ഓട്ടോ തടഞ്ഞ് കൊള്ളയടിക്കാന്‍ ശ്രമം: ഡ്രൈവര്‍ക്ക് വെട്ടേറ്റു

Posted on: May 22, 2014 6:28 am | Last updated: May 22, 2014 at 6:28 pm

പാലക്കാട്: പാല്‍ സൊസൈറ്റിയിലേക്കുള്ള പണം ബേങ്കില്‍ നിന്നും പിന്‍വലിച്ച് ഓട്ടോറിക്ഷയില്‍ വരുന്നതിനിടെ വണ്ടി തടഞ്ഞ് കൊള്ളയടിക്കാന്‍ ശ്രമം. തടയാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് വെട്ടേറ്റു. പരുക്ക് സാരമുള്ളതല്ല. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സൊസൈറ്റി ജീവനക്കാരിയുടെ ബാഗ് മാറിയെടുത്തതിനാല്‍ പണം നഷ്ടപ്പെട്ടില്ല. ഇന്നലെ പകല്‍ മുതലമട കരിമന്ദംകാട് നീളിപ്പാറയിലാണ് സംഭവം.
ഓട്ടോറിക്ഷ ഡ്രൈവര്‍ ഗോവിന്ദാപുരം പരുത്തിക്കാട് മുത്തലിയുടെ മകന്‍ ഷെയ്ഖ് മുസ്തഫ(48)ക്കാണ് പരുക്കേറ്റത്. കൈയില്‍ വെട്ടേറ്റ ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതലമട സഹകരണ ബേങ്കില്‍ നിന്നും പിന്‍വലിച്ച പണവുമായി ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ നാലംഗ സംഘം കൊള്ളയടിക്കാന്‍ ശ്രമിച്ചത്. അപ്രതീക്ഷിതമായി ബൈക്ക് ഓട്ടോറിക്ഷക്ക് മുന്നില്‍ നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു. ഓട്ടോയില്‍ നിന്നും ഇറങ്ങിയ ഷെയ്ഖ് മുസ്തഫ അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈക്ക് വെട്ടേറ്റത്.
ഈ സമയം, ഓട്ടോറിക്ഷയില്‍ സൊസൈറ്റി സെക്രട്ടറിയും രണ്ട് വനിതാ ജീവനക്കാരും ഉണ്ടായിരുന്നു. ഇതില്‍ ഒരു ജീവനക്കാരിയുടെ ഭക്ഷണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് സംഘം രക്ഷപ്പെട്ടു.
ബാഗ് മാറിപ്പോയതിനാല്‍ പത്ത് ലക്ഷത്തോളം രൂപയടങ്ങിയ ബാഗ് സുരക്ഷിതമായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഷെയ്ഖ് മുസ്തഫയുടെ ഓട്ടോറിക്ഷയിലാണ് പണം എടുത്തുവരാറുള്ളത്. ഇത് കൃത്യമായി നിരീക്ഷിച്ചവരാണ് കൊള്ളയടിക്കാന്‍ പദ്ധതിയിട്ടതെന്നാണ് കരുതുന്നത്.
പണം നഷ്ടപ്പെടാത്തതിനാല്‍ സൊസൈറ്റി പരാതി നല്‍കിയിട്ടില്ല. പരുക്കേറ്റ ഷെയ്ഖ് മുസ്തഫയുടെ പരാതിപ്രകാരം കൊല്ലങ്കോട് പോലീസ് കേസെടുത്തു.