സൂക്ഷ്മ പരിശോധനയില്‍ രാഹുലിന് നൂറുമേനി

Posted on: May 24, 2014 12:18 am | Last updated: May 23, 2014 at 9:18 pm

കാഞ്ഞങ്ങാട്: അര്‍ഹതപ്പെട്ട മാര്‍ക്ക് കൈയ്യബദ്ധത്താല്‍ മറ്റൊരു കുട്ടിക്ക് നല്‍കിയപ്പോള്‍, രാഹുല്‍ രാജീവിന് നഷ്ടപ്പെട്ടത് പ്ലസ്ടുവിലെ നൂറുശതമാനം മാര്‍ക്ക്. ഒടുവില്‍ സൂക്ഷ്മപരിശോധനയില്‍ മാര്‍ക്ക് ലഭിച്ചപ്പോള്‍ റെക്കോര്‍ഡും തിരിച്ചുവന്നു. ജില്ലയിലെ നൂറ് ശതമാനം വിജയികളില്‍ ഒരാളും സംസ്ഥാനത്തെ 85ല്‍ ഒരാളുമായി മാറി രാഹുല്‍ പ്രതിഭ തെളിയിച്ചു.
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും കൊളവയല്‍ സ്വദേശിയുമായ രാഹുല്‍ രാജീവിന് അധ്യാപികയുടെ കൈയ്യബദ്ധത്തില്‍ ഫലം വന്നപ്പോള്‍ ഒരു മാര്‍ക്ക് കുറഞ്ഞ് 1199 മാര്‍ക്ക് ലഭിച്ച് നൂറ് ശതമാനത്തിന്റെ തിളക്കമില്ലാതായത്. ഉറപ്പായും ലഭിക്കുന്ന നൂറ് ശതമാനം കിട്ടാതെ പോയപ്പോള്‍ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് രാഹുലിന്റെ മാര്‍ക്ക് ഇതേ പേരിലുള്ള മറ്റൊരു വിദ്യാര്‍ഥിക്ക് മാറി നല്‍കിയതായി തെളിഞ്ഞത്. രണ്ടാം വര്‍ഷത്തെ ഇംഗ്ലീഷിന്റെ സിഇ (കണ്ടിന്യുവസ് ഇവാലുവേഷന്‍) മാര്‍ക്ക് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ തൊട്ടടുത്ത നമ്പറിലുള്ള സമാന പേരുള്ള വിദ്യാര്‍ഥിയുടെ പേജിലേക്കാണ് മാറിക്കയറിയത്. രാഹുലിന് ലഭിച്ച മാര്‍ക്കിന് പകരം 19 മാര്‍ക്ക് രേഖപ്പെടുത്തിയപ്പോഴാണ് ഒരു മാര്‍ക്ക് നഷ്ടപ്പെട്ട് 1199 ആയത്. ഇക്കാര്യം കണ്ടെത്തി, സ്‌കൂള്‍ അധികൃതരെ സമീപിച്ചപ്പോള്‍ തന്നെ തെറ്റ് സമ്മതിച്ച് അധ്യാപിക തെറ്റ് ഏറ്റുപറഞ്ഞ് രേഖാമൂലം കത്ത് നല്‍കി. ഈ കത്തുമായി രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് ചെന്ന് വിദ്യാഭ്യാസ മന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ മന്ത്രിതന്നെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ യുദ്ധവേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ തെറ്റ് ബോധ്യപ്പെട്ട് അര്‍ഹതപ്പെട്ട മാര്‍ക്ക് തിരിച്ചുവരികയും ചെയ്തു.
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും തിളങ്ങുന്ന രാഹുല്‍ ഓയില്‍ കളര്‍, കാര്‍ട്ടൂണ്‍, ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയില്‍ കലോത്സവത്തില്‍ സംസ്ഥാനതല വിജയികൂടിയായിരുന്നു. നൂറു ശതമാനം മാര്‍ക്ക് തിരിച്ചുവന്നതോടെ ഫലപ്രഖ്യാപന സമയത്ത് സംസ്ഥാനത്തെ 85കാരില്‍ ഒരാളാകാന്‍ കഴിയാതിരുന്ന സങ്കടം രാഹുലിന് മാറി.
അജാനൂര്‍ അര്‍ബന്‍ ബാങ്ക് നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ എം രാജീവന്റെയും നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജീവനക്കാരി സ്മിതയുടെയും മകനാണ് രാഹുല്‍.