സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് സി പി എം സംസ്ഥാന സമിതി

Posted on: May 23, 2014 1:01 am | Last updated: May 23, 2014 at 1:01 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയതായും പിണറായി വിജയന്റെ പരനാറി പ്രയോഗം തിരിച്ചടിയായെന്നും സി പി എം സംസ്ഥാന സമിതിയോഗത്തില്‍ വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് പിന്നില്‍ സംസ്ഥാനത്തെ പൊതുരാഷ്ട്രീയസ്ഥിതി വിലയിരുത്തുന്നതില്‍ പാളിച്ച പറ്റിയെന്ന് തുറന്ന് സമ്മതിക്കുന്ന പിണറായി വിജയന്റെ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയിലാണ് വിമര്‍ശമുയര്‍ന്നത്.
തിരുവനന്തപുരം മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥി മറ്റ് സ്ഥാനാര്‍ഥിക്കൊപ്പം നില്‍ക്കാന്‍ പര്യാപ്തനായിരുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് എം വിജയകുമാര്‍ ചൂണ്ടിക്കാട്ടി. ബെന്നറ്റ് എബ്രഹാം ഒരു പ്രത്യേക വിഭാഗത്തിന്റെ ആളായി ചിത്രീകരിക്കപ്പെട്ടു. മുമ്പ് പി കെ വി ഉള്‍പ്പെടയുള്ളവര്‍ മത്സരിച്ചപ്പോഴും മികച്ച പ്രകടനം നടത്താന്‍ ഒ രാജഗോപാലിന് കഴിഞ്ഞിരുന്നു. രാഷ്ട്രീയ ഭേദമന്യേ രാജഗോപാലിന് അനുകൂലമായി ഹൈന്ദവവോട്ടുകള്‍ വന്‍തോതില്‍ ഏകീകരിച്ചതോടെ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പിണറായിയുടെ പരനാറി പ്രയോഗം കൊല്ലത്ത് തിരിച്ചടിയായെന്നും പിണറായിയുടെ പരാമര്‍ശം അനവസരത്തിലായിരുന്നുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ ഏകീകരിച്ചുവെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിഗമനവും വിമര്‍ശിക്കപ്പെട്ടു.
സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതില്‍ വന്ന പിഴവാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ വോട്ടര്‍മാരെയും മതന്യൂനപക്ഷങ്ങളെയും പാര്‍ട്ടിക്കനുകൂലമാക്കാന്‍ കഴിയാതിരുന്നതും പരാജയത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചുരുങ്ങിയത് പത്ത് സീറ്റുകളിലെങ്കിലും ഉറപ്പായും വിജയിക്കാവുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇത് മുതലെടുക്കാന്‍ പാര്‍ട്ടി സംവിധാനത്തിന് കഴിഞ്ഞില്ല. കൊല്ലം, കോഴിക്കോട്, വടകര, ആലപ്പുഴ മണ്ഡലങ്ങളിലെ പരാജയത്തെ കുറിച്ച് പ്രത്യേക പരിശോധന ആവശ്യമാണ്. പുതിയ വോട്ടര്‍മാരുടെ മനസ്സ് മനസ്സിലാക്കി നിലപാടെടുക്കുന്നതില്‍ വീഴ്ച പറ്റി. മതന്യൂനപക്ഷങ്ങള്‍ യു ഡി എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മോദി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുവെന്ന പ്രതീതിയാണ് ഇതിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ മണ്ഡലങ്ങളിലെയും ഫലം വിശദമായി അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്. ദേശീയതലത്തിലുള്ള തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അവതരിപ്പിച്ചു. സംസ്ഥനങ്ങളില്‍ സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയത് ദേശീയതലത്തിലെ ദയനീയ പരാജയത്തിന് കാരണമായതാണ് റിപ്പോര്‍ട്ട്. പിണറായി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ ഇന്നലെ വൈകീട്ട് ആരംഭിച്ച ചര്‍ച്ച ഇന്നും തുടരും.