ഗൊഗോയിയുടെ രാജി സന്നദ്ധത സോണിയ തള്ളി

Posted on: May 23, 2014 12:21 am | Last updated: May 23, 2014 at 12:21 am

ന്യൂഡല്‍ഹി: മുഖ്യമന്ത്രി തരുണ്‍ഗൊഗോയിയുടെ രാജിസന്നദ്ധത കോണ്‍ഗ്രസ് അധ്യക്ഷത സോണിയാ ഗാന്ധി തള്ളി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹം സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ സന്ദര്‍ശിച്ച് രാജി സന്നദ്ധത നേരിട്ട് അറിയിച്ചത്. സംസ്ഥാന മന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ അറിയിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന കാര്‍ഷിക മന്ത്രി നിലോമണി സെന്‍ പറഞ്ഞു.
സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ഭരണം മെച്ചപ്പെടുത്താനും സോണിയാ ഗാന്ധി ഗൊഗോയിക്ക് നിര്‍ദേശം നല്‍കി.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത മാസം ഒന്നിന് സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കും. ഗൊഗോയിക്ക് കീഴില്‍ സോണിയാ ഗാന്ധി പരിപൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയതായി മുതിര്‍ന്ന പാര്‍ട്ടി നേതാവും എം എല്‍ എയുമായ അഞ്ജന്‍ ദത്ത പറഞ്ഞു.
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൊത്തമുള്ള 14 സീറ്റില്‍ മൂന്ന് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ താന്‍ ഒരാഴ്ചക്കുള്ളില്‍ രാജിവെക്കുമെന്ന് തരുണ്‍ഗോഗോയ് വ്യക്തമാക്കിയിരുന്നു.