബാങ്കിംഗ് സ്ഥാപനങ്ങളിലും ഇന്നും നിലനില്‍ക്കുന്നത് ഇതിലപ്പുറം ഒരു മാനദണ്ഡവുമല്ല. വസ്തുക്കളായും വരുമാന സ്രോതസ്സുകളായും വ്യക്തിക്ക് താന്‍ ആശ്രയിക്കുന്ന ധനകാര്യ സ്ഥാപനത്തെ ബോധ്യപ്പെടുത്താവുന്ന എന്താണുള്ളത് എന്നതാണ് ചോദ്യം. അത്തരം ബോധ്യപ്പെടുത്തല്‍ ഉപാധികള്‍ ഇല്ലാത്ത വ്യക്തി സാമ്പത്തിക സഹായത്തിന് അര്‍ഹനല്ല എന്നര്‍ഥം.
പണയമായും ഗ്യാരന്റിയായും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യക്കാരില്‍ നിന്ന് ലഭിക്കുന്നത് മേല്‍പ്പറഞ്ഞ ഒരുറപ്പാണ്. നിയമാനുസൃത ധനകാര്യ സ്ഥാപനങ്ങളില്‍ പണം ആവശ്യമുള്ള വ്യക്തികള്‍ക്ക് തങ്ങളുടെ ഉറപ്പുകളെ അഥവാ ജാമ്യങ്ങളെ വിശ്വാസത്തോടും ധൈര്യത്തോടും സമര്‍പ്പിക്കുവാന്‍ കഴിയും. എന്നാല്‍ അത്തരം സുവ്യക്തതകള്‍ ഇല്ലാത്ത ധനകാര്യ ഇടപാടുകളിലും സ്ഥാപനങ്ങളിലും നല്‍കുന്ന ആവശ്യക്കാരന്റെ അര്‍ഹതാ സാക്ഷ്യങ്ങള്‍ അവനിലേക്ക് തിരിച്ചെത്തുമെന്ന് വിശ്വസിക്കാനാകില്ല. നിയമപരമായ ധനവിനിമയവും നിയമവിരുദ്ധമായ ധനവിനിമയവും വേര്‍തിരിയുന്നത് ആവശ്യക്കാരനെ അവന്റെ കടബാധ്യതയില്‍ നിന്നും അവന്‍ ഏര്‍പ്പെട്ട സാമ്പത്തിക ബാധ്യതാവൃത്തത്തില്‍ നിന്നും അവന്റെ ശേഷിയനുസരിച്ച് പുറത്തുകടക്കാന്‍ നിയമപരമായ സുദൃഢാവസരം അധികൃത ധനകാര്യ സ്ഥാപനങ്ങളില്‍ ഉണ്ട് എന്നിടത്തും അനധികൃത സ്ഥാപനങ്ങളില്‍ അതില്ലാ എന്നിടത്തുമാണ്. നമ്മുടെ നാട്ടില്‍ ധനകാര്യ സ്ഥാപനങ്ങള്‍ എക്കാലത്തും ഉണ്ട്. പണത്തിന് ആവശ്യക്കാരും ഉണ്ടായിരുന്നു. നിയമാനുസൃതം അത് കിട്ടാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും അനിവാര്യതകളെയും നിര്‍ണയിക്കുന്നതില്‍ സമൂഹത്തിനും വ്യക്തികള്‍ക്കും ഉണ്ടായിരുന്ന മൂല്യാധിഷ്ഠിതവും ധര്‍മാധിഷ്ഠിതവുമായ നൈതിക, ഔചിത്യ ബോധങ്ങള്‍ കടബാധ്യതകള്‍ എറ്റെടുക്കുന്നതില്‍ നിന്ന് ശക്തമായ ഒരു പിന്‍വിളിശക്തിയായി നിലനില്‍ക്കയും ചെയ്തിരുന്നു. നാടും സമൂഹവും കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലും മുഴുകിയിരുന്ന കാലത്തുപോലും കടബാധ്യതകള്‍ കാരണം ആത്മഹത്യ ചെയ്യുന്നവര്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. അതിനു പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. കടം കിട്ടാതിരിക്കുന്ന അവസ്ഥയില്‍ മാത്രം അതിന്റെ കാരണങ്ങളെ ഒതുക്കാവതല്ല. അതേ സമയം ആവശ്യത്തെയും അത്യാവശ്യത്തേയും ഔചിത്യ, ധാര്‍മിക ബോധം കൊണ്ടും വരുംവരായ്കകളെ കുറിച്ചുള്ള ദീര്‍ഘദര്‍ശനം കൊണ്ടും നിയന്ത്രിക്കുന്ന ജീവിതബോധമായിരുന്നു ആ കാരണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഒന്ന് കൊടുത്ത് പത്ത് തിരിച്ചു