പീഡനങ്ങള്‍ക്കു വിധേയയായ എല്‍സമ്മയെ നാട്ടിലെത്തിക്കും: ഉമ്മന്‍ചാണ്ടി

Posted on: May 23, 2014 7:21 pm | Last updated: May 23, 2014 at 7:21 pm

കുവൈത്ത് സിറ്റി: വീട്ടുജോലിക്കെന്നപേരില്‍ മനുഷ്യക്കടത്തുസംഘം കുവൈത്തില്‍ എത്തിക്കുകയും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കു വിധേയയാക്കുകയും ചെയ്ത പായം പുതുശേരിത്തട്ട കുര്‍ക്കക്കാലായില്‍ എല്‍സമ്മയെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കൊല്ലം ജനുവരിയില്‍ കുവൈത്തിലേക്കു പോയ എല്‍സമ്മ ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു.
ഇവര്‍ അഭയകേന്ദ്രത്തിലുണ്ടെന്നു കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. എല്‍സമ്മ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയതായി ഒരു മാസം മുമ്പു വിവരമുണ്ടായിരുന്നുവെങ്കിലും നാട്ടില്‍ തിരിച്ചെത്താതിരുന്നത് ആശങ്കയുണര്‍ത്തിയിരുന്നു. സണ്ണി ജോസഫ് എം എല്‍ എയാണു വാര്‍ത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
എല്‍സമ്മയെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുമെന്നു മുഖ്യമന്ത്രി സണ്ണി ജോസഫിനെ അറിയിച്ചു. എംബസിയും പ്രവാസി സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് എം എല്‍ എ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് അവരെ ഇന്ത്യയിലേക്കു തിരിച്ചയക്കുമെന്നും വെല്‍ഫെയര്‍ ഓഫിസര്‍ ബി കെ ഉപാധ്യായ പറഞ്ഞു.
ഒളിച്ചോടിപ്പോയതാണെന്നു തൊഴിലുടമ നല്‍കിയ പരാതി എല്‍സമ്മയ്‌ക്കെതിരെയുണ്ട്. പരാതിയുടെ കോപ്പി ലഭ്യമാക്കി തുടര്‍നടപടികള്‍ ഉണ്ടാകും. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ തൊഴിലുടമയുടെ കൈവശമുള്ള രേഖകളെല്ലാം തിരികെ ലഭ്യമാക്കേണ്ടതുണ്ട്. സ്വാഭാവിക കാലതാമസം മാത്രമേ നാട്ടിലേക്കു തിരിച്ചയക്കുന്നതിന് ഉണ്ടാകൂ. അഭയകേന്ദ്രത്തില്‍ പ്രയാസങ്ങള്‍ ഒന്നും അനുഭവിക്കേണ്ട സാഹചര്യമില്ലെന്ന് വെല്‍ഫെയര്‍ ഓഫിസര്‍ അറിയിച്ചു.