ഹാര്‍ബര്‍ മണല്‍ ജൂണ്‍ ഒന്ന് മുതല്‍ വിതരണം ചെയ്യും

Posted on: May 24, 2014 12:16 am | Last updated: May 23, 2014 at 9:16 pm

കാസര്‍കോട്: കാസര്‍കോട് ഫിഷറീസ് ഹാര്‍ബറിലെ പുലിമുട്ടുകള്‍ക്കിടയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ ഇ-മണല്‍ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കീഴൂര്‍ പ്രദേശത്തെ ചന്ദ്രഗിരി-കീഴൂര്‍ കടപ്പുറം പൂഴി തൊഴിലാളി ക്ഷേമ സഹകരണ സംഘം വഴിയാണ് മണല്‍ നീക്കം ചെയ്യുന്നത്. ഒരു ലോഡ്(അഞ്ച് ടണ്‍) ന് 3750 രൂപ നിരക്കില്‍ മണല്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യും. ഇതിനായി ഈമാസം 26 മുതല്‍ അപേക്ഷിക്കാം. ജൂണ്‍ ഒന്നു മുതല്‍ മണല്‍ വിതരണം ചെയ്യും. റവന്യൂ ഹാര്‍ബര്‍ എഞ്ചിനീയറിങ് പോലീസ് എന്നീ വകുപ്പുകളുടെ സംയുക്തആഭിമുഖ്യത്തിലാണ് മണല്‍ വിതരണം ചെയ്യുന്നത്.
യോഗത്തില്‍ എ ഡി എം. ഒ മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ മോഹനന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ വി എസ് അനില്‍കുമാര്‍ കെ വി രവീന്ദ്രന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, മൈനിങ് ആന്റ് ജിയോളജി ഓഫീസര്‍ മുഹമ്മദ് കുഞ്ഞി, ഹാര്‍ബര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി വി ബാലകൃഷ്ണന്‍, ഡിവിഷണല്‍ അക്കൗണ്ടന്റ് കെ സതീശന്‍, അസി. എഞ്ചിനീയര്‍ അജിത്ത് മോഹനന്‍, സഹകരണസംഘം ഭാരവാഹികളായ എം എ യൂസഫ് ഹാജി, കെ രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.