Connect with us

National

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാജപക്‌സെക്ക് ക്ഷണം; പ്രതിഷേധം വ്യാപകം

Published

|

Last Updated

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം വ്യാപിക്കുന്നു. തമിഴ് സംഘടനകളാണ് ഈ നടപടിയെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഈ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജയലളിത മൗനം പാലിക്കുകയാണ്.
ഈ മാസം 26ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജപക്‌സെയുടെ സാന്നിധ്യം തമിഴ് ജനതയുടെ വികാരത്തെ മുറിപ്പെടുത്തുമെന്നായിരുന്നു ബി ജെ പിയുടെ സഖ്യകക്ഷി കൂടിയായ എം ഡി എം കെയുടെ വിശദീകരണം. ശ്രീലങ്കന്‍ പ്രസിഡന്റിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കരുതായിരുന്നെന്നും ഈ നടപടി തമിഴ് ജനതയുടെ വികാരം മുറിപ്പെടുത്തുമെന്ന കാര്യം നരേന്ദ്ര മോദി മനസ്സിലാക്കണമെന്നുമായിരുന്നു ഡി എം കെ നേതാവ് എം കരുണാനിധിയുടെ വാക്കുകള്‍. അതേസമയം തമിഴ്ജനതയുടെ വികാരം മാനിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ജയലളിത മാറി നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജപക്‌സെ താന്‍ പങ്കെടുക്കുന്നുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദിയും ജയലളിതയും പരസ്പരം കൊമ്പു കോര്‍ത്തിരുന്നെങ്കിലും മോദി പ്രധാനമന്ത്രിപദത്തിലേക്കെത്തിയതോടെ ഇരുവരും മൃദുസമീപനമാണ് കൈക്കൊണ്ടിരുന്നത്. മുമ്പ് രണ്ട് പേരും മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോള്‍ പരസ്പരം രണ്ട് പേരും ഈ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

 

Latest