ബ്രസീലിന് വലിയൊരു ചരിത്രമുണ്ട്, അവരെ കരുതണം : സബെല

Posted on: May 23, 2014 1:10 am | Last updated: May 23, 2014 at 1:10 am

Alejandro-Sabellaലയണല്‍ മെസി, സെര്‍ജിയോ അഗ്യെറോ, ഗോണ്‍സാലോ ഹിഗ്വെയിന്‍, ജാവിയര്‍ മഷെറാനോ എന്നിങ്ങനെ സൂപ്പര്‍ താരനിര അര്‍ജന്റീനക്ക് സ്വന്തം. കോച്ച് അലസാന്‍ഡ്രൊ സബെല നേരിടുന്ന പ്രധാന വെല്ലുവിളി ഈ കളിവൈഭവങ്ങളെ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുന്നതിലാണ്. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചാമ്പ്യന്‍മാരായാണ് അര്‍ജന്റീന ബ്രസീലിലേക്ക് ടിക്കറ്റെടുത്തത്. യൂറോപ്യന്‍ ടീമുകള്‍ നേരിടുന്ന കാലാവസ്ഥാ പ്രശ്‌നം അര്‍ജന്റീനക്കില്ല. കപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള നിര തന്നെയാണത്. കോച്ച് സബെല മനസ് തുറക്കുന്നു…

1998 ഫ്രാന്‍സ് ലോകകപ്പില്‍ ഡാനിയല്‍ പാസറെല്ലയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തവണ അര്‍ജന്റീനയുടെ ഹെഡ് കോച്ചാണ്. രണ്ട് ജോലികളെയും താരതമ്യപ്പെടുത്തുമ്പോള്‍ ?
അജഗജാന്തരം വ്യത്യാസമുണ്ട്. മുഖ്യ പരിശീലകനായി നില്‍ക്കുമ്പോഴുള്ള സമ്മര്‍ദം വലുതാണ്. അസിസ്റ്റന്റിന് അത്ര സമ്മര്‍ദം അനുഭവിക്കേണ്ടതില്ല. കോച്ചിനെ സഹായിച്ചാല്‍ മാത്രം മതി. ഇത്തവണ പ്രധാന തീരുമാനങ്ങളെല്ലാം എടുക്കേണ്ടത് ഞാനാണ്. തീര്‍ത്തും വ്യത്യസ്ത അനുഭവം.

മുന്‍ അനുഭവം വെച്ച് ഇത്തവണ ഒഴിവാക്കാനാഗ്രഹിക്കുന്ന പിഴവ്?
ടൂര്‍ണമെന്റിലുടനീളം കളിക്കാരുടെ എനര്‍ജി നിലനിര്‍ത്താന്‍ ബദ്ധശ്രദ്ധനാകും. 1998 ലോകകപ്പില്‍ സംഭവിച്ച പിഴവാണത്. ഹോളണ്ട് എക്‌സ്ട്രാ ടൈമില്‍ യുഗോസ്ലാവിയയെ തോല്‍പ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിലാണ് ഞങ്ങള്‍ കീഴടക്കിയത്. കളിക്കാര്‍ ഏറെ ക്ഷീണിച്ചവശരായി. പക്ഷേ ആ വിജയം വലിയ ആഘോഷമായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഹോളണ്ടിനെ നേരിട്ടത് മുപ്പത് ഡിഗ്രി ചൂടില്‍. മത്സരം കനത്തതായിരുന്നു. എനര്‍ജി ലെവലില്‍ അര്‍ജന്റീന പിറകോട്ടു പോയി. മത്സരം ഹോളണ്ട് ജയിച്ചു.

