Connect with us

Palakkad

ജില്ലയില്‍ എല്‍ പി ജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നു; പൊതുതെളിവെടുപ്പ് നടത്തി

Published

|

Last Updated

പാലക്കാട്: ഭാരത് പെട്രോളിയം കമ്പനിയുടെ കൊച്ചി ടെര്‍മിനലിനേയും കോയമ്പത്തൂര്‍ ടെര്‍മിനലിനേയും ബന്ധിപ്പിക്കുന്ന എല്‍ പി ജി പൈപ്പ് ലൈന്‍ ജില്ലയില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതു തെളിവെടുപ്പ് നടത്തി. പഞ്ചായത്ത് തലത്തില്‍ യോഗം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റിയശേഷം മാത്രമേ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയുളളൂവെന്ന് എ ഡി—എം. എന്‍ കെ ആന്റണി ഉറപ്പു നല്‍കി. പദ്ധതി നടത്തിപ്പിനായി ജനവാസമേഖല, കൃഷി ഭൂമി എന്നിവ ഒഴിവാക്കും. 5- 10 സെന്റ് ഭൂമി കൈവശമുള്ള കര്‍ഷകരെ ബാധിക്കാത്ത രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. പി ആന്റ് എം പി ആക്ട് നിര്‍ദേശ പ്രകാരമുള്ള 640 മീറ്റര്‍ സുരക്ഷാ ദൂരപരിധി പാലിക്കും. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പൈപ്പ് ലൈന്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും പദ്ധതിയുടെ സാങ്കേതിക കാര്യങ്ങളെക്കുറിച്ചും അപകടമുണ്ടായാല്‍ പരിഹരിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചും കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഭാരത് പെട്രോളിയം പദ്ധതി മേധാവി ഷാജു പറഞ്ഞു.
ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ കേരള സര്‍ക്കാരിന്റെ ഊര്‍ജശ്രീ പദ്ധതി നടപ്പാക്കണമെന്നും ജില്ലയില്‍ ലഭ്യമായ ബയോഗ്യാസ്, വിറക് തുടങ്ങിയ ഇന്ധന സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കുകൂടി വിശ്വാസയോഗ്യമായ സംവിധാനം ഉപയോഗിച്ച് പദ്ധതി പ്രദേശത്ത് പാരിസ്ഥിതികാഘാത പഠനം നടത്തണം. ജനവാസമുള്ള പ്രദേശങ്ങള്‍ മാറ്റി നിര്‍ത്തി നാഷണല്‍ ഹൈവേയുടേയോ, റെയില്‍ പാതയുടെയോ ഇരുവശങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ കൃഷിയേയും ജനജീവിതത്തേയും ബാധിക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. കണ്ണാടിയിലുള്ള തന്റെ കൃഷി ഭൂമിയില്‍ 2012ല്‍ സി സി കെ സ്ഥാപിച്ച പൈപ്പ് ലൈന്‍ കാരണം ആ പ്രദേശത്തെ കുളങ്ങളും കിണറുകളും വറ്റിയെന്ന് യോഗത്തില്‍ പങ്കെടുത്ത കര്‍ഷകന്‍ പറഞ്ഞു. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വികസനം കര്‍ഷകര്‍ക്ക് ആവശ്യമില്ലെന്നും ഇവ നെല്‍കൃഷിയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനം നടപ്പാക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ആഴത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമൂലം, ജലനിരപ്പ് താഴും. പാലക്കാടിന്റെ നെല്‍കൃഷി അന്യം നിന്നു പോകും. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത കൂടി വികസനം നടപ്പാക്കുമ്പോള്‍ ചിന്തിക്കണം. ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രദേശവാസികളെ അറിയിച്ചിട്ടില്ലെന്ന് എലപ്പുള്ളിയിലെ കര്‍ഷകന്‍ ചെന്താമര പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ ബോധവത്കരണം നടത്തി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൃഷി ഭൂമി നശിപ്പിക്കുന്ന ഒരു വികസനത്തിനും തയ്യാറല്ലെന്ന് കര്‍ഷകര്‍ കൂട്ടായി അറിയിച്ചു. പൊതുതെളിവെടുപ്പില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് റീജ്യനല്‍ ഓഫീസിലെ സീനിയര്‍ എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ സി വി ജയശ്രീ, ജില്ലാ അസി. എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ എം എന്‍ കൃഷ്ണന്‍, ഡെ. കലക്ടര്‍ എം ഹംസ, ബി പി സി എല്‍ എക്‌സി. ഡയറക്ടര്‍ പ്രസാദ് പണിക്കര്‍, പൈപ്പ്‌ലൈന്‍ പ്രോജക്ട് ഡി ജി എം നാരായണന്‍, പദ്ധതി മേധാവി ഷാജു എന്നിവര്‍ പങ്കെടുത്തു. കര്‍ഷകരെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീനിവാസന്‍, ശെല്‍വരാജ്, മുരുകാനന്ദന്‍, നാരായണന്‍ കുട്ടി, മുതലാംതോട് മണി, ചെന്താമര സംസാരിച്ചു

Latest