വാങ്ങാന്‍ തയ്യാറായിരിക്കുന്ന ചൂഷകര്‍ അന്നും ഉണ്ടായിരുന്നു. എന്നാല്‍ സ്വീകരിക്കുവാനും ചൂഷകരുടെ വലയില്‍ വീഴാനും തയ്യാറുള്ളവര്‍ ഉണ്ടായിരുന്നില്ല. കടംവാങ്ങുന്നവരുടെ വര്‍ധനവാണ് കടം കൊടുക്കുന്നവരുടെ വര്‍ധനവിന് പശ്ചാത്തലം ഒരുക്കുന്നത്. കടംവാങ്ങാന്‍ ആളുകള്‍ ഇല്ലാതെ വരുമ്പോള്‍ കടംകൊടുത്ത് ചൂഷണം ചെയ്യാനുള്ള കുതന്ത്രങ്ങളുമായി വല വീശിയിരിക്കുന്നവര്‍ ഉണ്ടാവുകയില്ല. കേരളം സാമ്പത്തികമായി പുരോഗമിക്കുകയും ജീവിതം മാറുകയും ചെയ്തപ്പോള്‍ കടത്തിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെയും മേഖലകളിലും ആ മാറ്റം പ്രതിഫലിച്ചു. ”സാമ്പത്തിക വ്യവഹാരങ്ങളിലെ അശ്രദ്ധ സാമ്പത്തികാഭിവൃദ്ധിയുടെ സഹയാത്രികനാണ്” എന്ന് പണ്ട് ഫ്രഡറിക് എംഗല്‍സ് പറഞ്ഞതില്‍ ഈ നിലക്കുള്ള ഒരു യാഥാര്‍ഥ്യമുണ്ട്. ജീവിതം എംഗല്‍സിനെ പഠിപ്പിച്ച പൊള്ളുന്ന ഒരു പാഠമായിരുന്നു ആ നിരീക്ഷണം.
അരിഷ്ടിച്ചു ജീവിക്കുന്ന കാലത്ത് കടംകയറി ആത്മഹത്യ ചെയ്യാനിരിക്കുന്ന മലയാളികള്‍ വയറ് നിറച്ച് ഉണ്ടു തുടങ്ങിയ കാലം മുതലാണ് സാമ്പത്തിക ഞെരുക്കങ്ങള്‍ക്ക് പകരവും പരിഹാരവും ആത്മഹത്യയാണ് എന്നു ചിന്തിച്ചു തുടങ്ങുന്നത്. ഈ യാഥാര്‍ഥ്യത്തിന്റെ തന്നെ ഒരു വിപുലീകരണമാണ് ആഗോളവത്കരണത്തിന്റെയും നവസാമ്പത്തിക നയങ്ങളുടെയും തുടര്‍ച്ചയായി സംഭവിച്ചതും. തൊണ്ണൂറുകള്‍ക്കു ശേഷമുള്ള ഘട്ടംതന്നെ പരിശോധിച്ചാല്‍ മതിയാകും ഇക്കാര്യത്തില്‍ വസ്തുതകള്‍ ഉരുത്തിരിച്ചെടുക്കാന്‍ കേരളത്തില്‍ കുറിക്കമ്പനികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് അനേകം വര്‍ഷങ്ങളായിട്ടുണ്ട്. എന്നാല്‍ അവക്ക് നിയന്ത്രണമുണ്ടിയിരുന്നു. വിരലിലെണ്ണാവുന്നവ മാത്രവുമായിരുന്നു. അതേസമയം ആഗോള വത്കരണ നവസാമ്പത്തിക സ്ഥാപനങ്ങളും ആവിര്‍ഭവിച്ചു. നേരത്തെ സൂചിപ്പിച്ചതുപോലെ ഇവയൊക്കെ ആവശ്യങ്ങളുടെ സൃഷ്ടികളായിരുന്നു. മലയാളി ജീവിതം പൂര്‍വകാലത്തിന്റെ സാമ്പത്തിക അച്ചടക്കങ്ങളില്‍ നിന്നും മുന്‍കരുതലുകളില്‍ നിന്നും തെന്നി നീങ്ങുകയും ആര്‍ഭാടവും ധാരാളിത്തവും പൊങ്ങച്ചവും മലയാളിയുടെ സ്വാഭാവിക ശീലങ്ങളായി മാറുകയും ചെയ്തപ്പോള്‍ സാമ്പത്തിക ചൂഷകരുടെ ചാകരക്കാലം ആരംഭിക്കുകയായിരുന്നുവെന്ന് കാണാം. കരുതലോടെയും ശ്രദ്ധയോടെയും ജീവിക്കുക എന്ന സുരക്ഷിതമായ വഴിയില്‍ നിന്ന് എങ്ങനെയെങ്കിലും ജീവിതം ആര്‍ഭാട സമ്പന്നമാക്കുക എന്ന കാഴ്ചപ്പാടിലേക്കുള്ള മലയാളിയുടെ മാറ്റം കേരളത്തില്‍ സാമ്പത്തിക ചൂഷണവും സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കൊള്ളപ്പലിശ മാഫിയ തുടങ്ങിയ സാമൂഹിക വിരുദ്ധപ്രവണതകള്‍ക്കും തിന്‍മകള്‍ക്കും അവസരങ്ങള്‍ ഒരുക്കി. സ്വന്തം ജീവിതത്തെ അന്യന്റെ ജീവിതവുമായി തുലനം ചെയ്യുന്നതില്‍ മലായാളിക്ക് സംഭവിച്ച നൈതികവും ധാര്‍മികവും മൂല്യപരവുമായ ചില തകരാറുകള്‍ അവനെ അബദ്ധങ്ങളുടെ പെരുവഴികളിക്കിറക്കിവിട്ടു. തിരിച്ചുവരവ് അസാധ്യമായ വിനാശത്തിന്റെ വഴികളായിരുന്നു അവ.
