അറബ് മീഡിയാ ഫോറത്തില്‍ ഹൃദയം കവര്‍ന്ന് ശൈഖ് മുഹമ്മദ്‌

Posted on: May 22, 2014 7:55 pm | Last updated: May 22, 2014 at 7:37 pm

New Image

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറബ് മീഡിയാ ഫോറത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഹൃദയം കവര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരോട് സ്വതന്ത്രമായി ആശയവിനിമയം നടത്താന്‍ ശൈഖ് മുഹമ്മദ് മടികാട്ടിയില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കു ഒരുക്കിയ സൗകര്യങ്ങള്‍ ശൈഖ് മുഹമ്മദ് നേരിട്ട് വിലയിരുത്തുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2,000 ഓളം മാധ്യമ പ്രവര്‍ത്തകരാണ് എത്തിയത്. കഴിഞ്ഞ ദിവസം ഉദ്ഘാടന സെഷന് പുറമെ, ഇന്നലെയും ശൈഖ് മുഹമ്മദിന്റെ സാന്നിധ്യമുണ്ടായിരുന്നു. അറബ് മാധ്യമ പ്രവര്‍ത്തകര്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് ഇന്നലെ സംസാരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അലി ബിന്‍ തമീം, അമ്മാര്‍ ബക്കര്‍, മുസ്തഫ ആഗ, വസീം യൂസുഫ്, ലൈലാനെ ദാവൂദ് എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്നത്. മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനമാണ് ഇതിനുള്ള മറുമരുന്ന്- അവര്‍ അഭിപ്രായപ്പെട്ടു.