ഗണേഷിനെ മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന അഭിപ്രായത്തോട് യോജിപ്പില്ല: വെള്ളാപ്പള്ളി

Posted on: May 23, 2014 12:13 am | Last updated: May 23, 2014 at 12:13 am

കൊല്ലം: ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന ആര്‍ ബാലകൃഷ്ണ പിള്ളയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാറിന് ഒരാളുടെ ഭൂരിപക്ഷമുള്ളതിനാല്‍ എന്തും സാധിക്കാമെന്ന വിചാരമാണ് ഈ കളി തുടങ്ങാന്‍ പിള്ളയെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ അതല്ല സ്ഥിതി. ഗണേഷ് കുമാറിനെ മന്ത്രിയാക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ബാലകൃഷ്ണ പിള്ളയാണ്. ഇപ്പോള്‍ മന്ത്രിയാക്കണമെന്ന് പറയുന്നതും അദ്ദേഹമാണ്. ആദ്യത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് മാന്യതക്ക് നല്ലത്. പൊതുജനം എന്നും കഴുതകളാണെന്നു വിചാരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈ വര്‍ഷം മൂന്ന് സ്ഥലങ്ങളില്‍ വെറ്ററിനറി ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കും. എസ് എന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചാത്തന്നൂരിലും എസ് എന്‍ ഡി പി യോഗത്തിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി, പത്തനംതിട്ട എന്നിവിടങ്ങളിലുമാണ് വെറ്ററിനറി കോളജുകള്‍ തുടങ്ങുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.