ഫാക്ട്: സാമ്പത്തിക രക്ഷാ പാക്കേജ് പുതിയ മന്ത്രിസഭക്ക് മുമ്പില്‍ സമര്‍പ്പിക്കും

Posted on: May 23, 2014 12:43 am | Last updated: May 22, 2014 at 10:43 pm

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസര്‍ ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (ഫാക്ട്) സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായുള്ള സാമ്പത്തിക രക്ഷാ പാക്കേജ് പുതിയ കേന്ദ്ര മന്ത്രിസഭക്കു മുന്നില്‍ സമര്‍പ്പിക്കുമെന്ന് സി എം ഡി ജയ്‌വീര്‍ ശ്രീവാസ്തവ വ്യക്തമാക്കി. പുതിയ മന്ത്രിസഭ അധികാരമേറ്റാലുടന്‍ പ്രധാനമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് ഫാക്ടിന്റെ അമ്പലമേട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭക്ക് പാക്കേജ് പരിഗണിക്കാന്‍ കഴിയാതിരുന്നത് നിര്‍ഭാഗ്യകരമാണ്. നിലവില്‍ കമ്പനിക്ക് കുറച്ചു ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഉത്പന്നങ്ങള്‍ക്കുള്ള ട്രേഡ് അഡ്വാന്‍സും നേരത്തെ കിട്ടാനുണ്ടായിരുന്ന സബ്‌സിഡിയില്‍ ഒരു ഭാഗം ലഭിച്ചതുമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഫാക്ട് നടത്തിക്കൊണ്ടു പോകുന്നത് ഈ ഫണ്ടുപയോഗിച്ചാണ്. പക്ഷേ സുഗമമായ ഒരു സഞ്ചാരമാണിതെന്ന് പറയാന്‍ കഴിയില്ല. പാക്കേജ് ലഭിച്ചാല്‍ മാത്രമേ കമ്പനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയൂ.
ഫാക്ടിന്റെ ചരക്കുകള്‍ റെയില്‍വേ വഴി കൊണ്ടുപോകുന്നതിന് പ്രത്യേക ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ചരക്കുകള്‍ കൊണ്ടുപോകുമ്പോള്‍ ഇളവ് വേണമെന്ന് നിര്‍ബന്ധമില്ല. ഫാക്ട് ആര്‍സിഫ് ബില്‍ഡിംഗ് പ്രൊഡക്ട്‌സ് ലിമിറ്റഡ്(എഫ് ആര്‍ ബി എല്‍)നിര്‍മിക്കുന്ന പുതിയ ഉത്പന്നമായ ഫ്രീഫാബ് ജിപ്‌വാള്‍ പാനലുകള്‍ വലിയ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. ഒരു വര്‍ഷം 14 ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ പാനലുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റുകളാണ് ഇതിനായി തയ്യാറായിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും നിരവധി ആവശ്യക്കാര്‍ ഇതിനുണ്ട്. ഇതിന്റെ വ്യാവസായിക ഉത്പാദനം ഉടനെ ആരംഭിക്കും.