Connect with us

Palakkad

നികുതി വെട്ടിപ്പ് തടയാന്‍ ഇന്റലിജന്‍സ് ഓഫീസ് തുറക്കുന്നു

Published

|

Last Updated

പാലക്കാട്: നികുതി വെട്ടിപ്പു തടയാന്‍ വാളയാര്‍ ചെക് പോസ്റ്റിനു സമീപം വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫിസ് തുറക്കുന്നു. വാണിജ്യ നികുതി ചെക്‌പോസ്റ്റില്‍ വന്‍ നികുതിവെട്ടിപ്പ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചെക്‌പോസ്റ്റിനു സമീപം തന്നെയാണ് ഓഫിസ് ഒരുങ്ങുന്നത്. പിടിച്ചെടുത്ത ചരക്കുകള്‍ സൂക്ഷിക്കാന്‍ ഓഫിസിനു താഴെ ഗോഡൗണ്‍ നിര്‍മിക്കുന്നുണ്ട്. പിടിച്ചെടുത്ത ചരക്കുകള്‍ സൂക്ഷിക്കാന്‍ നിലവില്‍ സൗകര്യമില്ല. ജൂണ്‍ അവസാനത്തോടെ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കാനാകുമെന്നു വാണിജ്യ നികുതി കമ്മിഷണര്‍ പി എസ് സോമന്‍ അറിയിച്ചു. ചെക് പോസ്റ്റിലെത്തുന്ന വാഹനങ്ങളെ വിശദമായി പരിശോധിക്കാന്‍ രണ്ട് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. കണ്ടെയ്‌നര്‍ കൊണ്ടുവരുന്നതടക്കമുള്ള വലിയ വാഹനങ്ങളിലെ ചരക്കുകള്‍ വിശദമായി പരിശോധിക്കാന്‍ നിലവില്‍ സൗകര്യങ്ങളില്ല. ഉദ്യോഗസ്ഥരുടെ കുറവും പരിശോധനയെ ബാധിക്കുന്നുണ്ട്. പാര്‍സല്‍ കമ്പനികളുടെ വാഹനങ്ങളാണ് കൂടുതലും കണ്ടെയ്‌നറുകളിലെത്തുന്നത്. വിശദമായി പരിശോധിക്കാനുള്ള അസൗകര്യം മൂലം പാര്‍സല്‍ കമ്പനി അധികൃതര്‍ കൊണ്ടുവരുന്ന ബില്ലില്‍ സീല്‍ വച്ചു വാഹനം കടത്തിവിടുകയാണു പതിവ്. 17നു വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 7.15 കോടിയുടെ നികുതി വെട്ടിപ്പു കണ്ടെത്തിയിരുന്നു. ഓഫിസ് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇത്തരത്തിലുള്ള നികുതി വെട്ടിപ്പുതടയാനാകുമെന്ന് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെക് പോസ്റ്റിലെ ഓഫിസിനകത്തും പുറത്തും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാനും നടപടിയായിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി ചെക്‌പോസ്റ്റ് സന്ദര്‍ശനത്തിനെത്തിയ മന്ത്രി കെ എം മാണി അറിയിച്ചിരുന്നു.

 

Latest