കടം കയറി മലയാളികള്‍ ഒറ്റക്കോ കുടുംബ സമേതമോ ആത്മഹത്യ ചെയ്യുന്നതിന്റെ കാര്യകാരണങ്ങളിലേക്ക് ആഗോളവത്കരണത്തെയും ഉദാരവത്കരണത്തെയും പുത്തന്‍ സാമ്പത്തിക നയങ്ങളെയും വലിച്ചിഴച്ചുകൊണ്ടിരിക്കുകയാണ് എന്നാക്ഷേപിക്കുന്നവരുണ്ട്. അവര്‍ക്ക് സ്വയം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യങ്ങളെയാണ് അവര്‍ നിഷേധിക്കുന്നത്. ജീവിതത്തിലെ ആവശ്യങ്ങളുടെ പട്ടിക വര്‍ധിച്ചതും, ആവശ്യങ്ങള്‍- അനാവശ്യങ്ങള്‍ എന്നിവ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായതും അനിവാര്യതകളെയും നേരിയ ആവശ്യകതകളെയും ഒരേപോലെ കാണാന്‍ തുടങ്ങിയതും ആഗോള, ഉദാരവത്കരണത്തിന്റെ പുറം പൂച്ചുകള്‍ മലയാളി ജീവിതത്തെ വരിഞ്ഞുമുറുക്കിയതു മുതല്‍ തന്നെയാണ്.
പതുക്കെപ്പതുക്കെയും പിന്നീട് ത്വരിതവേഗമാര്‍ജിച്ചും ജീവിത്തിലെ മുന്‍ഗണനാക്രമങ്ങളില്‍ ഭീകരവും അപകടകരവുമായ ചില അട്ടിമറികളാണ് ആഗോളവത്കരണവും ഉദാരവത്കരണവും സൃഷ്ടിച്ചത്. സാധനങ്ങളുടെ വിലവര്‍ധനവ്, കമ്പോള സംസ്‌കാരത്തിന്റെ ആധിപത്യം, തൊഴില്‍ വേതന വിതാനങ്ങളിലെ പൊരുത്തക്കേടുകള്‍, പുത്തന്‍ തൊഴില്‍ ചൂഷണങ്ങള്‍, തൊഴില്‍- തൊഴിലുടമാ ബന്ധങ്ങളില്‍(തൊഴില്‍ ദാനത്തില്‍) വന്ന മാറ്റങ്ങള്‍ എന്നിവയൊക്കെ വരുമാനത്തെ ബാധിക്കുകയും ചെലവുകളെ വരുമാന പരിധികള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ” ജീവിത നിലവാരം” എന്ന ഭംഗിയുള്ള വാക്കുകള്‍ കൊണ്ട് നാം സാധാരണ സൂചിപ്പിക്കാറുള്ള വരുമാനവും, സാഹചര്യങ്ങളും, ചെലവും ഒന്നിച്ചുചേരുന്ന അവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ സ്വന്തം ധനശേഷിക്കപ്പുറത്തേക്ക് കടന്നുചെന്ന് ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മലയാളി ജീവിതത്തെ നിര്‍ബന്ധിക്കുകയുണ്ടായി. സ്വാഭാവികമായും ഈ സാഹചര്യം മണത്തറിഞ്ഞ് ദൂര്‍ത്തരായ സാമ്പത്തിക ചൂഷകര്‍ പലവിധ തന്ത്രങ്ങളുമായി രംഗത്തുവരികയും ചെയ്തു. ആര്‍ഭാടവും പൊങ്ങച്ചവും ആവശ്യങ്ങളെയും അനാവശ്യങ്ങളെയും കുറിച്ചുള്ള വേര്‍തിരവില്ലായ്മയും ഒന്നിച്ചുചേര്‍ന്നപ്പോള്‍ മലയാളി ജീവിതത്തിന് വന്നുചേര്‍ന്ന സാമ്പത്തികമായ അച്ചടക്കരാഹിത്യമാണ് അവനെ ആത്മഹത്യയിലേക്ക് നയിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചത് എന്ന കാര്യം നിഷേധിക്കാനാകില്ല.
