ഭൂരിഭാഗം മെഡിക്കല്‍ ലാബുകളും അടച്ചുപൂട്ടേണ്ടിവരും

Posted on: May 23, 2014 1:00 am | Last updated: May 23, 2014 at 1:00 am

കണ്ണൂര്‍: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലെ 90 ശതമാനം മെഡിക്കല്‍ ലാബുകളും അടച്ചുപൂട്ടേണ്ടിവരുമെന്ന് ആശങ്ക. 20,000ത്തോളം മെഡിക്കല്‍ ലാബുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നതായാണ് കണക്ക്. ഇത്രയും ലാബുകളിലായി ഒരു ലക്ഷത്തിലധികം ജീവനക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. ലാബുകള്‍ പൂട്ടുന്നതോടെ ജീവനക്കാര്‍ പെരുവഴിയിലാകും. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തിലാണ് അവതരിപ്പിക്കുക. ബില്‍ പാസായാല്‍ ഈ രംഗം കുത്തക, കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കൈപ്പിടിയിലൊതുങ്ങുമെന്നാണ് സൂചന. ഒരു മെഡിക്കല്‍ ലാബില്‍ ഒരു എം ബി ബി എസ് ഡോക്ടര്‍ നിര്‍ബന്ധമാണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

രോഗ നിര്‍ണയ പരിശോധനാ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ ഒപ്പ് വെക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ഇത് നിലവിലുള്ള കേരളത്തിലെ ഭൂരിഭാഗം മെഡിക്കല്‍ ലാബുകള്‍ക്കും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. ലാബുകളുടെ വിസ്തീര്‍ണം 2,500 സ്‌ക്വയര്‍ മീറ്ററായിരിക്കണമെന്നാണ് മറ്റൊരു നിബന്ധന.
മെഡിക്കല്‍ ലാബില്‍ ജോലി ചെയ്യുന്നവരെല്ലാം .യോഗ്യരായിരിക്കണമെന്നും പറയുന്നു. ഇത് നിലവിലുള്ള ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിനും കാരണമാകും. ഇപ്പോള്‍ കേരളത്തിലുള്ള മെഡിക്കല്‍ ലാബുകളില്‍ കൂടുതലും 500 മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ളവയാണ്. ഒരു ലാബ് നടത്തണമെങ്കില്‍ ഡോക്ടര്‍, ബയോ കെമിസ്റ്റ്, മൈക്രോ ബയോളജിസ്റ്റ് എന്നിവര്‍ നിര്‍ബന്ധമാണ്. ഇതൊക്കെ ലാബോറട്ടറികളുടെ ചെലവുകള്‍ വര്‍ധിപ്പിക്കാനിടയാക്കുമെന്ന് മാത്രമല്ല സാധാരണക്കാരന് കുറഞ്ഞ നിരക്കില്‍ രോഗനിര്‍ണയവും അസാധ്യമാകും. സംസ്ഥാനത്തെ എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധിത രജിസ്‌ട്രേഷനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും ബില്‍ നിര്‍ദേശിക്കുന്നു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ അതോറിറ്റിക്കാണ് ക്ലിനിക്കുകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാനുള്ള അധികാരം.
ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളെ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ബില്‍ കേരളത്തില്‍ അതെപടി നടപ്പാക്കുന്നത് ദോഷകരമാണെന്ന് ഡോക്ടര്‍മാരുടെയും മെഡിക്കല്‍ ലാബ് ഉടമകളുടെയും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വന്‍കിട കോര്‍പറേറ്റുകളുടെ കടന്നുവരവ് ഇപ്പോള്‍ തന്നെ ചെറുകിട ആശുപത്രികളെ ബാധിച്ചിട്ടുണ്ട്. ബില്‍ കൂടി വരുന്നതോടെ ചെറുകിട ആശുപത്രികളും ഭൂരിഭാഗം മെഡിക്കല്‍ ലാബുകളും അടച്ചുപൂട്ടേണ്ടി വരും.
മെഡിക്കല്‍ ലാബുകളില്‍ രോഗ നിര്‍ണയത്തിന് ഇന്ന് ഈടാക്കുന്ന തുകയുടെ ഇരട്ടിയും അതിലേറെയും ഫീസ് നല്‍കേണ്ടിയും വരും. ഫലത്തില്‍ രോഗ നിര്‍ണയത്തിനും ചികിത്സക്കും ചെലവേറുകയായിരിക്കും പുതിയ നിയമം മൂലം വരിക. ബില്ലിനെതിരെ ഇപ്പോള്‍ തന്നെ ശക്തമായ വിമര്‍ശമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.