ഡിയഗോ കോസ്റ്റക്ക് ഫൈനല്‍ നഷ്ടമായേക്കും

Posted on: May 22, 2014 12:29 am | Last updated: May 22, 2014 at 12:29 am

മാഡ്രിഡ്: ശനിയാഴ്ചയിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് തയ്യാറെടുക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡിന് അവരുടെ ഗോളടിയന്ത്രം ഡിയഗോ കോസ്റ്റയെ നഷ്ടമായേക്കും. സ്‌പെയ്‌നില്‍ ലാ ലിഗ കിരീട നിര്‍ണയപ്പോരില്‍ ബാഴ്‌സക്കെതിരെ പരുക്കേറ്റ കോസ്റ്റ ഫൈനല്‍ കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, പരുക്ക് ഭേദമാകാത്തതിനാല്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ക്ക് ഫൈനല്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം, അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയഗോ സിമിയോണി ശുഭാപ്തി വിശ്വാസം കൈവെടിയുന്നില്ല. കോസ്റ്റയുണ്ടാകും, എല്ലാം ശരിയാകും – സിമിയോണിയുടെ പ്രതികരണം ഇങ്ങനെയാണ്.
കോസ്റ്റയുടെ പരുക്ക് സ്‌പെയിന്‍ ലോകകപ്പ് ടീം കോച്ച് വിസെന്റ് ഡെല്‍ ബൊസ്‌കും ഉറ്റുനോക്കുകയാണ്. ബ്രസീലില്‍ ബ്രസീല്‍ വംശജനായ കോസ്റ്റയെ കൊണ്ട് ഗോളടിപ്പിക്കാനുള്ള തന്ത്രം മെനയുകയാണ് ഡെല്‍ ബൊസ്‌ക്. അപ്പോഴാണ് അപ്രതീക്ഷിതമായി പരുക്കിന്റെ കളി.
അത്‌ലറ്റിക്കോക്കായി 87 മത്സരങ്ങളില്‍ 57 ഗോളുകള്‍ നേടിയ കോസ്റ്റയുടെ മികവിലാണ് സിമിയോണി പതിനെട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അത്‌ലറ്റിക്കോയെ ലാ ലിഗ ചാമ്പ്യന്‍മാരാക്കിയത്. ബാഴ്‌സലോണക്കെതിരായ മത്സരത്തില്‍ പരുക്കേറ്റ് കയറിയപ്പോള്‍ കോസ്റ്റ മുഖം പൊത്തി കരഞ്ഞിരുന്നു. പരുക്കിന്റെ ഗൗരവം മനസ്സിലാക്കിയ കോസ്റ്റ തകര്‍ന്നു പോകുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ സ്വപ്‌നം കണ്ടായിരുന്നു കോസ്റ്റ സീസണില്‍ ഗോളടിച്ചു കൂട്ടിയത്. റയല്‍ മാഡ്രിഡ് ക്യാമ്പില്‍ നിന്ന് ശുഭവാര്‍ത്തകളാണുള്ളത്. പരുക്ക് ഭേദപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫൈനല്‍ കളിക്കുമെന്ന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി അറിയിച്ചു.