Connect with us

Kozhikode

വയനാട് വന്യജീവി സങ്കേതത്തില്‍ തുമ്പികളെക്കുറിച്ച് സര്‍വേ

Published

|

Last Updated

കോഴിക്കോട്: വനം, വന്യജീവി വകുപ്പ് കോഴിക്കോട് ആസ്ഥാനമായ മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ വയനാട് വന്യജീവി സങ്കേതത്തില്‍ തുമ്പികളെക്കുറിച്ച് സര്‍വേ നടത്തുന്നു. ഈ മാസം 30, 31 ജൂണ്‍ ഒന്ന് തീയതികളിലായി നടത്തുന്ന സര്‍വേയില്‍ ഈ രംഗത്തെ വിദഗ്ധരും ഫോട്ടോഗ്രാഫര്‍മാരുമടക്കം 50 ഓളം പേര്‍ പങ്കെടുക്കും. ആദ്യമായാണ് വന്യജീവി സങ്കേതത്തില്‍ തുമ്പികളെക്കുറിച്ച് സര്‍വേ.
344.44 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തില്‍ പരിസ്ഥിതി ദുര്‍ബലമായി അടയാളപ്പെടത്തിയതും ആന്റി പോച്ചിംഗ് ക്യാമ്പുകളോട് ചേര്‍ന്നുള്ളതുമായ പ്രദേശങ്ങളിലായിരിക്കും സര്‍വേയെന്ന് മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി പ്രസിഡന്റ് സത്യന്‍ മേപ്പയൂര്‍ പറഞ്ഞു.
ജൈവ ജാത്യങ്ങളുടെ ചിത്രം പകര്‍ത്തി പഠനത്തിനു വിധേയമാക്കുന്ന രീതിശാസ്ത്രമാണ് തുമ്പികളെക്കുറിച്ചുള്ള സര്‍വേയില്‍ ഉപയോഗപ്പെടുത്തുക. സര്‍വേയില്‍ പങ്കാളികളാകുന്നവര്‍ പകര്‍ത്തുന്ന ചിത്രങ്ങളുടെ ശാസ്ത്രീയ വിശകലനത്തിലൂടെ ഓരോ പ്രദേശത്തുമുള്ള തുമ്പികളെക്കുറിച്ചുള്ള വിവരം ലഭ്യമാക്കും. തെക്കേ വയനാട്ടിലെ ബത്തേരി, മുത്തങ്ങ, കുറിച്യാട് റെയ്ഞ്ചുകളും വടക്കേ വയനാട്ടിലെ തോല്‍പ്പെട്ടി റെയ്ഞ്ചും ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം. കര്‍ണാടക, തമിഴ്‌നാട് വനങ്ങളുമായി അതിരിടുന്നതാണ് വന്യജീവി സങ്കേതത്തിന്റെ പല ഭാഗങ്ങളും. കല്ലന്‍തുമ്പികളും സുചിത്തുമ്പികളും അടങ്ങുന്നതാണ് തുമ്പികളുടെ സമൂഹം. ഇരിക്കുമ്പോള്‍ നിവര്‍ത്തിപ്പിടിക്കുന്ന ചിറകുകളും തടിച്ച ഉടലുമാണ് കല്ലന്‍തുമ്പിയുടെ(ഡ്രാഗണ്‍ ഫ്‌ളൈ)യുടെ പ്രത്യേകത. ഇരിക്കുമ്പോള്‍ ചിറകുകള്‍ ഉടലിനു സമാന്തരമായി ചേര്‍ത്തുവെക്കുന്നവയാണ് സൂചിത്തുമ്പികള്‍(ഡെംസല്‍ ഫ്‌ളൈ). ഈ ഇനത്തില്‍പ്പെട്ട ലെസ്റ്റിഡേ കുടുംബത്തിലുള്ള തുമ്പികള്‍ ചിറകുകള്‍ വിടര്‍ത്തിപ്പിടിക്കുന്നവയാണ്. ഇവ ചേരാ ചിറകന്‍ തുമ്പി എന്നാണ് അറിയപ്പെടുന്നത്.
വന്യജീവി സങ്കേതത്തിലെ തുമ്പി വൈവിധ്യത്തെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിനാണ് സര്‍വേയിലൂടെ തുടക്കമിടുന്നതെന്ന് സത്യന്‍ മേപ്പയൂര്‍ പറഞ്ഞു. വന്യജീവി സങ്കേതത്തിലെ ചതുപ്പുകളുടെയും അരുവികളുടെയും സമീപപ്രദേശങ്ങള്‍ തുമ്പികളാല്‍ സമ്പന്നമാണ്. തുമ്പികളിലെ വൈവിധ്യം, ഇവയുടെ വരവും പോക്കും, ദേശാടനം, അപൂര്‍വവും അത്യപൂര്‍വവുമായവ, മുമ്പ് കാണപ്പെട്ടിരുന്നതും ഇപ്പോള്‍ ഇല്ലാത്തുമായവ, എണ്ണത്തില്‍ കൂടുതലുള്ളവ, തദ്ദേശീയമായവ, ആവാസ വ്യവസ്ഥയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങളിലാണ് സര്‍വേയിലൂടെ വിവരശേഖരണം നടത്തുന്നത്. ഇത് പിന്നീട് ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതടക്കം തുമ്പികളുടെ സംരക്ഷണത്തിനുള്ള പദ്ധതികളുടെ ആസൂത്രണത്തിന് ഉപയോഗപ്പെടുത്തും. പഠനത്തിന്റെ ഭാഗമായി തുടര്‍ വര്‍ഷങ്ങളിലും സര്‍വേ നടത്തും. കേരളത്തില്‍ ഇതിനകം 150 ഓളം ഇനം തുമ്പികളെയാണ് കണ്ടെത്തിയിട്ടുള്ളത്.

 

Latest