ഇടുക്കി ബിഷപ്പ് ഹൗസ് ആക്രമണം: റേഞ്ച് ഐ ജി. തെളിവെടുത്തു

Posted on: May 23, 2014 1:01 am | Last updated: May 23, 2014 at 1:01 am

തൊടുപുഴ: ബിഷപ്പ് ഹൗസിനുനേരെയുണ്ടായ ആക്രമണത്തില്‍ പുനരന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച കൊച്ചി റേഞ്ച് ഐ ജി. എം ആര്‍ അജിത്കുമാര്‍ തെളിവെടുപ്പ് നടത്തി. ഉച്ചക്ക് 1.30 ന് രൂപതാ കാര്യാലയത്തിലെത്തിയ ഐ ജി. ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സംഭവ സമയം ബിഷപ്പിനോടൊപ്പമുണ്ടായിരുന്ന വൈദികരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വോട്ടെണ്ണല്‍ കഴിഞ്ഞ 16 ന് രാത്രി 9. 45 നാണ് രൂപതാ കാര്യാലയത്തിന് നേരെ സ്‌ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം നടത്തിയത്. സ്‌ഫോടക വസ്തുക്കള്‍ വീണു പൊട്ടിയ സ്ഥലം ഐ ജി. പരിശോധിച്ചു. കേസന്വേഷിച്ചതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പുനരന്വേഷണം നടത്തി കേസില്‍ പുതിയ ചാര്‍ജ് ഷീറ്റ് നല്‍കും. പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കും. വേണ്ടിവന്നാല്‍ പുതിയ ടീമിനെക്കൊണ്ട് കേസന്വേഷിക്കുമെന്നും ഐ ജി. പറഞ്ഞു.
എന്നാല്‍ ഇതുവരെ നടന്ന പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് രൂപതാ അധികൃതര്‍ ഐ ജിയെ ധരിപ്പിച്ചു. ഫോണിലൂടെ പേര് വെളിപ്പെടുത്താതെ ചിലര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് വാഴത്തോപ്പ് മുന്‍ മണ്ഡലം പ്രസിഡന്റ് ജോര്‍ജ് തൊട്ടിയില്‍, യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം സെക്രട്ടറി കരിമ്പന്‍ ചെറുകാട്ടില്‍ ഷിന്റോ, വെള്ളമ്മാക്കല്‍ സ്റ്റീഫന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും കോടതിയില്‍ നിന്നും ജേക്കബ് പിണക്കാട്ട്, ജിജോ എന്നീ പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരായും ജാമ്യം നേടി.
പ്രതികളെ സഹായിക്കുന്ന രീതിയില്‍ കേസെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഐ ജി. അജിത്കുമാറിനൊപ്പം ജില്ലാ പോലീസ് ചീഫ് അലക്‌സ് എം വര്‍ക്കി, ഡിവൈ എസ് പി. സാബു മാത്യു, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. ഫെയ്മസ് വര്‍ഗീസ് എന്നിവരും ഉണ്ടായിരുന്നു.