Connect with us

Gulf

മണ്ണിനേയും മനുഷ്യനെയും മറക്കാതെ വിനോദ് നമ്പ്യാര്‍

Published

|

Last Updated

New Image

ആകാശവാണിയിലെ ഏറ്റവും ജനപ്രിയ പരിപാടികളിലൊന്നായിരുന്നു “കൃഷിപാഠം”. കേരളത്തിലെ കര്‍ഷകരില്‍ വലിയൊരു വിഭാഗം റേഡിയോ വാങ്ങിയത് തന്നെ കൃഷിപാഠം കേള്‍ക്കാനായിരുന്നു. എന്തൊക്കെ വളം ഏതൊക്കെ കാലത്ത് എങ്ങിനെയൊക്കെ എന്ന് ആ പരിപാടിയിലൂടെ അവര്‍ അറിഞ്ഞു. അത് അവതരിപ്പിച്ചിരുന്നത്, ഇന്ന് യു എ ഇ എക്‌സ്‌ചേഞ്ചില്‍ ബിസിനസ് അസോസിയേഷന്‍സ് ആന്‍ഡ് ഈവന്റ്‌സ് മേധാവിയായ വിനോദ് നമ്പ്യാര്‍.
പയ്യന്നൂര്‍ സ്വദേശിയായ വിനോദ് നമ്പ്യാര്‍, മലപ്പുറത്ത് കൃഷി ഉദ്യോഗസ്ഥനായിരുന്നു. മലപ്പുറത്ത് ചില പഞ്ചായത്തുകളില്‍ കാര്‍ഷിക വിപ്ലവം നടത്തിയതും വിനോദും കൂട്ടരുമാണ്. കാര്‍ഷിക വകുപ്പില്‍ കൃഷിക്കാര്‍ക്ക് ധനസഹായങ്ങളുണ്ട്. അത് വിതരണം ചെയ്യുന്നത്, കൃഷി കാര്യാലയങ്ങള്‍ വഴി. പലപ്പോഴും യഥാര്‍ഥ കര്‍ഷകര്‍ക്കല്ല ധനസഹായം ലഭിക്കാറുള്ളത്. മലപ്പുറത്തെങ്കിലും ഇതിന് മാറ്റം വരുത്താന്‍ വിനോദിന് കഴിഞ്ഞു. കിണര്‍ കുഴിക്കാനും വളമിടാനും സഹായം ചോദിച്ച് എത്തുന്നവരെ വിനോദ് നിരാശപ്പെടുത്തിയില്ല.
ദീര്‍ഘ അവധിയെടുത്താണ് യു എ ഇ എക്‌സ്‌ചേഞ്ചില്‍ ജോലിക്കെത്തിയത്. എന്നാല്‍, കേരളത്തിലെ കാര്‍ഷിക മേഖലയുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നു. കൃഷിമന്ത്രി കെ പി മോഹനന്‍ പലപ്പോഴും ഉപദേശം തേടി വിനോദിനെ വിളിക്കാറുണ്ട്.
യു എ ഇ എക്‌സ്‌ചേഞ്ചില്‍ ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വിനോദ് മുന്‍പന്തിയിലുണ്ട്.
ഒരു ബംഗ്ലാദേശി യുവാവ് ആരുമറിയാതെ ദീര്‍ഘ നാള്‍ ആശുപത്രിയിലായിരുന്നു. കുടുംബത്തിന് ഇദ്ദേഹം എവിടെ ആണെന്ന് അറിയില്ലായിരുന്നു. യു എ ഇ എക്‌സ്‌ചേഞ്ചിലെ റെമിറ്റന്‍സ് റിക്കോര്‍ഡ് ചികഞ്ഞ്, ഇദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടെത്തുകയും സാമ്പത്തിക സഹായ പദ്ധതി ഒരുക്കുകയും ചെയ്തു.
യു എ ഇ എക്‌സ്‌ചേഞ്ചിനുവേണ്ടി നിരവധി തൊഴിലാളി ക്യാമ്പുകളില്‍ വിനോദ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണവും രക്തദാന ക്യാമ്പുകളും അതില്‍ ഉള്‍പ്പെടുന്നു.