മാവോയിസ്റ്റ് സാന്നിധ്യം; വനപാലകരുടെ തൊഴില്‍ സുരക്ഷക്ക് നടപടികളായില്ല

Posted on: May 23, 2014 4:39 am | Last updated: May 22, 2014 at 10:41 pm

കേരളത്തിന്റെ അതിര്‍ത്തി വനപ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടും വനപാലകരുടെ തൊഴില്‍ സംരക്ഷണ നടപടികള്‍ അനിശ്ചിതത്വത്തില്‍.

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഓഫീസര്‍, റിസര്‍വ് വാച്ചര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് വനപാലകര്‍ ജോലി ചെയ്യുന്നത്. വന മേഖലകളില്‍ താമസിക്കുന്ന ആദിവാസി ജന വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാറിനെതിരെയുള്ള സമരമായി തിരിച്ചുവിടാന്‍ മാവോയിസ്റ്റുകള്‍ക്ക് സാധിക്കുമെന്നതിനാലാണ് അതിര്‍ത്തി വനങ്ങളില്‍ ഇവര്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് വന സംരക്ഷണ വിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് നിലമ്പൂര്‍ നോര്‍ത്ത്, വയനാട് സൗത്ത്, നോര്‍ത്ത് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വനമേഖലകളിലാണ് മാവോയിസ്റ്റ് സാന്നിധ്യം ഇപ്പോഴും നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വനപാലകരുടെ തൊഴില്‍ സുരക്ഷക്ക് ആവശ്യമായ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുകയാണെന്നാണ് ആക്ഷേപം.
മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ നേരിടാന്‍ പോലീസിന്റെയും വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സേവനം ഫലപ്രദമാക്കണമെന്നാണ് വനപാലകരുടെ ആവശ്യം.
കേരളത്തില്‍ വനത്തിന്റെ വിസ്തീര്‍ണത്തിനനുസരിച്ച് വനപാലകരുടെ എണ്ണം വര്‍ധിക്കാത്തതാണ് പ്രധാന പ്രശ്‌നം. സംസ്ഥാനത്ത് മൊത്തം 11,583 സ്‌ക്വയര്‍ കിലോമീറ്റര്‍ വന പ്രദേശമാണുള്ളത്. നിലവിലുള്ള ജീവനക്കാരാകട്ടെ 3,875 പേരും. ഈ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി ഇത്രയും വരുന്ന വനമേഖലയുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു. വനപാലകരുടെ എണ്ണം വര്‍ധിപ്പിക്കുകയും കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കുകയും ചെയ്യണമെന്ന ആവശ്യം ഇതുവരെയും അംഗീകരിച്ചിട്ടില്ല.
നിയമനം ലഭിക്കുന്ന ജീവനക്കാര്‍ നിര്‍ഭയമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാല്‍ ഈ തൊഴില്‍ ഉപേക്ഷിച്ച് മറ്റു താഴ്ന്ന ജോലികള്‍ തേടി പോകുകയാണ്.
പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി നിയോഗിച്ച മാധവ് ഗാഡ്ഗില്‍, ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ പേരില്‍ നടന്ന സമരങ്ങളുടെ മറവില്‍ വനപാലകരെയും വനം വകുപ്പ് ഓഫീസുകള്‍ക്ക് നേരെയും ഭീകരമായ അക്രമങ്ങളാണ് നടന്നത്. താമരശ്ശേരി, കൊട്ടിയൂര്‍, കാട്ടിക്കുളം, വരയാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വനം ഓഫീസുകള്‍ അഗ്നിക്കിരയാക്കിയതിലൂടെ അഞ്ച് കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടായത്.
കര്‍ഷകരും വനപാലകരും തമ്മിലുള്ള സംഘര്‍ഷവും വര്‍ധിച്ചുവരുന്നുണ്ട്. പലപ്പോഴും വനപാലകരെ കര്‍ഷകര്‍ ബന്ദിയാക്കുന്ന സാഹചര്യമാണുള്ളതെന്ന് വനപാലകരുടെ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. വന്യമൃഗങ്ങളുടെ ശല്യം മൂലമുണ്ടാകുന്ന കാര്‍ഷിക വിളകളുടെ നഷ്ടത്തിനും വളര്‍ത്തുമൃഗങ്ങളുടെ മരണത്തിനും ഇപ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ മിക്കവയും ശോച്യാവസ്ഥയിലാണ്. വെള്ളം, വൈദ്യുതി എന്നിവ മിക്ക ക്വാര്‍ട്ടേഴ്‌സുകളിലും ലഭിക്കുന്നില്ല.
വനപാലകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ജീവനക്കാര്‍.