തൃശൂര്‍ നഗരത്തില്‍ ക്ഷേത്രത്തിന്റെ സ്‌ട്രോംഗ് റൂം കുത്തിപ്പൊളിച്ച് കവര്‍ച്ച

Posted on: May 22, 2014 6:33 am | Last updated: May 22, 2014 at 6:35 pm

തൃശൂര്‍: നഗരത്തില്‍ ക്ഷേത്രത്തിന്റെ സ്‌ട്രോംഗ് റൂം കുത്തിപ്പൊളിച്ച് കവര്‍ച്ച. ഈസ്റ്റ് പൊലീസ് സ്റ്റേഷനും കണ്‍ട്രോള്‍ റൂമിനും തൊട്ടടുത്തുള്ള പട്ടാളം റോഡ് മാരിയമ്മന്‍ ക്ഷേത്രത്തിലാണ് കവര്‍ച്ച.ഏഴ് പവന്‍ നഷ്ടമായിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ക്ഷേത്രപൂജാരി നട തുറക്കാന്‍ എത്തിയപ്പോഴാണ് സ്‌ട്രോംഗ് റൂമിന്റെ വാതില്‍ തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനിയിലാണ് സ്‌ട്രോംഗ് റൂമിലുണ്ടായിരുന്ന ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്റ്റീല്‍ അലമാര കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. ഈ സ്‌ട്രോംഗ് റൂമിലെ സ്റ്റീല്‍ അലമാരയില്‍ പല ചെപ്പുകളിലായാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഈ ചെപ്പുകളെല്ലാം തുറന്ന് ആഭരണങ്ങളെടുത്ത ശേഷം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഒരു കാശിമാല, ഒരു നക്ലൈസ്, രണ്ട് വളകള്‍, സ്വര്‍ണപ്പൊട്ടുകള്‍, താലികള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. തൃശൂര്‍ എ സി. പി ഹരിശങ്കര്‍, ഈസ്റ്റ് സി ഐ ബിജു, എസ് ഐ ലാല്‍കുമാര്‍, സയന്റിഫിക് വിദഗ്ധ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.