ഇടതുപക്ഷവും കാല്‍ക്കീഴിലെ മണ്ണും

Posted on: May 23, 2014 6:00 am | Last updated: May 23, 2014 at 12:15 am

കാക്ക കാഷ്ഠിക്കുന്നതില്‍പ്പോലും രാഷ്ട്രീയമുണ്ടെന്ന് കരുതുകയും അതിനെ വര്‍ഗവിശകലനം ചെയ്ത്, അണികളെയും അനുഭാവികളെയും സായുധരാക്കുകയും ചെയ്യുന്നതാണ് ഇടത് പാര്‍ട്ടികളുടെ, പ്രത്യേകിച്ച് സി പി എമ്മിന്റെ രീതി. രാജ്യത്ത് വര്‍ഗീയ – ഫാസിസ്റ്റ് രാഷ്ട്രീയം വളരുന്നതിലും സമാന്തരമായി അരാഷ്ട്രീയത ഉണരുന്നതിലുമുള്ള ആകുലത നിരന്തരം പങ്ക്‌വെക്കുകയും ചെയ്തിരുന്നു ഇടത് പാര്‍ട്ടികള്‍. ഇതിനപ്പുറത്ത് രാഷ്ട്രീയമായ മുന്നേറ്റത്തിനോ, അവരെ തന്നെ ആകുലരാക്കിയ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ മുന്നോട്ടുവരവിനെ തടയുന്നതിനോ എന്തെങ്കിലും പ്രായോഗിക പദ്ധതി ഇടതുപക്ഷത്തിനുണ്ടായിരുന്നോ എന്ന സംശയം പ്രബലമാകുകയാണ്. ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ച തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും നേരം പുലരാത്ത ഏതെങ്കിലും രാഷ്ട്രീയ സംവിധാനമുണ്ടെങ്കില്‍ അത് ഇടതുപക്ഷമാണ്, പ്രത്യേകിച്ച് സി പി എമ്മാണ് എന്ന് പറയേണ്ടിവരും. അതുകൊണ്ട് തന്നെ രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഭാവി വലിയ ചോദ്യചിഹ്നത്തിന് മുന്നിലാണ്.
ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ണില്‍ ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയം വളരില്ല എന്നതായിരുന്നു ഇത്ര കാലവും സി പി എമ്മിന്റെ സിദ്ധാന്തം. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ ബി ജെ പിക്ക് വേരോട്ടമുണ്ടായിട്ടില്ലെന്നത് ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ആ അവസ്ഥക്ക് വിരാമമായെന്നോ അത്തരമൊരു അവസ്ഥ, വര്‍ഗീയ രാഷ്ട്രീയത്തെ പിന്തുണക്കാന്‍ ഇടതു മണ്ണിലെ വോട്ടര്‍മാര്‍ യഥാര്‍ഥ അവസരം കാത്തിരുന്നത് കൊണ്ട് മാത്രമായിരുന്നുവെന്നോ ഉള്ള വിലയിരുത്തലില്‍ എത്തേണ്ട തിരഞ്ഞെടുപ്പ് ഫലമാണ് ഇക്കുറിയുണ്ടായത്. ആ ഗൗരവത്തോടെ, കാര്യങ്ങളെ സമീപിക്കാനുള്ള ശ്രമം സി പി എം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നതുകൊണ്ടാണ് രാജ്യത്ത് ഇനിയും നേരം പുലരാത്തത് ഇടത് പാര്‍ട്ടികള്‍ക്ക് മാത്രമാണെന്ന് പറയേണ്ടിവരുന്നത്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി വരെയുള്ള വിവിധ ഘടകങ്ങള്‍, ഫലം അവലോകനം ചെയ്ത്, ഔദ്യോഗികമായൊരു വിശദീകരണത്തിലേക്ക് എത്തിയിട്ടില്ല എന്നതുകൊണ്ട് തന്നെ ഇങ്ങനെ പറയുന്നത് ‘അകാല’ത്തിലാണോ (എം എ ബേബിയോട് കടപ്പാട്) എന്ന സംശയം ന്യായമാണ്. പക്ഷേ, നേതാക്കളുടെ പ്രാഥമിക പ്രതികരണങ്ങളെ കണക്കിലെടുക്കുമ്പോള്‍ പറയാതിരിക്കാന്‍ നിവൃത്തിയില്ല. വര്‍ഗീയമായ ചേരിതിരിവിനെ, തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍പ്പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലേക്ക് സി പി എമ്മും അതിന്റെ നേതാക്കളും മാറിയിരിക്കുന്നുവെന്ന് ചുരുക്കം. വോട്ടെണ്ണലിന്റെ കണക്കുകള്‍ വന്നതിന് ശേഷവും അവര്‍ക്ക് അതിന് സാധിക്കാതെ വരുമ്പോള്‍ നേരം പുലര്‍ന്നിട്ടില്ലെന്ന് തന്നെ പറയേണ്ടിവരും.
