Connect with us

Ongoing News

അര്‍ജന്റീനക്ക് ബോസ്‌നിയന്‍ വെല്ലുവിളി

Published

|

Last Updated

ബോസ്‌നിയ, ഇറാന്‍, നൈജീരിയ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ അര്‍ജന്റീന സുരക്ഷിതരാണ്. നാല് വര്‍ഷം മുമ്പ് അര്‍ജന്റീന ലോകകപ്പ് ആരംഭിച്ചത് നൈജീരിയയെ നേരിട്ടു കൊണ്ടായിരുന്നു. ഇത്തവണയും ഇവര്‍ ഗ്രൂപ്പ് റൗണ്ടില്‍ നേര്‍ക്കുനേര്‍ വരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനക്കായിരുന്നു ജയം. യൂറോപ്യന്‍ മേഖലയില്‍ നിന്ന് അനായാസം ലോകകപ്പ് ടിക്കറ്റെടുത്ത ബോസ്‌നിയ അലസാന്‍ഡ്രൊ സബെലയുടെ അര്‍ജന്റീനക്ക് വെല്ലുവിളിയാകും. ഇറാന് ഒന്നും നഷ്ടപ്പെടാനില്ല. അട്ടിമറി പ്രതീക്ഷയോടെ ഏഷ്യന്‍ സംഘവും ഗ്രൂപ്പില്‍ ആവേശം വിതറുമെന്ന് പ്രതീക്ഷിക്കാം.
ഡിയഗോ മറഡോണയുടെ നിഴലിലാണ് ഇപ്പോഴും ലയണല്‍ മെസി. മറഡോണ രാഷ്ട്രത്തിന് പ്രതീക്ഷ ഒറ്റക്ക് ചുമലിലേറ്റിയവനാണ്. മെസി ക്ലബ്ബ് ഫുട്‌ബോളിലൂടെ മറഡോണയെ പോലും അതിശയിപ്പിക്കുന്നുവെങ്കിലും ലോകകപ്പ് ജേതാവല്ലെന്നത് പോരായ്മയായി നില്‍ക്കുന്നു. 2010 ല്‍ മെസിയുടെ പ്രകടനം മോശമായിരുന്നില്ല. തനിക്ക് ചുറ്റും ആള്‍ക്കൂട്ടം മാത്രമായി ഒതുങ്ങിയ സഹതാരങ്ങളായിരുന്നു മെസി മാജിക് അന്യമാക്കിയത്. ജര്‍മനിയോട് 4-0ന് തോറ്റ് പുറത്തായത് മെസിക്ക് ഇന്നും നടുക്കുന്ന ഓര്‍മയാണ്.
എന്നാല്‍ യോഗ്യതാ റൗണ്ടില്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന കളിച്ചത് മികച്ച ഫുട്‌ബോളായിരുന്നു. പരിശീലകന്‍ എന്ന നിലയില്‍ സബെല തന്റെ വ്യക്തിപ്രഭാവം അടയാളപ്പെടുത്തിയത് യോഗ്യതാ റൗണ്ടില്‍. സെര്‍ജിയോ അഗ്യെറോ, ഹിഗ്വെയിന്‍ എന്നീ സ്‌ട്രൈക്കര്‍മാര്‍ കൂടി ചേരുന്നതോടെ മെസിയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേറും.
നൈജീരിയയുടെ സൂപ്പര്‍ താരം കോച്ച് സ്റ്റീഫന്‍ കെഷിയാണ്. യൂറോപ്പില്‍ കളിക്കുന്നവരേക്കാള്‍ കെഷി പരിഗണന നല്‍കിയത് ആഭ്യന്തര ലീഗ് കളിക്കുന്നവര്‍ക്കാണ്. ഈഗോയുള്ളവര്‍ ടീമില്‍ വേണ്ടെന്നാണ് കോച്ചിന്റെ തീരുമാനം. ടീം വര്‍ക്ക് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയാല്‍ റിസള്‍ട്ട് തന്റെ വഴിയേ വരുമെന്ന് കെഷി വിശ്വസിക്കുന്നു.
തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബഷെയുടെ താരം ഇമ്മാനുവല്‍ എമെനികെ, ലിവര്‍പൂളിന്റെ വിക്ടര്‍ മോസസ് എന്നിവര്‍ നൈജീരിയയുടെ പ്രതീക്ഷയാണ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ അലക്‌സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച കാര്‍ലോസ് ക്വുറോസിന്റെ കരുത്തിലാണ് ഇറാന്റെ വരവ്. 1978, 1998, 2006 ലോകകപ്പുകളില്‍ പങ്കെടുത്ത ഇറാന്‍ ആദ്യ റൗണ്ടിനപ്പുറം പോയിട്ടില്ല. ദക്ഷിണകൊറിയ, ലെബനന്‍, ഖത്തര്‍ ടീമുകള്‍ക്കെതിരെ മികച്ച വിജയവുമായാണ് ഇറാന്‍ ലോകകപ്പ് യോഗ്യത നേടിയത്.
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ജിയില്‍ ഗ്രീസ്, സ്ലൊവാക്യ, ലിത്വാനിയ, ലാറ്റ്‌വിയ, ലിചെന്‍സ്റ്റന്‍ ടീമുകളെ പിന്തള്ളിയാണ് ബോസ്‌നിയ ബ്രസീല്‍ ടിക്കറ്റെടുത്തത്. പത്ത് മത്സരങ്ങളില്‍ എട്ടിലും ജയം. ലോകകപ്പില്‍ കന്നിയങ്കം.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ എദെന്‍ സെകോയാണ് സൂപ്പര്‍ താരം. അര്‍ജന്റീനക്കൊപ്പം നോക്കൗട്ട് റൗണ്ടിലേക്ക് ബോസ്‌നിയയാകും മുന്നേറുക.

Latest