‘മനസ്സറിഞ്ഞു നന്മ പറയുന്നവര്‍ക്കെ നന്മ പ്രവര്‍ത്തിക്കാന്‍ കഴിയു’

Posted on: May 23, 2014 7:09 pm | Last updated: May 23, 2014 at 7:09 pm

റിയാദ്: മനസ്സറിഞ്ഞു നന്മ പറയുന്നവര്‍ക്കേ നന്മ പ്രവര്‍ത്തിക്കാന്‍ കഴിയു എന്ന് കേരള നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. പറയുന്ന നന്മകള്‍ പ്രവര്‍ത്തിച്ചു കാണിച്ചിട്ടുള്ള കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അണികള്‍ സഊദി അറേബ്യയിലും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത് അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ സി എഫ് സംഘടിപ്പിച്ച സാന്ത്വന വളണ്ടിയര്‍ സമര്‍പ്പണ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹ്രസ്വ സന്ദര്‍ശാനാര്‍ത്ഥം റിയാദില്‍ എത്തിയ സ്പീക്കര്‍.
ഐ സി എഫിന്റെ കീഴില്‍ വളണ്ടിയര്‍മാരായി സേവനം ചെയ്യാന്‍ തയ്യാറുള്ള പ്രവാസികളുടെ ആദ്യ ബാച്ച് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സമൂഹത്തിന് സമര്‍പ്പിച്ചു. സേവന മേഖലയില്‍ നിയമ വ്യവസ്ഥയില്‍ നിന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് വളണ്ടിയര്‍മാര്‍ പ്രതിജ്ഞ ചെയ്തു.
സഹായി ജുബൈല്‍ ചെയര്‍മാനും ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റി ക്ഷേമ കാര്യസമിതി ചെയര്‍മാനും ആയ അബ്ദുല്‍ കരീം ഖാസിമി വളണ്ടിയര്‍മാര്‍ക്ക് ക്ലാസ്സെടുത്തു. ഐ സി എഫ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ ആന്‍വരി, എക്‌സിക്യൂട്ടിവ് അംഗം അശ്‌റഫ് അലി, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിസാര്‍ കാട്ടില്‍, ടി എസ് എ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.