34 വര്‍ഷത്തിന് ശേഷം പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍, മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് രണ്ട് ടേം പിന്നിടുമ്പോഴെങ്കിലും നിവര്‍ന്ന് നില്‍ക്കാനാകുമെന്ന പ്രതീക്ഷ, ഇടതു മുന്നണിക്കും സി പി എമ്മിനുമുണ്ടായിരുന്നു. ഇടതു രാഷ്ട്രീയത്തെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നവരും ഈ പ്രതീക്ഷ പങ്ക് വെച്ചു. പക്ഷേ, ഈ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ അവിടെ ചിത്രം മാറിയിരിക്കുന്നു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റുകളിലൊന്ന് പോലും നിലനിര്‍ത്താന്‍ സി പി എമ്മിനോ ഇടതു മുന്നണിക്കോ സാധിച്ചില്ല. ആകെ ജയിച്ചത് രണ്ട് പേര്‍. കൈയിലുണ്ടായിരുന്നത് പോയെങ്കിലെന്ത്, കോണ്‍ഗ്രസില്‍ നിന്ന് രണ്ട് സീറ്റ് പിടിച്ചെടുക്കാനായില്ലേ എന്ന് നാല് സീറ്റ് പിടിച്ചെടുത്തില്ലേ എന്ന കേരളത്തിലെ ന്യായം മുന്‍നിര്‍ത്തി വേണമെങ്കില്‍ ചോദിക്കാം. ബംഗാളില്‍ തൃണമൂല്‍ ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ സി പി എമ്മിനൊപ്പം രണ്ട് സീറ്റില്‍ വിജയിച്ച ബി ജെ പി അവരുടെ വോട്ട് ശതമാനം ആറില്‍ നിന്ന് 19ലേക്ക് വര്‍ധിപ്പിച്ചു. ബി ജെ പി വിജയിച്ച സീറ്റുകളിലൊന്ന്, 2009ലുള്‍പ്പെടെ 25 കൊല്ലമായി ഇടത് പ്രതിനിധികള്‍ മാത്രം ജയിച്ചുപോന്ന അസന്‍സോളാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് ബദലായി ബി ജെ പി വേരുറപ്പിക്കുകയാണോ എന്ന സംശയം ഇവിടെ ബലപ്പെടുകയാണ്. അങ്ങനെയെങ്കില്‍, ഇത്രനാളും സി പി എമ്മിനും ഇടതുപക്ഷത്തിനുമൊപ്പം നിന്ന വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം ബി ജെ പിയിലേക്ക് ചേരി മാറുകയാണെന്ന് കരുതണം.
കേരളത്തിലേക്ക് വന്നാല്‍, യു ഡി എഫ് സര്‍ക്കാറിന്റെ ഭരണത്തിനെതിരായ വികാരം പോലും മുതലെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ഇടതു പക്ഷം താഴ്ന്നുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരായ വികാരം വോട്ടായപ്പോള്‍ അത് ബി ജെ പിയുടെ പെട്ടിയിലാണ് പ്രധാനമായും വീണത്. എല്ലാ മണ്ഡലങ്ങളിലും ബി ജെ പിക്ക് വോട്ട് കൂടി. തിരുവനന്തപുരത്ത് വിജയത്തോടടുത്ത പരാജയം ഒ രാജഗോപാലിനുണ്ടായപ്പോള്‍ ഇടതു സ്ഥാനാര്‍ഥി മൂന്നാമതായി. ബംഗാളിലേതു പോലെ വിജയം കൊണ്ട് സാധൂകരിക്കത്തക്ക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനായില്ലെങ്കിലും അടുത്തൊരു തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലേക്ക് ബി ജെ പി എത്തിയിരിക്കുന്നു. അവിടെയും നഷ്ടപ്പെടുക ഇടതുപക്ഷത്തിന്റെ വോട്ടുകളാണെന്നതിന് തിരുവനന്തപുരം സാക്ഷ്യം നില്‍ക്കും. ഇടതുപക്ഷത്തിനൊപ്പം നിന്ന, ഇടത്തരക്കാരായ ഹിന്ദുക്കള്‍, പ്രത്യേകിച്ച് സവര്‍ണര്‍ ബി ജെ പിയിലേക്ക് ചായാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മാത്രം ബലം ബി ജെ പിക്കില്ലെന്ന കാരണത്താല്‍ മാത്രമാണ് അത് വോട്ടായി മാറാതിരുന്നത്. ആ പ്രവണത ഇനി തുടരുമെന്ന് കരുതേണ്ടതില്ല.
