Connect with us

Editorial

കോണ്‍ഗ്രസ് തോല്‍വിയും നേതാക്കളുടെ വിമര്‍ശവും

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്കു കാരണം മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളാണെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്റെ ശക്തി പാവപ്പെട്ടവനും സാധാരണക്കാരനുമാണ്. അധികാരത്തിലേറിയപ്പോള്‍ സര്‍ക്കാര്‍ അവരെ മറന്നു കോര്‍പറേറ്റുകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് മുതിര്‍ന്നത്. എന്നാല്‍ യു പി എ സര്‍ക്കാര്‍ സഹായിച്ച കോര്‍പറേറ്റുകളും സമ്പന്നരും തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ കോണ്‍ഗ്രസിനെ വിട്ടു നരേന്ദ്ര മോദിയുടെ പിന്നാലെ പോയി. അവസരവാദികളും സമ്പന്നരും ഒരിക്കലും കോണ്‍ഗ്രസിനെ പിന്തുണക്കുകയില്ലെന്ന് തിരച്ചറിഞ്ഞു ഇനിയെങ്കിലും സാധാരണക്കാരന്റെ താത്പര്യം സംരക്ഷിക്കുന്ന തരത്തില്‍ പാര്‍ട്ടിയുടെ നയം മാറ്റണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി.
ചരിത്രത്തിലെ ഏറ്റവും ദയനീയ തോല്‍വിയിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചത് യു പി എ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളാണെന്ന് തിരഞ്ഞടുപ്പ് ഫലം വിശകലനം ചെയ്ത രാജ്യത്തെ പ്രമുഖ രാഷ്ട്രീയ മീമാംസകരും മാധ്യമങ്ങളുമെല്ലാം ചൂണ്ടിക്കാണിച്ചതാണ്. എങ്കിലും കോണ്‍ഗ്രസിന്റെ പ്രമുഖനായ നേതാവും സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനുമായ ചെന്നിത്തല കാര്യങ്ങള്‍ ഈ വിധം തുറന്നു പറയുമ്പോള്‍ അതിന് കൂടുതല്‍ പ്രാധാന്യവും ഗൗരവവുമുണ്ട്. വസ്തുത വെട്ടിത്തുറന്നു പറയാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കേണ്ടുതമാണ്. എന്നാല്‍ സബ്‌സിഡികള്‍ അടിക്കടി വെട്ടിച്ചുരുക്കിയും പെട്രോള്‍ ഉത്പന്നങ്ങളുടെ വില തീരുമാനിക്കുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടു കൊടുത്തും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുകയും കോര്‍പറേറ്റുകളുടെ താത്പര്യങ്ങള്‍ അപ്പടി സംരക്ഷിക്കുകയും ചെയ്യുന്ന തെറ്റായ നയങ്ങള്‍ മന്‍മോഹന്‍ സര്‍ക്കാറില്‍ നിന്ന് പ്രകടമായി തുടങ്ങിയത് ഈ അടുത്ത നാളുകളിലല്ല. തൊണ്ണൂറുകളുടെ ആദ്യത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി പദവിയിലെത്തിയ അന്ന് തൊട്ടേ തുടങ്ങിയതാണ് മന്‍മോഹന്റെ സാമ്രാജ്യത്വ, കോര്‍പറേറ്റ് വിധേയത്വം. അക്കാലത്ത് കയറ്റുമതി, ഇറക്കുമതി നയം മാറ്റുകയും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്തപ്പോള്‍ തന്നെ, ഇത് രാജ്യത്തിന്റ സമ്പദ്ഘടനയുടെ നട്ടെല്ലായ കര്‍ഷകരെയും സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചൂണ്ടിക്കാണിച്ചതാണ്. നെഹ്‌റുവിന്റെ കാലം മുതല്‍ രാജ്യം തുടര്‍ന്നുവന്ന സാമ്പത്തികനയങ്ങളെയാണ് മന്‍മോഹന്‍ സിംഗ് അന്നുതൊട്ടേ തകിടം മറിക്കാന്‍ തുടങ്ങിയത്. 2004 മുതല്‍ 2014 വരെയുള്ള തന്റെ പത്ത് വര്‍ഷത്തെ ഭരണക്കാലത്ത് ഏറെക്കുറെ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു. ചെന്നിത്തലയെപ്പോലെയുള്ള നേതാക്കള്‍ അന്ന് തന്നെ മന്‍മോഹന്‍ സിംഗിന്റെ അപകടകരമായ നയവ്യതിയാനത്തിനെതിരെ രംഗത്തു വരികയും അതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ ദുര്‍ഗതി വരുമായിരുന്നില്ല. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നാരും അതിന് തയാറായില്ലെന്ന് മാത്രമല്ല, അതു ചൂണ്ടിക്കാണിച്ച ഗുണകാംക്ഷികളെ പാര്‍ട്ടിയുടെ ശത്രുക്കളും വികസന വിരോധികളുമായി മുദ്രയടിക്കുകയുമായിരുന്നു.
സ്‌പെക്ട്രം 2ജി, കല്‍ക്കരിപ്പാടം തുടങ്ങി രാജ്യം കണ്ട വന്‍ അഴിമതികളില്‍ പലതും നടന്നത് യു പി എ ഭരണകാലത്താണ്. പാര്‍ലിമെന്റില്‍ പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് വരെ പങ്കുണ്ടെന്ന് സി ബി ഐ കോടതി മുമ്പാകെ വെളിപ്പെടുത്തിയതാണ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പ്രസിദ്ധ പത്രപ്രവര്‍ത്തകനുമായ സഞ്ജയ് ബാരുവും ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്. റിലയന്‍സിനെപ്പോലുള്ള കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയായിരുന്നു ഈ ക്രമക്കേടുകളെല്ലാം. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് നേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയോ, പാര്‍ട്ടി അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയോ ചെയ്തിരുന്നെങ്കില്‍ കോണ്‍ഗ്രസിനത് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു ഭരണത്തില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. അതുകൊണ്ട് തന്നെ തിരഞ്ഞടുപ്പ് പരാജയത്തില്‍ യു പി എ സര്‍ക്കാറും പാര്‍ട്ടി നേതൃത്വവും ഭരണത്തിലിരുന്നപ്പോള്‍ മന്‍മോഹന്‍ സിംഗിന് സ്തുതി പാടി സുഖിപ്പിച്ചവരുമെല്ലാം പങ്കാളികളാണ്. ഈ ബോധ്യത്തോടെ കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയെടുത്ത നടപടികള്‍ പുനഃപരിശോധിച്ചും അഴിമതിയുടെ കറ പുരണ്ടവരെ നേതൃസ്ഥാനത്ത് നിന്നു മാറ്റി നിര്‍ത്തിയും ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനുള്ള നടപടികളിലേക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ശ്രമമാണ് ഇനി ഉണ്ടാകേണ്ടത്.

Latest