എന്‍ ശ്രീനിവാസന്റെ ഹരജി സുപ്രീം കോടതി തള്ളി

Posted on: May 23, 2014 12:23 am | Last updated: May 23, 2014 at 12:23 am

ന്യൂഡല്‍ഹി: ബി സി സി ഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ ഹരജി സുപ്രീം കോടതി തള്ളി. ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്ത സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ഐ പി എല്‍ ഒഴിച്ചുളളവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ തന്നെ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
മറ്റൊരു ബഞ്ചിന്റെ വിധി മാറ്റാന്‍ തങ്ങളുടെ ബഞ്ചിന് അവകാശമില്ലെന്ന് അവധിക്കാല ബഞ്ചിലെ ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍, എ കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. വിധി പ്രസ്താവം പുറപ്പെടുവിച്ച ബഞ്ചിനെ വേണമെങ്കില്‍ പരാതിക്കാരന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
മാര്‍ച്ച് 28ലെയും മെയ് 16ലെയും കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ശ്രീനിവാസന്‍ കോടതിയെ സമീപിച്ചത്. ബി സി സി ഐ സ്ഥാനത്തിരിക്കാന്‍ എന്‍ ശ്രീനിവാസന് യോഗ്യതയില്ലെന്ന് അന്ന് കോടതി വിധിപ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.