സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന് ആഭ്യന്തര മന്ത്രി

Posted on: May 23, 2014 6:00 am | Last updated: May 22, 2014 at 10:42 pm

തിരുവനന്തപുരം: വായ്പാനയം സംബന്ധിച്ച റിസര്‍വ് ബേങ്ക് നിബന്ധനകള്‍ പാലിക്കാത്ത സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ക്ക് കത്തയച്ചു. വായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ ലളിതമാക്കാന്‍ ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ വായ്പ നല്‍കിയ പണം ഇടാക്കാന്‍ അതിക്രൂരമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇക്കൂട്ടര്‍ സാധാരണക്കാരന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്നതിനു പുറമേ, സംസ്ഥാനത്തിന്റെ സാമ്പത്തിക നിലക്ക് ഭീഷണിയാകുന്ന തരത്തില്‍ സമാന്തര സമ്പദ്‌വ്യവസ്ഥ നടപ്പാക്കുകയും ചെയ്യുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട അനേകം വിവരങ്ങളും രേഖകളും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ബേങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനുള്ള കാലതാമസവും നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും വായ്പ ആവശ്യമുള്ളവരുടെ നിസ്സഹായാവസ്ഥയുമാണ് ഇത്തരം അനധികൃത സ്ഥാപനങ്ങള്‍ മുതലെടുക്കുന്നത്. കേരളത്തിലെ ബേങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കൃത്യമായ വ്യവസ്ഥകളുടെയും മേല്‍നോട്ടത്തിന്റെയും അഭാവത്തിലാണെന്ന് പോലിസിന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. റിസര്‍വ് ബേങ്ക് സമയാസമയങ്ങളില്‍ പുറത്തിറക്കുന്ന നിബന്ധനകള്‍ ബേങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. പലിശ നിരക്ക് ഉള്‍പ്പെടയുള്ള കാര്യങ്ങളും കാലാകാലങ്ങളില്‍ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളും ഉപഭോക്താക്കളെ അറിയിക്കണമെന്ന് നിലവില്‍ വ്യവസ്ഥയുണ്ടെങ്കിലും ഒരു പറ്റം സ്ഥാപനങ്ങള്‍ ഫെയര്‍ പ്രാക്ടീസ് കോഡ് ഉള്‍പ്പടെ പാലിക്കാന്‍ തയ്യാറാകുന്നില്ല. ഉപഭോക്താക്കളില്‍ നിന്ന് കൊള്ളപ്പലിശ ഈടാക്കുകയും പണം ഇടാക്കാന്‍ നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.
ഒരിക്കല്‍ ഇവരുമായി ഇടപാട് നടത്തുന്നവര്‍ രക്ഷപ്പെടാനാകാത്ത വിധം കടക്കെണിയില്‍ അകപ്പെടുകയാണ്. ഓംബുഡ്‌സ്മാന്‍ പോലെ നിയമപരമായ പിന്‍ബലമുള്ള മേല്‍നോട്ട സംവിധാനങ്ങളുടെ അഭാവം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതിനാല്‍, സംസ്ഥാനത്തെ ബേങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ റിസര്‍വ് ബേങ്ക് മുന്നോട്ടു വരണം. കേരള അമിത പലിശ ഈടാക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ബേങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ പലിശ നിശ്ചയിക്കുന്നതിന് റിസര്‍വ് ബേങ്ക് ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.