അപ്പോഴാണ് ന്യൂനപക്ഷങ്ങളുടെ പിന്തുണ വേണ്ട വിധത്തില്‍ കിട്ടാതിരുന്നതാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമുണ്ടാകാതിരിക്കാന്‍ കാരണമെന്ന് സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന്/യു ഡി എഫിന് അനുകൂല നിലപാടെടുത്തു. സി പി എമ്മിന്/എല്‍ ഡി എഫിന് ജയിക്കാന്‍ മാത്രം വോട്ട് ലഭിച്ചില്ല. ബി ജെ പിയുടെ വോട്ട് ഉയരുകയും ചെയ്തു. വസ്തുത ഇതാണെങ്കില്‍ ബി ജെ പിയിലേക്ക് കൂടുതലായി എത്തിയ വോട്ടുകള്‍ ഇടതിന്റെ പാളയത്തില്‍ നിന്നുള്ളതാണെന്ന് പറയേണ്ടിവരും. പുതിയ വോട്ടര്‍മാരുടെ എണ്ണം കണക്കാക്കാതെയല്ല ഇത് പറയുന്നത്. പുതുതായി വോട്ടര്‍ പട്ടികയിലെത്തിയവരൊക്കെ ബി ജെ പിക്ക് വോട്ട് ചെയ്തുവെന്ന് വിലയിരുത്തി, തങ്ങളുടെ വോട്ട് ചോര്‍ന്നിട്ടില്ലെന്ന് വേണമെങ്കില്‍ ഇടത് പക്ഷത്തിന് വാദിക്കാവുന്നതാണ്. അപ്പോഴും തിരുവനന്തപുരത്ത് ബെന്നറ്റ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എന്തുകൊണ്ടെന്ന ചോദ്യം ഉത്തരമില്ലാതെ ഇടതിന് മുന്നില്‍ നില്‍ക്കും.
കാര്യങ്ങള്‍ ഈ അവസ്ഥയില്‍ നില്‍ക്കെയാണ് വോട്ടെണ്ണലിന് ശേഷമുള്ള ആദ്യത്തെ പോളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ പിണറായി വിജയന്‍, പ്രചാരണത്തിനിടെ കൊല്ലത്ത് നടത്തിയ പ്രയോഗത്തോട് പ്രതികരിച്ചത്. രാഷ്ട്രീയമായി ചെറ്റത്തരം കാട്ടുന്നവരെ ചെറ്റയെന്നല്ലാതെ എന്ത് വിശേഷിപ്പിക്കുമെന്നായിരുന്നു പിണറായിയുടെ ചോദ്യം. ഇടതുപക്ഷം, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയിരിക്കുമ്പോഴും തന്റെ പ്രയോഗങ്ങളുടെ സാധുത സ്ഥാപിച്ചെടുക്കാന്‍ യത്‌നിക്കുന്ന പോളിറ്റ് ബ്യൂറോ അംഗത്തിന്റെ രാഷ്ട്രീയ ഔചിത്യത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യത ആ പാര്‍ട്ടിക്കുണ്ട്. പ്രതീക്ഷിക്കാത്തൊരു തിരഞ്ഞെടുപ്പ് ഫലം വരികയും വര്‍ഗീയ ഫാസിസം മുഖമുദ്രയാക്കിയ നേതാവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരാനിരിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം ചെറിയ സംഗതികളല്ല പ്രധാനമാകേണ്ടത് എന്ന്, പരനാറി പ്രയോഗത്തെക്കുറിച്ച് ചോദിച്ചവരോട് തിരിച്ച് പറയാനുള്ള ഔചിത്യമാണ് പി ബി അംഗത്തിന് ഇല്ലാതെ പോയത്. കേരളത്തിന്റെ സംസ്ഥാന സെക്രട്ടറി മാത്രമല്ല, സി പി എമ്മിന്റെ നയനിലപാടുകള്‍ തീരുമാനിക്കുന്ന സമിതികളിലെല്ലാം അംഗം കൂടിയാണ് താനെന്ന ഓര്‍മ പോലും ഇല്ലാതായിപ്പോകുകയാണ്, ഞാനെന്ന ഭാവത്തിന് മുന്നില്‍.
