അനധികൃത ക്വാറികള്‍ സജീവം; അധികൃതര്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നുവെന്ന്‌

Posted on: May 22, 2014 6:26 am | Last updated: May 22, 2014 at 6:26 pm

മണ്ണാര്‍ക്കാട്: മേഖലയില്‍ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവം. താലൂക്കിലെ അട്ടപ്പാടി മേഖലകളിലും കാഞ്ഞിരപ്പുഴ, തച്ചനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചമ്പാറ തുടങ്ങിയ പഞ്ചായത്തുകളിലുമാണ് അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.
ദിനം പ്രതി നൂറ് കണക്കിന് ലോഡ് കരിങ്കല്ലും ചെങ്കല്ലുമാണ് ഇവിടുങ്ങളില്‍നിന്ന് കടത്തികൊണ്ട് പോകുന്നത്. നിലവില്‍ ലൈസന്‍സില്ലാത്ത ഇവയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഒന്നുമറിയാത്ത ഭാവമാണ് അധികൃതര്‍ക്കുളളത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്തുന്ന ഇത്തരം ഖനനം ഏറെ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. പല ക്വാറികളുടെയും പ്രവര്‍ത്തനം സമീപ വാസികള്‍ക്ക് ഭീഷണിയാവുന്നതായും ആരോപണമുണ്ട്. സമീപത്തെ വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും പറയുന്നു. ഉപ്പുകുളത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരെ ജന രോഷമുയര്‍ന്നിട്ടും അധികൃതര്‍ അനങ്ങാപാറ നയം സ്വീകരിക്കുകയാണെന്നും പരാതിയുണ്ട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നപക്ഷം ഇത്തരം ക്വാറികളുടെ പ്രവര്‍ത്തനം നിലക്കുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ വരുന്നതിനു മുമ്പ് ക്വാറികളില്‍ നിന്നും പരമാവധി മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖനനം ശക്തമായിരിക്കുന്നത്. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ തന്നെ അനുമതിയുടെ പരിധിയിലും അധികം ഖനനമാണ് നടക്കുന്നതത്രെ. കഴിഞ്ഞ ആറ് മാസത്തോളമായി കല്ല് കടത്തല്‍ സജീവമാണ്.
അനധികൃതമായി പ്രവര്‍ത്തിക്കുന്നത് മൂലം പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയാത്തതു മാത്രമല്ല സര്‍ക്കാറിനു ലഭിക്കേണ്ട നികുതി വരുമാനവും അതോടൊപ്പം ഇവക്കുളള നിയമപരമായുളള നിയന്ത്രണങ്ങളും നടപ്പാക്കാതെ പോവുകയാണ്. കൂടാതെ, വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ടിപ്പറുകള്‍ ചീറി പായുന്നത്. ഇത് മനുഷ്യ ജീവന് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ടിപ്പറുകള്‍ നഗരത്തില്‍ പ്രവേശിക്കേണ്ട സമയക്രമങ്ങള്‍ പാലിക്കുന്നില്ല. കൂടാതെ, പ്രദേശങ്ങളില്‍ നഗര ഗ്രാമ വിത്യാസ മില്ലാതെ കുന്നിടിച്ച് മണ്ണ് കടത്തലും വ്യാപകമാണ്.