ചന്ദ്രികയുടെ എഡിറ്റോറിയല്‍ അനുചിതം: കെ സി ജോസഫ്

Posted on: May 23, 2014 12:59 am | Last updated: May 23, 2014 at 12:59 am

കോഴിക്കോട്: മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രിക പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ അനൗചിത്യമായെന്ന് മന്ത്രി കെ സി ജോസഫ്. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് പത്രത്തില്‍ വന്ന മുഖപ്രസംഗം ലീഗിന്റെ അഭിപ്രായമാണെന്ന് കരുതുന്നില്ല. എന്നാല്‍ ഇത്തരമൊരു അഭിപ്രായപ്രകടനം ഒരു പാര്‍ട്ടിയുടെ മുഖപത്രത്തില്‍ വരരുതായിരുന്നു. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ കോണ്‍ഗ്രസ് വിലയിരുത്തും. പരാജയത്തിന്റെ പേരില്‍ സോണിയാ ഗാന്ധിയെയോ രാഹുല്‍ഗാന്ധിയെയോ കുറ്റപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ ചിത്രകലാ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ യു ഡി എഫിന് മെച്ചപ്പെട്ട വിജയമാണുണ്ടായത്. എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്ന് പറയാനാകില്ല. ഇതു സംബന്ധിച്ച കാര്യകാരണങ്ങള്‍ കെ പി സി സിയും യു ഡി എഫും ചര്‍ച്ച ചെയ്യും. കണ്ണൂരില്‍ യു ഡി എഫിനുണ്ടായ പരാജയത്തിന്റെ പേരില്‍ പാര്‍ട്ടിയിലെ ആരെയും ബലിയാടാക്കില്ല. അവിടെ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നത് പരസ്യമായ രഹസ്യമാണ്. എന്നാലിത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ തെളിയിക്കുക പ്രയാസമാണെന്നും മന്ത്രി പറഞ്ഞു. യു പി എ സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചില്ലെന്നും കെ സി ജോസഫ് കൂട്ടിച്ചേര്‍ത്തു.