തിരഞ്ഞെടുപ്പ് പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് ശിവഗിരിയിലും പിന്നീട് അയ്യങ്കാളി ജന്മ ശതാബ്ദി സമ്മേളനത്തിലും പങ്കെടുത്ത നരേന്ദ്ര മോദി, കേരളത്തിലെ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിച്ച് കഴിഞ്ഞിരുന്നു. ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിലെ തമ്മില്‍തല്ല് മൂലം ആ യാത്ര തത്കാലം ലക്ഷ്യം കണ്ടില്ലെന്ന് വേണം കരുതാന്‍. അതല്ലെങ്കില്‍ ഇക്കുറി തന്നെ ബി ജെ പി അക്കൗണ്ട് തുറക്കുമായിരുന്നു. അത് മനസ്സിലാക്കി, പ്രവര്‍ത്തിക്കാന്‍ ഇടതു പക്ഷത്തിന് സാധിച്ചില്ലെന്നതിന് നാടാര്‍ വോട്ടുകളുടെ ഏകീകരണം ഉദ്ദേശിച്ചുള്ള തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം മാത്രം മതി തെളിവായി. മത, ജാതി സമവാക്യങ്ങള്‍ മാറിയും തിരിഞ്ഞും പരീക്ഷിച്ച് തിരഞ്ഞെടുപ്പില്‍ ജയം കാണുക എന്നതിലേക്ക് ഇടതു രാഷ്ട്രീയ പ്രവര്‍ത്തനം ചുരുങ്ങിയപ്പോള്‍, ഹിന്ദു വിഭാഗക്കാരുടെ ഏകീകരണവും ആ മതത്തിലധിഷ്ഠിതമായ ഭരണവും വാഗ്ദാനം നല്‍കുന്ന ബി ജെ പിക്ക് എന്തിന് അയിത്തം കല്‍പ്പിക്കണമെന്ന ചിന്ത വളര്‍ന്നുവന്നാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. കൂട്ടിയും കിഴിച്ചും പുതിയ സമവാക്യങ്ങളുടെ പരീക്ഷണമാണ് ഭാവിയിലും അജന്‍ഡയെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുമുണ്ട്. അല്ലായിരുന്നുവെങ്കില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് യു ഡി എഫില്‍ കേന്ദ്രീകരിച്ചതാണ് പ്രതീക്ഷിച്ച ജയം ഉണ്ടാകാതിരുന്നതിന് കാരണമെന്ന് സംസ്ഥാന സെക്രട്ടറി വിലയിരുത്തുമായിരുന്നില്ല. നേരം പുലര്‍ന്നിട്ടില്ലാത്തവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ്.
ജാതി സമവാക്യങ്ങളെ തകര്‍ത്ത് യു പിയിലും ബീഹാറിലുമൊക്കെ മുന്നേറ്റമുണ്ടാക്കാന്‍ ബി ജെ പിക്ക് ഇക്കുറി സാധിച്ചിട്ടുണ്ട്. പക്ഷേ, അവിടങ്ങളിലൊക്കെ, തിരിച്ചുപോക്കിനുള്ള സാധ്യത നിലനില്‍ക്കുന്നു. നിതീഷും ലാലുവും മായാവതിയും മുലായം സിംഗ് യാദവുമൊക്കെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതിനെക്കുറിച്ച് ബോധവാന്‍മാരായിരിക്കുന്നു. കേരളത്തിലെ സ്ഥിതി അതല്ല. നരേന്ദ്ര മോദിയുടെ ഭരണം, പ്രതീക്ഷിക്കുന്ന ആകുലതകള്‍ സമ്മാനിച്ച് മുന്നേറിയാല്‍, ധ്രുവീകരണം ശക്തമാകാന്‍ സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍, ഒലിക്കുന്ന മണ്ണ് പിടിച്ചുനിര്‍ത്താന്‍ മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെയുള്ള ബ്രാഞ്ച് കമ്മിറ്റികളോ, തെറ്റായ കണക്കുകള്‍ പതിവായി സമര്‍പ്പിക്കുന്ന ജില്ലാ കമ്മിറ്റികളോ മതിയാകില്ലെന്ന തിരിച്ചറിവ് ഉണ്ടാകേണ്ട അവസരമാണിത്. ചെറ്റത്തരത്തെക്കുറിച്ച് പ്രബന്ധം രചിക്കാനും ന്യൂനപക്ഷ വോട്ടുകള്‍, വേണ്ടത്ര കിട്ടാതിരുന്നതിനെക്കുറിച്ച് കുണ്ഠിതപ്പെടാനുമാണ് മിനക്കെടുന്നതെങ്കില്‍, കേരളം ബംഗാളാക്കണമെന്ന പഴയ ആഗ്രഹം പുതിയ ഭാവത്തില്‍ നടപ്പാക്കപ്പെടുന്ന കാഴ്ച കണ്ട് സംതൃപ്തി അടയാനാകും. അതിന് അധികകാലം കാത്തിരിക്കേണ്ടിവരില്ല. വര്‍ഗവിശകലനം തുടരാന്‍ പാര്‍ട്ടി ഓഫീസുകളുണ്ടാകുമെന്ന ആശ്വാസം ബംഗാളിനെ അപേക്ഷിച്ച് കേരളത്തിലുണ്ടാകും.