കേന്ദ്ര ഫണ്ട് ലാപ്‌സായേക്കും

Posted on: May 22, 2014 12:36 am | Last updated: May 22, 2014 at 12:36 am

കല്‍പ്പറ്റ: വയനാട് ജില്ലക്ക് അനുവദിച്ച എന്‍ സി സി സെന്ററും മിലിട്ടറി ക്യാന്റീനും ആരംഭിക്കുന്നതില്‍ റവന്യൂ – സര്‍വേ വകുപ്പുകള്‍ക്ക് അലംഭാവം. എന്‍ സി സി കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്തിന്റെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലം അതിര്‍ത്തി തിരിച്ച് എന്‍ സി സിക്ക് കൈമാറുന്നതിലാണ് കാലതാമസം.
വയനാട് ബറ്റാലിയന്‍ അനുവദിച്ച് ആറ് മാസംമുമ്പാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് അറിയിപ്പ് പട്ടികവര്‍ഗ്ഗ ക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി താല്‍പ്പര്യമെടുത്താണ് കേന്ദ്ര ആഭ്യന്തരവകുപ്പില്‍നിന്ന് അനുവാദം വാങ്ങിയെടുത്തത്. കേന്ദ്രം സ്വന്തം മണ്ഡലത്തില്‍ സ്വന്തം പഞ്ചായത്തില്‍ ഈ കേന്ദ്രം ആരംഭിക്കുന്നതിന് സ്ഥലവും കണ്ടെത്തി. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയിലായിരുന്നു സ്ഥലം കണ്ടെത്തിയത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയതിനെ തുടര്‍ന്ന് എന്‍ സി സി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സി ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥ സംഘം മക്കിമല സന്ദര്‍ശിക്കുകയും സ്ഥലം സര്‍വ്വേ നടത്തി ഏറ്റവും ഉചിതമായ സ്ഥലമാണിതെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും സര്‍വ്വേ നടപടി പൂര്‍ത്തിയാക്കി എത്രയുംവേഗം സ്ഥലം കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്രപ്പോസല്‍ തയ്യാറാക്കി റവന്യൂ- സര്‍വ്വേ വകുപ്പുകള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ആറുമാസമായിട്ടും യാതൊരു നടപടി ഇക്കാര്യത്തിലുണ്ടായിട്ടില്ല.
എന്‍ സി സി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ പ്രദേശത്ത് റിസോര്‍ട്ട് നടത്തുന്ന ഒരു വ്യക്തി എതിര്‍പ്പുമായി വന്നിരുന്നു. പിന്നീട് ഇയാളുടെ നേതൃത്വത്തില്‍ മുനീശ്വരന്‍ കോവില്‍ ക്ഷേത്രത്തിന് സമീപമായതിനാല്‍ ഇവിടെ ബറ്റാലിയന്‍ ആരംഭിക്കാന്‍ പാടില്ലെന്ന് കാണിച്ച് പരാതിയുമുന്നയിച്ചു.
ഇവിടെ പട്ടാള സാന്നിദ്ധ്യമുണ്ടായാല്‍ തന്റെ ബിസിനസ് ഇത് എതിരാവുമെന്ന ഭയമാണ് ഇയാളുടെ എതിര്‍പ്പിന് കാരണമായത്. ഇയാളുടെ സ്വാധീനം മൂലമാണ് റവന്യൂ- സര്‍വേ വകുപ്പുകള്‍ സര്‍വ്വേ നടപടികള്‍ വൈകിപ്പിച്ചതെന്നാണ് ആരോപണം.
ഐക്യവും അച്ചടക്കവും എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമാണ് രാഷ്ട്രീയ കേഡറ്റ് കോര്‍ അഥവാ എന്‍ സി സി. കരസേന, വായുസേന, നാവികസേന എന്നീ മൂന്ന് സേനാ വിഭാഗങ്ങളിലെയും പ്രാഥമിക പരിശീലനമാണ് എന്‍ സി സി യില്‍ നല്‍കുന്നത്.
ഡിഫന്‍സ് സര്‍വ്വീസില്‍ കൂടാതെ അര്‍ധ സൈനിക വിഭാഗത്തിലും ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലും കൂടാതെ സംസ്ഥാനത്തെ പോലീസ്, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ യൂണിഫോം സര്‍വീസുകളില്‍ വെയിറ്റേജ് മാര്‍ക്കും ലഭിക്കും. പിന്നോക്ക ജില്ലയായ വയനാട്ടില്‍ പുതിയ ബറ്റാലിയന്‍ ആരംഭിക്കുന്നത് ഏറെ ഗുണം ചെയ്യുന്നതാണ്. ജില്ലയുടെ സാമൂഹ്യ പുരോഗതിക്കുള്ള ഇടപെടല്‍ നടത്തുവാനും പട്ടാള സാന്നിധ്യമുള്ളതിനാല്‍ മാവോയിസ്റ്റ് ഭീഷണി പോലുള്ളവ നേരിടാനും സാധിക്കും. ഇതുകൂടാതെ ബറ്റാലിയന്‍ ആരംഭിക്കുന്നതോടെ എന്‍ സി സി യൂണിറ്റ് ആരംഭിക്കാന്‍ നേരത്തെ അപേക്ഷ നല്‍കി കാത്തിരുന്ന 23 സ്‌കൂളില്‍ കൂടി എന്‍ സി സി യൂണിറ്റ് ആരംഭിക്കാന്‍ കഴിയും.
വയനാട്ടില്‍ മിലിറ്ററി ക്യാന്റീന്‍ ആരംഭിക്കണമെന്ന് ദീര്‍ഘനാളായി ആവശ്യമുണ്ടായിരുന്നു. ഈ ആവശ്യം പരിഗണിച്ച് ഒരു മിലിറ്ററി ക്യാന്റീനും ആരംഭിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതിനെല്ലാമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം സമയപരിധിക്കുള്ളില്‍ ചെലവഴിച്ചില്ലെങ്കില്‍ പാഴാകുമെന്ന് എന്‍ സി സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മക്കിമലയിലെ പ്രദേശവാസിയായ സ്വകാര്യ വ്യക്തിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഈ പ്രദേശത്തിനും മുനീശ്വരന്‍ കോവിലിനും എന്‍ സി സി കേന്ദ്രം ആരംഭിക്കുന്നത് ഗുണം ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി തിരുവനന്തപുരം കിഴക്കേകോട്ടയിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രത്തിന്റെ നടത്തിപ്പ് മിലിട്ടറി ഉദ്യോഗസ്ഥരാണെന്നും ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടത്തുന്നതും സേനാംഗങ്ങളാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.