ഈ ലേഖനത്തിന്റെ തുടക്കത്തിലേക്കൊരു മടക്കമാവാം. ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമായിരുന്നു. എന്നാല്‍ ആ ദയനീയതയിലേക്ക് ചെന്നെത്തിയ വഴികള്‍ പഠനമര്‍ഹിക്കുന്നു. മൂത്തമകന്‍ പണം മുടക്കിയിരുന്നത് ഷെയര്‍ ബിസിനസില്‍. ചതികളുടെ ആയിരത്തെട്ടുകോടി തന്ത്രങ്ങള്‍ വിളഞ്ഞാടുന്ന ഒരു മേഖല . അവിടെ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നവര്‍ ആ സാഹസം ചെയ്യുന്നത് കടംവാങ്ങുന്ന പണംകൊണ്ടാണെങ്കില്‍ തൂക്കുകയറോ വിഷക്കുപ്പിയോ റെയില്‍പാളമോ ആദ്യമേ കണ്ടെത്തിവെക്കേണ്ടി വരുമെന്നുറപ്പ്. അച്ഛന്‍ മരപ്പണി അറിയാം. ഇക്കാലത്ത് ആ തൊഴില്‍ അറിയുന്നവര്‍ക്ക് മാന്യമായ വരുമാനം കേരളത്തിലുണ്ട്. മക്കള്‍ക്കും ആവഴി തിരഞ്ഞെടുക്കാമായിരുന്നു. പക്ഷേ എളുപ്പവും സാങ്കേതികതയും സോഷ്യല്‍ ഗ്രാഫില്‍ ഉയര്‍ച്ചയും ആഗ്രഹിച്ച മക്കള്‍ അസാധാരണമായ വഴി തിരഞ്ഞെടുത്തു. അന്തിമ ഫലം കൂട്ട ആത്മഹത്യയും.
കൊള്ളപ്പലിശക്കാര്‍ക്കും ബ്ലേഡ് മാഫിയക്കും എതിരെ നടപടികള്‍ ആവശ്യമാണ്. അതോടൊപ്പം തന്നെ കേരളീയ സമൂഹത്തില്‍ ഒരു ബോധ, മൂല്യവത്കരണ യത്‌നവും സംഭവിക്കണം. വരവിന്റെയും ചെലവിന്റെയും ആഗ്രഹ അഭിലാഷങ്ങളുടെയും സമീകരണങ്ങളെയും ജീവിതത്തിലെ ആവശ്യാനാവശ്യങ്ങളെയും കുറിച്ച് യാഥാര്‍ഥ്യ ബോധത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ മലയാളിയെ പ്രേരിപ്പിക്കുന്ന ഒരു ബോധവത്കരണമായിരിക്കണം അത്. കയര്‍ത്തുമ്പുകളിലും വിഷക്കുപ്പികളിലും റെയില്‍പാളങ്ങളിലും ജീവനുകള്‍ കുരുങ്ങിപ്പിടഞ്ഞ് പൊലിഞ്ഞു പോകുന്ന ദാരുണവാര്‍ത്തകളിലേക്ക് മലയാളിയുടെ പ്രഭാതങ്ങള്‍ മിഴിതുറക്കാതിരിക്കാന്‍ മേല്‍പറഞ്ഞ ഉണര്‍ത്തല്‍ ആവശ്യമാണ്.