രണ്ട് വര്‍ഷം മുമ്പ് സ്‌പെയിനും ജര്‍മനിയും മികച്ച ടീമുകളെന്ന് പറഞ്ഞു. ഇപ്പോള്‍ ബ്രസീലിനെയും ഫേവറിറ്റ് ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചോദ്യം ആവര്‍ത്തിച്ചാല്‍ ഉത്തരത്തില്‍ ഇന്ന് മാറ്റമുണ്ടാകുമോ?
സ്‌പെയിന്‍, ജര്‍മനി ടീമുകള്‍ക്കൊപ്പമാണ് ബ്രസീലിന്റെ സ്ഥാനം. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ബ്രസീലിന്റെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം, അവര്‍ അഞ്ച് വട്ടം ലോകം കീഴടക്കിയവരാണ്. നിങ്ങള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കൂ, അപ്പോള്‍ മനസ്സിലാകും അവര്‍ എല്ലായ്‌പോഴും മികച്ച ടീമായിരുന്നുവെന്ന്. കായബലം, അത്‌ലറ്റിസം, അസാധ്യമായ സാങ്കേതിക തികവ് ബ്രസീല്‍ കളിക്കാരുടെ പ്രത്യേകതയാണ്. അവര്‍ എല്ലാ തവണയും ഫേവറിറ്റുകളാണ്, ഇത്തവണ ആതിഥേയര്‍ എന്ന നിലയില്‍ അല്പം കൂടി ഉയരത്തിലാണെന്ന് മാത്രം.
നാട്ടില്‍ കളിക്കുന്നത് അവരെയൊരിക്കലും സമ്മര്‍ദത്തിലാഴ്ത്തില്ല. കോണ്‍ഫെഡറേഷന്‍സ് കപ്പ് അതിന് തെളിവാണ്. ഇരുതലമൂര്‍ച്ചയുള്ളവരായി ബ്രസീല്‍ മാറാനാണ് സാധ്യത.

ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍ സാധ്യത കാണുന്നുണ്ടോ?
ഞാന്‍ പ്രതീക്ഷിച്ച ചോദ്യമാണിത്. ഡ്രോ പ്രകാരം അതിനുള്ള സാധ്യത കാണാം. പക്ഷേ ഞാനതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല.

യൂറോപ്യന്‍ ടീമുകള്‍ ഫേവറിറ്റുകളായുണ്ട്. ബ്രസീലിലെ കാലാവസ്ഥ അവര്‍ക്ക് പ്രതികൂലമാകുമെന്ന് കരുതുന്നുണ്ടോ?
അത് സാഹചര്യങ്ങള്‍ക്കനുസരിച്ചിരിക്കും. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും കളിക്കുന്നത് വ്യത്യസ്തമാണ്. മെക്‌സിക്കോയില്‍ ചൂടാണെങ്കില്‍ ചിലിയിലും അര്‍ജന്റീനയിലും ലോകകപ്പ് സമയത്ത് ശൈത്യമാണ്. ബ്രസീലില്‍ സ്ഥിതി വ്യത്യസ്തമാണ്. ഓരോ നഗരങ്ങളിലും കാലാവസ്ഥ വിഭിന്നം. ചിലയിടങ്ങളില്‍ 24-25 ഡിഗ്രിയാണ് ചൂടെങ്കില്‍ മറ്റ് വേദിയില്‍ 33-34 ഡിഗ്രിയാകും. അതാതു ദിവസം കളിക്കാര്‍ കാലാവസ്ഥയോട് പൊരുത്തപ്പെടുന്നതിന് അനുസരിച്ചാകും ടീമിന്റെ റിസള്‍ട്ട്.

മെസിയില്‍ എത്ര മാത്രം പ്രതീക്ഷയര്‍പ്പിക്കുന്നു?
പകരം വെക്കാനില്ലാത്ത താരമാണ് മെസി. ഏതൊരു കോച്ചും ആഗ്രഹിക്കുന്ന താരം. ക്ലബ്ബിനെന്ന പോലെ ദേശീയ ടീമിനായും മെസി തിളങ്ങുന്നു. എന്നാല്‍, മെസിയില്‍ മാത്രം ഒതുങ്ങുന്നതല്ല അര്‍ജന്റീനയുടെ ഗെയിം. പ്രതീക്ഷ നല്‍കുന്ന നിരവധി പേര്‍ ടീമിലുണ്ട്.

അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏതു വിധം അടയാളപ്പെടുത്താനാണ് താങ്കള്‍ ആഗ്രഹിക്കപ്പെടുന്നത്?
അതൊന്നുമറിയില്ല. പ്രൊഫഷണലും കഠിനാധ്വാനിയുമായി അറിയപ്പെടണം. തന്റെ പിന്‍ഗാമികള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രചോദനമാകണമെന്നാഗ്രഹമുണ്ട്.